നിലമ്പൂർ: കേരള രാഷ്ട്രീയം പരിശോധിച്ചാൽ എന്നും വർഗീയ ശക്തികളുമായി കൂട്ടുകെട്ടുണ്ടാക്കിയിട്ടുള്ളത് സി.പി.എം ആണെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല പറഞ്ഞു. അടിയന്തരാവസ്ഥയ്ക്ക് ശേഷം ബി.ജെ.പിയുടെ മുൻഗാമികളായ ജനസംഘവുമായി ചേർന്ന് തിരഞ്ഞെടുപ്പിൽ മത്സരിച്ച പാർട്ടിയാണ് സി.പി.എം.
തീവ്രവർഗീയ സ്വഭാവമുള്ള ജനസംഘവുമായി അന്ന് കൂട്ടുകെട്ടുണ്ടാക്കുകയും തിരഞ്ഞെടുപ്പിൽ ഒരുമിച്ച് മത്സരിക്കുകയും ചെയ്തു. പൊതുവേദികളിൽ കെ.ജി. മാരാർക്കും കൂത്തുപറമ്പിൽ പിണറായി വിജയനും സി.പി.എമ്മും ജനസംഘവും ഒരുമിച്ച് തന്നെയാണ് പ്രവർത്തിച്ചത്. ജമാഅത്തെ ഇസ്ലാമിയുമായി ഇടപഴകുകയും കൂട്ടുകൂടുകയും ചെയ്തിട്ടുള്ള പ്രസ്ഥാനം സി.പി.എമ്മാണ്. മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ അവരുടെ ഓഫീസിൽ പോയി അവരോട് ചർച്ച നടത്തി അവരുടെ പിന്തുണ തേടിയിട്ടുണ്ട്. മിക്കപ്പോഴും ഞങ്ങൾക്ക് എതിരായിട്ടുതന്നെയാണ് അവർ വോട്ട് ചെയ്തിരുന്നത്. ദേശീയതലത്തിൽ കോൺഗ്രസിനെ വിമർശിക്കുകയും കോൺഗ്രസിനെതിരെ വോട്ട് ചെയ്യുകയും ചെയ്തിട്ടുള്ള ഒരുപാർട്ടിയാണവർ. അന്ന് കേരളത്തിൽ ജമാഅത്തെ ഇസ്ലാമിയെ കൂടെക്കൂട്ടുകയും അവർക്ക് നല്ല സർട്ടിഫിക്കറ്റ് കൊടുക്കുകയും ചെയ്ത പാർട്ടി സി.പി.എമ്മാണ്. ദേശീയതലത്തിൽ ബി.ജെ.പി ശക്തിപ്പെട്ടപ്പോൾ ബി.ജെ.പിയുടെ ഏകാധിപത്യത്തെയും വർഗീയതയെയും ചെറുക്കാനാണ് ജമാഅത്തെ ഇസ്‌ലാമി കോൺഗ്രസിന് ദേശീയതലത്തിൽ പിന്തുണ നൽകിയത്. അതിന്റെ ഭാഗമായി യുഡിഎഫിനും അവർ പിന്തുണ നൽകിയിട്ടുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |