പാലാ നഗരസഭ ഭരണം അട്ടിമറിക്കുമെന്ന് പ്രചരണം

Friday 22 May 2026 12:00 AM IST

പിൻവാതിൽ പണി നടക്കില്ലെന്ന് യു.ഡി.എഫ്

പാലാ : യു.ഡി.എഫിന്റെ നേതൃത്വത്തിലുള്ള പാലാ നഗരസഭ ഭരണം അട്ടിമറിക്കുമെന്ന പ്രസ്താവനകളുമായി ഒരുവിഭാഗം രംഗത്ത്. നിലവിൽ പ്രതിപക്ഷത്തുള്ള കേരള കോൺഗ്രസ് (എം) പ്രതിനിധികൾ യു.ഡി.എഫിലെ ചില പ്രതിനിധികൾക്ക് പിന്തുണ കൊടുത്ത് ഭരണം അട്ടിമറിക്കാനുള്ള സാദ്ധ്യതയുണ്ടെന്നാണ് കഴിഞ്ഞ ദിവസങ്ങളിൽ ചിലർ പ്രചരിപ്പിച്ചത്. എന്നാൽ ജനം തിരസ്‌കരിച്ച രാഷ്ട്രീയ പ്രസ്ഥാനത്തെ യു.ഡി.എഫിന് വേണ്ടന്നും പിൻവാതിലിലൂടെ ജനാധിപത്യ ചേരിയിലേക്ക് നുഴഞ്ഞുകയറാൻ ചിലർ വ്യാജവാർത്തകൾ സൃഷ്ടിക്കുകയാണെന്നും യു.ഡി.എഫ് പാലാ മണ്ഡലം നേതാക്കളായ തോമസുകുട്ടി നെച്ചിക്കാട്ട്, ജോഷി വട്ടക്കുന്നേൽ എന്നിവർ പറഞ്ഞു. കെട്ടുറപ്പും ജനങ്ങളുടെ അംഗീകാരവുമുള്ള ഭരണസമിതിയിൽ ഭിന്നത വീഴ്ത്താനുള്ള മാണി ഗ്രൂപ്പിന്റെ ശ്രമങ്ങളുടെ ഭാഗമാണ് ഇപ്പോൾ പുറത്തുവരുന്ന വ്യാജ പ്രചാരണം. യു.ഡി.എഫിന് ഇപ്പോൾ പുറത്തുനിന്ന് ആരുടെയും പിന്തുണ ആവശ്യമില്ല. സ്വതന്ത്ര കൂട്ടായ്മയിലെ 3 അംഗങ്ങളും, സ്വതന്ത്ര കൗൺസിലർ മായാ രാഹുലും, തിരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ്, കേരള കോൺഗ്രസ് കൗൺസിലർമാരും ഒറ്റക്കെട്ടായി മുന്നോട്ടു നീങ്ങുകയാണെന്നും ഇതിലുള്ള ചിലരുടെ അസ്വസ്ഥതയും അധികാരത്തോടുള്ള ആസക്തിയുമാണ് ഇത്തരം നീക്കങ്ങൾക്ക് പിന്നിലെന്നും നേതാക്കൾ കുറ്റപ്പെടുത്തി.

ടീം യു.ഡി.എഫാണ്, ഓർത്താൽ നല്ലത്

നഗരസഭയിൽ ടീം യു.ഡി.എഫായാണ് പ്രവർത്തിക്കുന്നതെന്ന് കേരള കോൺഗ്രസ് പാർലമെന്ററി പാർട്ടി വ്യക്തമാക്കി. സ്വതന്ത്ര കൂട്ടായ്മയുമായി യു.ഡി.എഫിന് അഭിപ്രായ വ്യത്യാസമെന്നത് ചില തത്പര കക്ഷികളുടെ പ്രചാരണം മാത്രമാണ്. നഗരസഭയിൽ ഇക്കഴിഞ്ഞ ദിവസം പാസാക്കിയ പ്രമേയം ഇരുമുന്നണിയും ഒരുപോലെ അംഗീകരിച്ചതാണ്. ജോസ് വിഭാഗത്തെയാണ് രാഷ്ട്രീയ എതിരാളികളായി കാണുന്നത്. അവർ ദുർബലമായത് കൈയ്യിലിരിപ്പ് കൊണ്ടാണെന്നും കേരള കോൺഗ്രസ് നേതാക്കൾ കുറ്റപ്പെടുത്തി. പാർലമെന്ററി പാർട്ടി ലീഡർ സിജി ടോണി അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ബിജു വരിക്കാനി, കൗൺസിലർ സോണിയ ചിറ്റേട്ട് എന്നിവർ പ്രസംഗിച്ചു.