കാളികാവ്: നാലുദിവസമായി തുടരുന്ന കനത്ത മഴയിൽ പുഴകൾ കര കവിഞ്ഞൊഴുകി. മലയോരത്ത് ജാഗ്രതാ നിർദ്ദേശം. മഴനിന്നാലും മലയോരത്തെ പുഴകളിൽ കുത്തൊഴുക്ക് തുടരും.ഒലിപ്പുഴ, കോട്ടപ്പുഴ, ചോക്കാടൻ പുഴ എന്നിവയിൽ അതി ശക്തമായ കുത്തൊഴുക്കാണ് ഇപ്പോഴുള്ളത്. ചോക്കാടൻ പുഴയിൽ വലിയ തോതിൽ വെള്ളമുയർന്നതോടെ പന്നിക്കോട്ടുമുണ്ട ഭാഗങ്ങളിൽ കൃഷിയിടങ്ങളിൽ വെള്ളം കയറി.
പുഴയുടെ സമീപത്ത് നിൽക്കുന്നതും പുഴയിൽ ഇറങ്ങിക്കുളിക്കുന്നതും അപകടകരമാണെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മലയോര മേഖലയിലെ ചോലകളിലും ക്രമാതീതമായി വെള്ളമൊഴുകുന്നുണ്ട്.
പുഴയുടെ സമീപത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് റവന്യു വകുപ്പും പൊലീസും മുന്നറിയിപ്പു നൽകിയിട്ടുണ്ട്.
പുഴയിൽ മീൻ പിടിക്കാനിറങ്ങുന്നതിനെതിരെയും അധികൃതർ മുന്നറിയിപ്പു നൽകി. ഇന്നലെ കരുവാരക്കുണ്ട് ഒലിപ്പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കിൽ പെട്ട് മരണപ്പെട്ടു.
രണ്ടാഴ്ച മുമ്പ് പരിയങ്ങാട് പുഴയിൽ മീൻ പിടിക്കാനിറങ്ങിയ മദ്ധ്യവയസ്‌കനും ഒഴുക്കിൽ പെട്ട് മരണപ്പെട്ടിരുന്നു.
മലയോരത്തോട് ചേർന്ന് നിൽക്കുന്ന പുഴകളായതിനാൽ ഒഴുക്കിന് ശക്തികൂടുന്നതാണ് അപകടത്തിന്റെ പ്രധാന കാരണം.ഒഴുക്കിൽ പെടുന്നവർക്ക് നീന്തി കരയ്ക്കുപറ്റാൻ കഴിയാതെ വരും.ടൂറിസ്റ്റുകളെത്തുന്ന കൽക്കുണ്ട് ഒലിപുഴയിലും കാളികാവ് ഉദിരംപൊയിൽ ചിറയിലും അപകടം പതിയിരിക്കുന്നതിനാൽ പരിചയമില്ലാത്ത ആളുകൾ പുഴയിൽ ഇറങ്ങരുതെന്ന് പഞ്ചായത്ത് വക സൂചന ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |