മുഖ്യമന്ത്രി സ്ഥാനം : നേതാക്കൾക്കായി അണികളുടെ പേക്കൂത്ത് തെരുവിൽ
മുഖ്യമന്ത്രിയാകാൻ കെ.സി.വേണുഗോപാലും, വി.ഡി.സതീശനും, രമേശ് ചെന്നിത്തലയും മത്സരിച്ച് അനുയായികളെ ഇറക്കി പ്രകടനവും ഫ്ലക്സ് ഉയർത്തലും വലിച്ചു കീറലുമായി യുദ്ധം മുറുകുമ്പോൾ ഈ പേക്കൂത്തുകൾ കാണുന്ന തങ്ങളെക്കൊണ്ട് മറ്റൊന്നും പറയിപ്പിക്കല്ലേയെന്നാണ് ചുറ്റുവട്ടത്തുള്ളവർക്ക് പറയാനുള്ളത്. തിരുവനന്തപുരത്ത് ഉമ്മൻചാണ്ടിയുടെ ചിത്രമുള്ള ഫ്ലക്സിലെ തല വരെ വെട്ടിമാറ്റി. പുതുപ്പള്ളിയിലെ കല്ലറയിലെത്തി ക്യാമറയ്ക്ക് പോസ് ചെയ്ത് മെഴുകുതിരി കത്തിച്ചുവയ്ക്കുന്നവരും പുഷ്പാർച്ചന നടത്തുന്നവരുമാണ് ഇതിന് പിന്നിലെങ്കിൽ കഷ്ടം എന്നേ പറയാനുള്ളൂ. പാവം ഉമ്മൻചാണ്ടി എന്തുപിഴച്ചു. കോൺഗ്രസുകാർ അങ്ങനെ ചെയ്യില്ല . ഇടതുപക്ഷക്കാരായിരിക്കുമെന്നാണ് മകൻ ചാണ്ടി ഉമ്മൻ ഇതേക്കുറിച്ച് പ്രതികരിച്ചത്. സി.സി.ടി.വി പരിശോധിച്ച് അങ്ങനെ ചെയ്തത് കോൺഗ്രസുകാരാണെങ്കിൽ കർശന നടപടി എടുക്കണമെന്നാണ് ഉമ്മൻചാണ്ടിയെ ഇന്നും നെഞ്ചിലേറ്റുന്നവർക്ക് പറയാനുള്ളത്.
കെ.സി വേണുഗോപാൽ, സതീശൻ, ചെന്നിത്തല, സണ്ണി ജോസഫ് എന്നിവരുടെ ചിത്രങ്ങൾ അടങ്ങുന്ന നിരവധി ഫ്ലക്സുകൾ തിരഞ്ഞെടുപ്പിന് മുമ്പ് കോട്ടയത്ത് പലയിടങ്ങളിൽ സ്ഥാപിച്ചിരുന്നു. ഇതിൽ കെ.സിയുടെ ഒരു ഡസനോളം ഫ്ലക്സിലെ തല വ്യാപകമായി വെട്ടി മാറ്റി. അതും ഡി.സി.സി ഓഫീസിന് മുന്നിലെ ബോർഡുകളിൽ വരെ. കോൺഗ്രസിൽ ചോദിക്കാനും പറയാനും ആരുമില്ലാത്ത അവസ്ഥയിൽ ഇതല്ല ഇതിനപ്പുറവും സംഭവിക്കാം.
ഉമ്മൻചാണ്ടി ജീവിച്ചിരുന്ന കാലത്ത് കോട്ടയം എ ഗ്രൂപ്പിന്റെ വത്തിക്കാനായിരുന്നു. മറ്റൊരു ഗ്രൂപ്പിന് ഇവിടെ ക്ലച്ച് പിടിക്കാനാകുമായിരുന്നില്ല. ഉമ്മൻചാണ്ടിയുടെ മരണ ശേഷം ഒപ്പമുണ്ടായിരുന്ന പല നേതാക്കളും എ ഗ്രൂപ്പുമായി മുന്നോട്ടു പോകാതെ കളംമാറി ചവിട്ടു. പലരും ഔദ്യോഗിക ഗ്രൂപ്പെന്ന് പറയുമ്പോഴും വി.ഡിയ്ക്കോ, ആർ.സിയ്ക്കോ കെ.സിയ്ക്കോ ഒപ്പം നിൽക്കുന്നുവെന്ന് പറയണമെങ്കിൽ കവടി നിരത്തി നോക്കണം. നിയമസഭ തിരഞ്ഞെടുപ്പിന് എ.ഐ.സി.സി ഫണ്ട് എത്തിച്ച് നൽകിയത് കെ.സി.വേണുഗോപാലായതിനാൽ ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ എന്നോണം കെ.സിയ്ക്കൊപ്പം ചാടിയ ജനപ്രതിനിധികളുണ്ട്. സതീശൻ മുഖ്യമന്ത്രിയാകുമെന്ന പ്രതീക്ഷയിൽ അങ്ങോട്ടു ചാടിയ ജില്ലാനേതാക്കളുമുണ്ട്. നേതൃത്വം കാഴ്ചക്കാരായി നിന്നതാണ് ഇരുട്ടിന്റെ മറവിൽ ഫ്ലക്സ് വയ്ക്കാനും തല വെട്ടിമാറ്റാനും പലരും തയ്യാറായെന്നാണ് വിമർശനം. ഇടതുഭരണത്തോടുള്ള മടുപ്പും ചില നേതാക്കളോടുള്ള വെറുപ്പും കാരണമാണ് യു.ഡി.എഫിന് നൂറിലേറെ സീറ്റ് വോട്ടർമാർ നൽകിയത്. മൂന്ന് മുഖ്യമന്ത്രി മോഹികൾ അനുയായികളെ തെരുവിലിറക്കി നടത്തുന്ന നാണംകെട്ട കളികൾ കാണുമ്പോൾ ഇവർക്ക് വോട്ടുചെയ്തുവെന്ന പാതകത്തിന് തങ്ങളെ ഇങ്ങനെ നാണം കെടുത്തണമോ എന്നാണ് നാട്ടുകാർക്ക് ചോദിക്കാനുള്ളത്.