പൊന്നാനി : പൊന്നാനിയിലെ ഇടതുപക്ഷ സ്വതന്ത്രൻ കെ.എസ്. ഹംസ സി.പി.എം ചിഹ്നത്തിൽ മത്സരിക്കും. ലീഗ് മുൻ സംസ്ഥാന സെക്രട്ടറിയാണ് കെ.എസ്. ഹംസ. യു.ഡി.എഫ് സ്ഥാനാർത്ഥി ആരെന്നു അടുത്ത ദിവസങ്ങളിൽ വ്യക്തമാവും. മലപ്പുറം എം.പി അബ്ദുസമദ് സമദാനിയുടെ പേരാണ് നിലവിൽ പറഞ്ഞുകേൾക്കുന്നത്. ഇ.ടി മുഹമ്മദ് ബഷീർ ഇത്തവണ മലപ്പുറം ലോക്‌സഭ മണ്ഡലത്തിലേക്ക് മാറാനാണ് സാദ്ധ്യത.
പൊന്നാനി ലോക്‌സഭ മണ്ഡലത്തിൽ ഏഴു നിയമസഭ മണ്ഡലങ്ങളാണുള്ളത് . നിലവിൽ ഇവയിൽ നാലിലും ഇടത് എം.എൽ.എമാരാണുള്ളത്. പൊന്നാനി,തവനൂർ, തൃത്താല,താനൂർ എന്നിവയാണവ. തിരൂരങ്ങാടി, കോട്ടയ്ക്കൽ, തിരൂർ എന്നിവയിലാണ് യു.ഡി.എഫ് ആധിപത്യം. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിലെ മൊത്തം മണ്ഡലങ്ങളിലെ വോട്ടുനിലയിൽ ഇടതുമുന്നണി മുന്നിലാണ്. ആഞ്ഞു ശ്രമിച്ചാൽ മണ്ഡലം ഇടത്തേക്ക് ചായുമെന്ന പ്രതീക്ഷയിലാണ് ഇടതുപക്ഷം. ഇ.ടി മണ്ഡലത്തിൽ അത്ര സജീവമല്ലെന്ന ആക്ഷേപം തങ്ങൾക്ക് തുണയാകുമെന്നവർ കരുതുന്നു. ബിസിനസുകാരൻ കൂടിയായ ഹംസയ്ക്ക മണ്ഡലത്തിൽ വ്യക്തിബന്ധങ്ങൾ ഏറെയാണ് . സമസ്ത നേതാക്കളുമായി ഹംസയ്ക്ക് അടുത്ത ബന്ധമുണ്ട്. ലീഗുമായി സമസ്ത അത്ര നല്ല ബന്ധത്തിലല്ലെന്നതിനാൽ അവരുടെ വോട്ടുകൾ ആകർഷിക്കാൻ ഹംസയ്ക്കാവുമെന്നാണ് കരുതുന്നത്. മുൻ സംസ്ഥാന ഭാരവാഹിയെന്ന നിലയിൽ ലീഗിലെ വോട്ടുകൾ സമാഹരിക്കാനും ഹംസയ്ക്കാവുമെന്ന് ഇടതുപക്ഷം പറയുന്നു. ഇത്തരത്തിൽ ഹംസ പിടിക്കുന്ന വോട്ടുകൾ ഏറെ നിർണ്ണായകമാവും. 1971ൽ ഇമ്പിച്ചബാവയെ വിജയിപ്പിച്ച പാരമ്പര്യമുള്ള മണ്ഡലത്തിൽ ഇത്തവണ വൻവിജയം നേടാനാവുമെന്ന പ്രതീക്ഷയിലാണ് ഇടതുക്യാമ്പ്.
പാർട്ടി പുറത്താക്കി, എതിരാളിയായി മത്സരത്തിന്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |