മലപ്പുറം: 'ഈ തിരഞ്ഞെടുപ്പിൽ നിന്നല്ല, ഒരു ആയിരം തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചാലും അര വാക്കുകൊണ്ടോ ഒരുനോക്കു കൊണ്ടോ കോൺഗ്രസ് പാർട്ടിയെ പ്രതിസന്ധിയിലാക്കുന്ന, കോൺഗ്രസ് പ്രവർത്തകരെ വേദനിപ്പിക്കുന്ന ഒരുപ്രവർത്തനവും എന്റെ ഭാഗത്ത് നിന്ന് ഉണ്ടാവില്ല' നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥിയായി ആര്യാടൻ ഷൗക്കത്തിനെ പ്രഖ്യാപിച്ചതിന് പിന്നാലെ സ്ഥാനാർത്ഥിത്വത്തിന് അവകാശവാജമുന്നയിച്ച ഡി.സി.സി പ്രസിഡന്റ് വി.എസ് ജോയ് നടത്തിയ പ്രതികരണമായിരുന്നു ഇത്. ഈ ആവേശം അവസാനം വരെ സൂക്ഷിക്കാൻ കഴിഞ്ഞതിന്റെ പ്രതിഫലനം കൂടിയാണ് നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് നേടിയ വലിയ ഭൂരിപക്ഷം. കോൺഗ്രസിൽ നിന്ന് യാതൊരു അസ്വാരസ്യങ്ങളും പ്രകമാവാതെ നടത്തിയ തിരഞ്ഞെടുപ്പ് പ്രചാരണം ഏറെ ശ്രദ്ധനേടുകയും ചെയ്തിട്ടുണ്ട്.
ഷൗക്കത്തിന്റെ ജയം പോലെ തന്നെ തിളക്കം വി.എസ്.ജോയിയുടെ നേതൃമികവിനുമുണ്ട്. ഉപതിരഞ്ഞെടുപ്പിന് കളമൊരുക്കിയ പി.വി.അൻവറും സ്ഥാനാർത്ഥിയായി ജോയിയെ ഉയർത്തികാണിച്ചെങ്കിലും നറുക്ക് ആര്യാടൻ ഷൗക്കത്തിലെത്തി. പിതാവിന്റെ മണ്ഡലം തിരിച്ച് കൊണ്ടുവരാൻ മകന് ഒരുതവണകൂടി അവസരം നൽകി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വി.വി.പ്രകാശിനെ ആര്യാടൻ വിഭാഗം കാലുവാരിയെന്ന് ആരോപണം ഉയർന്നെങ്കിൽ ഈ തിരഞ്ഞെടുപ്പിൽ ജോയി വിഭാഗം ആര്യാടനെ കാലുവാരുമെന്ന പ്രചാരണം അന്തരീക്ഷത്തിൽ മുഴങ്ങി. ഐ ഗ്രൂപ്പുകാർ മൽസരിക്കുമ്പോൾ എ ഗ്രൂപ്പുകാർ കാലുവാരും. ഇത്തരമൊരു ആരോപണം ഉയരുന്നതിന് യാതൊരു പഴുതും നൽകാതെ പ്രചാരണ രംഗത്ത് സജീവമായി ജോയി മറ്റൊരു മാതൃക സൃഷ്ടിച്ചു. മുന്നിൽ നിന്ന് നയിച്ച് ജോയി നിലമ്പൂർ കളത്തിൽ നിറഞ്ഞു. വിജയത്തിലേക്ക് നയിച്ചതിന് അർഹമായ പരിഗണന പാർട്ടി നൽകുമെന്നാണ് പ്രവർത്തകർ പറയുന്നത്.
പോത്തുകല്ലിലെ മലയോരഗ്രാമത്തിലെ സാധാരണ കുടുംബത്തിൽ ജനിച്ച ജോയി കോൺഗ്രസിന്റെ വിദ്യാർത്ഥി സംഘടനയായ കെ.എസ്.യു വഴിയാണ് രാഷ്ട്രീയത്തിലിറങ്ങുന്നത്. 2012 മുതൽ 2017 വരെ സംസ്ഥാന പ്രസിഡന്റായിരുന്നു. 2017 മുതൽ 2020 വരെ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചു. 2015ൽ കെ.പി.സി.സി അംഗമായ ജോയ് 2016ലെ നിയമസഭ തിരഞ്ഞെടുപ്പിൽ മലമ്പുഴയിൽ വി.എസ്.അച്യുതാനന്ദനെതിരെ മത്സരിച്ചിട്ടുണ്ട്. 2020ൽ കെ.പി.സി.സി ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട വി.എസ്.ജോയി നിലവിൽ 2021 മുതൽ ഡി.സി.സി പ്രസിഡന്റാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |