ബാലുശ്ശേരി: വിവാഹനിശ്ചയ ശേഷം സായാഹ്ന ദൃശ്യങ്ങൾ ആസ്വദിക്കാൻ കുടുംബസമേതം പൊക്കുന്ന് മലയിലെത്തിയ പ്രതിശ്രുത വധൂ വരന്മാരെ സദാചാര പൊലീസ് ചമഞ്ഞ് ആക്രമിച്ച പരിസരവാസികളെ കാക്കൂർ പൊലീസ് അറസ്റ്റ് ചെയ്തു. പരിസരവാസികളായ നെല്ലി കോടത്തിൽ മീത്തൽ രാധാകൃഷ്ണൻ (47) കൈതയിൽ വീട്ടിൽ രാജു (36) എന്നിവരെയാണ് ഇൻസ്പെക്ടർ ബി.കെ.സിജുവും സംഘവും അറസ്റ്റ് ചെയ്തത്. ജില്ലയുടെ പല ഭാഗങ്ങളിൽ നിന്നും ഏറെ സഞ്ചാരികൾ എത്തുന്ന ചീക്കിലോടിനടുത്ത് പൊക്കുന്നുമലയിൽ എത്തിയവർക്കാണ് ദുരനുഭവം ഉണ്ടായത്. പൊലിസ് പറയുന്നത്: ഒരാഴ്ച മുമ്പ് കുടുംബസമേതം മലയിലെത്തിയ ഇവർ കൂട്ടത്തിൽ നിന്നും അൽപം മാറി നടന്നപ്പോഴാണ് പരിസരവാസികളായ രാജുവും രാധാകൃഷ്ണനും ചേർന്ന് ചോദ്യംചെയ്ത് ആക്രമിച്ചത്. യുവതീയുവാക്കളെ മുൻവിധിയോട് കൂടി തടഞ്ഞു വെച്ച് മോശക്കാരായി ചിത്രീകരിക്കാൻ ശ്രമിച്ചത് ചോദ്യം ചെയ്തതിലുള്ള വിരോധത്താൽ കൂട്ടത്തിലുള്ള യുവാവിനെ ആക്രമിക്കുകയും തടയാൻ ശ്രമിച്ച യുവതിയെ കടന്നു പിടിച്ചു കൈയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയായിരുന്നു. പ്രതികൾക്കെതിരെ യുവതിയുടെ പരാതിയിൽകേസ് എടുത്ത് അന്വേഷണം നടത്തിവരവേയാണ് അന്വേഷണ സംഘം പിടികൂടി അറസ്റ്റ് ചെയ്തത്. കോഴിക്കോട് കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
പൊക്കുന്ന് മലയിലെത്തുന്ന യുവതീയുവാക്കൾക്കുനേരെ മുമ്പും സമാന രീതിയിൽ അക്രമം ഉണ്ടായിട്ടുണ്ടെന്നും പലരും പരാതി നൽകാത്തതിനാലാണ് നടപടി സ്വീകരിക്കാൻ കഴിയാത്തതെന്നും ഈ ആക്രമി സംഘത്തിൽ ഉൾപ്പെട്ട മറ്റുള്ളവരുടെ വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും കാക്കൂർ ഇൻസ്പെക്ടർ ബി.കെ.സിജു അറിയിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |