റീടാറിംഗ് നടന്നില്ല, കല്ലായി പാലം കടക്കൽ കട..കട..കട...
കോഴിക്കോട്: കല്ലായി പാലത്തിൽ അറ്റകുറ്റപ്പണിക്കായി ടാറിംഗ് പൊളിച്ച ഭാഗത്ത് റീടാറിംഗ് നടന്നില്ല, നടുവൊടിയും യാത്രയെന്ന് വാഹന യാത്രക്കാർ. ഒരാഴ്ചയ്ക്ക് മുൻപ് ആരംഭിച്ച പ്രവൃത്തി ഇതുവരെ പൂർത്തിയാക്കാത്തതാണ് യാത്രക്കാർക്ക് തിരിച്ചടിയായത്. ടാർ ചെയ്യാനായി മണിക്കൂറുകൾക്ക് മുൻപ് മാത്രം നടത്തേണ്ട റോഡ് പൊളിക്കൽ ദിവസങ്ങൾക്കു മുൻപേ നടത്തിയതോടെ ഇരുചക്ര വാഹനങ്ങൾ തെന്നിവീഴുന്ന സ്ഥിതിയിലാണ്. മഴയെ തുടർന്ന് പ്രവൃത്തി താത്കാലികമായി നിറുത്തി വച്ചെന്നാണ് വിവരം. ഇരുചക്ര വാഹനങ്ങൾക്ക് പുറമെ ഓട്ടോറിക്ഷകൾക്കും നിയന്ത്രണം നഷ്ടപ്പെടുന്നുവെന്നാണ് പരാതി. അമിത വേഗത്തിൽ വരുന്ന വാഹനങ്ങൾ തെന്നിമാറി അപകടത്തിൽ പെടാനുള്ള സാദ്ധ്യത കൂടുതലാണ്. റോഡ് പൊളിച്ച ഭാഗത്ത് എത്തുമ്പോഴാണ് പൊളിച്ചിട്ടത് പലരും കാണുക. സ്ഥിരമായി പോകുന്നവർക്ക് ഇത് അറിയാമെങ്കിലും അപരിചിതരാണ് കെണിയിൽ പെടുന്നത്. അപകടസാദ്ധ്യത ഏറിയതിനാൽ അധികൃതർ അടിയന്തരമായി ഇടപെട്ട് റോഡ് പുനർനിർമ്മാണം നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.