കാളികാവ്: വീട്ടുമുറ്റത്ത് കാട്ടാനക്കൂട്ടം. പുറത്തിറങ്ങാനാവാതെ ആദിവാസികൾ. ആദിവാസി പുഞ്ചയി വെള്ളനും തൊട്ടടുത്ത വീട്ടിലെ വിദ്യാർത്ഥി സഞ്ജുവും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.
ചോക്കാട് 40 സെന്റ് ആദിവാസി നഗറിൽ വ്യാഴാഴ്ച രാത്രിയാണ് സംഭവം. വെള്ളന്റെ വീട്ടുമുറ്റത്തെ വാഴക്കൂട്ടം ആന നശിപ്പിച്ചു. രാത്രി എട്ടിന് ശബ്ദം കേട്ട് പുറത്തിറങ്ങിയ വെള്ളനും സഞ്ജുവും ആനയുടെ മുന്നിൽ പെട്ടു. വൈദ്യുതി ഇല്ലാത്തതിനാൽ ഇരുട്ടത്ത് ആനയെ കണ്ടില്ല. ഭാഗ്യം കൊണ്ടാണ് വെള്ളന്റെയും തൊട്ടടുത്ത പത്മിനിയുടെയും വീട്ടിലുള്ളവർ രക്ഷപ്പെട്ടത്. മിക്ക ദിവസങ്ങളിലും ആനയിറങ്ങുന്ന ഈ സ്ഥലത്ത് തെരുവു വിളക്കുകൾ ഇല്ല. വനപാലകരെത്തി പടക്കം പൊട്ടിച്ചതോടെ രാത്രി രണ്ടിനു ശേഷമാണ് ആനകൾ മടങ്ങിപ്പോയത്.
ആറുമാസം മുമ്പ് വെള്ളന്റെ വീടിന്റെ ഓടിളക്കി താഴെയിടുകയും ചെയ്തിരുന്നു.
ചോക്കാടൻ മലവാരത്തിൽ നിന്നും കൂട്ടത്തോടെ ഇറങ്ങിയ ആനകൾ ആദിവാസികളുടെ വീട്ടുമുറ്റത്ത് ഇറങ്ങുന്നത് നിത്യ സംഭവമാണ്. ആദിവാസികൾ താമസിക്കുന്ന പ്രദേശത്തിന് വന്യമൃഗങ്ങളുടെ ആക്രമണ ഭീഷണിയിൽ നിന്ന് രക്ഷ നേടുന്നതിന് ഫലപ്രദമായ മാർഗ്ഗങ്ങളൊന്നുമില്ല.
നേരത്തെ സ്ഥാപിച്ച ആന മതിലും വൈദ്യുതിവേലികളും ചിലയിടങ്ങളിൽ കാട്ടാനകൾ തകർത്തിട്ടുണ്ട്. വൈദ്യുതി വേലിയും ഉപയോഗശൂന്യമായ നിലയിലാണ്. കാട്ടാനകളുടെ അക്രമണം ആദിവാസികളുടെ ജീവനു ഭീഷണിയായി മാറിയിരിക്കുകയാണ്.
ഇവരുടെ വീടുകൾക്ക് സമീപത്തെ വൈദ്യുതി ലൈറ്റുകൾ ഒന്നു പോലും കത്തുന്നില്ല.
പ്രദേശത്ത് പലയിടങ്ങളിലായി ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കണമെന്നും ആനമതിൽ ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങൾ കാര്യക്ഷമമാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
ഇവർ താമസിക്കുന്ന സ്ഥലത്തോട് ചേർന്ന് സ്ഥിതി ചെയ്യുന്ന വനത്തിൽ നിന്നാണ് കാട്ടാനകൾ എത്തുന്നത്. ജില്ലയിലെ തന്നെ ഏറ്റവും കൂടുതൽ ആദിവാസികൾ താമസിക്കുന്ന സ്ഥലമാണ് നാൽപ്പത് സെന്റ്.
ഇവിടെ കുട്ടികളും സ്‌ത്രീകളും ഉൾപ്പെടെ നൂറോളം കുടുംബങ്ങളാണ് താമസിക്കുന്നത്. ഇവരുടെ ജീവന് ഭീഷണിയായ വന്യമൃഗങ്ങളുടെ ആക്രമണം തടയാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |