കോട്ടയം: കള്ളപ്പണം, ലഹരി, കള്ളക്കടത്ത്...എന്നിവയെല്ലാം യഥേഷ്ടം നടത്താനുള്ള മാർഗമായി അന്തർ സംസ്ഥാന ബസുകൾ. ലക്ഷങ്ങൾ വിലയുള്ള മാരക ലഹരി മരുന്നും രേഖകളില്ലാത്ത പണവുമെല്ലാം കടത്താനുള്ള പ്രധാന മാർഗമായി ക്രിമിനലുകൾ അന്തർ സംസ്ഥാന ബസുകളെ ഉപയോഗിക്കുകയാണ്.
സ്വന്തം വാഹനങ്ങളിലുള്ള കള്ളപ്പണ്ണം കടത്ത് ശ്രമകരമായതോടെയാണ് തിരക്കേറിയ ബസ് സർവീസുകളെ മാഫിയകൾ തിരഞ്ഞെടുക്കുന്നത്. കഴിഞ്ഞ വർഷം ഓണസയമത്ത് 1.67 കോടി രൂപ പിടിച്ചെടുത്തിരുന്നു. പിന്നീട് പരിശോധന നിലച്ചു. ഇന്നലെ എക്സൈസ് സംഘത്തിന്റെ വലയിലാണ് 72 ലക്ഷം രൂപയുമായി കുറവിലങ്ങാട്ടു വച്ച് രണ്ട് പേർ പിടിയിലായത്. ലഹരി മരുന്ന് കടത്ത് കണ്ടെത്തുന്നതിനായി എക്‌സൈസ് നടത്തിയ പരിശോധനയക്കിടെ യാദൃശ്ചികമായി കണ്ടെടുത്തതാണ് ഇത്രയും പണം. ഇതോടെ അന്തർ സംസ്ഥാന ബസുകളിൽ പരിശോധന പതിവാക്കണമെന്ന ആവശ്യവും ഉയരുന്നു.
പരിശോധന കുറവ് ,റിസ്‌കില്ല
പരിശോധന കുറവാണെന്നതാണ് കള്ളപ്പണം ബസിൽ കടത്താൻ കാരണം. ചെറുവാഹനങ്ങളിൽ കടത്തിയാൽ പണം പൊട്ടിക്കൽ സംഘങ്ങൾ ആക്രമിച്ച് കവരാനുള്ള സാദ്ധ്യത കൂടുതലാണ്. യാത്രാ ബസുകളിൽ അത്തരം റിസ്കില്ല. അപൂർവമായാണ് ബസുകളിൽ പരിശോധന. എപ്പോഴും ബസ് തടഞ്ഞു നിറുത്തിയുള്ള പരിശോധന യാത്രക്കാരുടെ പരാതിക്ക് കാരണമാകുമെന്നതിനാൽ പ്രയോഗികവുമല്ല. ഈ പഴുതുകളാണ് മാഫിയകൾ ഉപയോഗിക്കുന്നത്. വണ്ടിക്കൂലിയിനത്തിൽ പരമാവധി മൂവായിരം രൂപ മുടക്കിയാൽ കോടികളുടെ കള്ളപ്പണമോ ലഹരിയയോ കടത്താം. ഒരുപാട് ബാഗുകളുടെ കൂടെവയ്ക്കുന്നതിനാൽ ആരുടേതെന്ന് കണ്ടെത്തുകയും പ്രയാസം.
ബസുടമകൾക്കും അറിവ്
പാതി പോലും ആളുകളില്ലാതെ ബസുകൾ സർവീസ് നടത്തുന്നത് കള്ളക്കടത്തിന് വേണ്ടി മാത്രമെന്ന ആക്ഷേപവും ഉയർന്നിരുന്നു. ആളുകളുടെ എണ്ണം നോക്കിയാൽ ഡീസൽ കാശ് പോലും മുതലാവില്ലെങ്കിലും പതിവ് സർവീസ് മുടങ്ങിയിരുന്നില്ല. ബസുടമകളുടെ അറിവോടെ കള്ളക്കടത്ത് നടത്തുന്നെന്ന ആക്ഷേപവും ശക്തമാണ്.
ദുരുപയോഗം കൂടി
നികുതി വെട്ടിച്ച് ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ കടത്ത്
കള്ളപ്പണവും ലഹരിയും
തിരഞ്ഞെടുപ്പ് പ്രമാണിച്ച് കള്ളപ്പണം കടത്താൻ കൂടുതൽ സാദ്ധ്യത
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |