മലപ്പുറം: ജില്ലയെ വിടാതെ പിടികൂടി നിപ. രണ്ടുമാസത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും നിപ സ്ഥിരീകരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ജൂലായ് ഒന്നിന് മരണപ്പെട്ട മങ്കട ചെട്ട്യാരങ്ങാടി സ്വദേശിനിയും പ്ലസ്‌ടു വിദ്യാർത്ഥിനിയുമായ 18-കാരിക്കാണ് കോഴിക്കോട് മെഡിക്കൽ കോളേജിലെ വൈറോളജി ലാബിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ നിപ സ്ഥിരീകരിച്ചത്. പൂനെ വൈറോളജി ലാബിലെ പരിശോധനയ്ക്കു ശേഷം ഔദ്യോഗിക സ്ഥിരീകരണമുണ്ടാവും. രോഗബാധിതയുമായി അടുത്ത് ബന്ധപ്പെട്ടവരോട് ക്വാറന്റീനിൽ കഴിയാൻ ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്. മേയ് എട്ടിന് വളാഞ്ചേരി സ്വദേശിനിയായ 42 വയസുകാരിക്ക് നിപ സ്ഥിരീകരിച്ചിരുന്നു. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലെ ചികിത്സയെ തുടർന്ന് രോഗി നിപ വൈറസ് നെഗറ്റീവ് ആയെങ്കിലും ഇപ്പോഴും അബോധാവസ്ഥയിൽ തുടരുകയാണ്. കഴിഞ്ഞ ദിവസം പാലക്കാട് തച്ചനാട്ടുകര സ്വദേശിയായ 38 വയസുകാരിക്കും നിപ സ്ഥിരീകരിച്ചിട്ടുണ്ട്. ഗുരുതരാവസ്ഥയിലുള്ള രോഗി പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലെ വെന്റിലേറ്ററിലാണ്.
രോഗം ആവർത്തിക്കുമ്പോഴും ഉറവിടവും എങ്ങനെ രോഗപ്പകർച്ച ഉണ്ടായി എന്നതും ഇപ്പോഴും അജ്ഞാതമാണ്. പഴംതീനി വവ്വാലുകളുടെ പ്രജനനകാലമായി പരിഗണിക്കപ്പെടുന്ന മേയ് മുതൽ സെപ്തംബർ വരെയുള്ള കാലയളവിലാണ് നിപ കേസുകൾ പൊട്ടിപ്പുറപ്പെടുന്നത്. ഇക്കാലയളവിൽ കേരളത്തിൽ വവ്വാലുകളിൽ ആന്റിബോഡികളുടെ സാന്നിദ്ധ്യം കൂടുതലാണെന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ വവ്വാലുകളിൽ നിന്ന് മനുഷ്യരിലേക്ക് പടരുന്ന വഴി അജ്ഞാതമായി തുടരുകയാണ്.
രോഗം എങ്ങനെ വന്നു!
വളാഞ്ചേരിയിലെ രോഗബാധിത വീട്ടിൽ നിന്ന് അധികം പുറത്തിറങ്ങാറില്ലായിരുന്നു. രോഗിയുടെ വീടിന് സമീപം വവ്വാലുകളുടെ ആവാസ കേന്ദ്രങ്ങളുമില്ല. മാങ്ങ, ചക്ക ഉൾപ്പെടെ ഫലവൃക്ഷങ്ങൾ ഏറെയുണ്ട് എന്നതിനാൽ വവ്വാലുകൾ വീട്ടുപരിസരത്ത് എത്താറുണ്ട്. സംശയാസ്പദമായ സാഹചര്യത്തിൽ പഴങ്ങൾ കഴിച്ചതായി ബന്ധുക്കൾക്ക് അറിവുമില്ല. രോഗബാധ സ്ഥിരീകരിച്ച് 55 ദിവസം പിന്നിട്ടിട്ടും രോഗ ഉറവിടം സംബന്ധിച്ച വ്യക്തമായ വിവരങ്ങൾ ആരോഗ്യ വകുപ്പിന് ലഭിച്ചിട്ടില്ല. 2024 ജൂലായ് 21ന് പാണ്ടിക്കാട് 14കാരനും സെപ്തംബർ 15ന് തിരുവാലിയിൽ 24കാരനും മരണപ്പെട്ടിരുന്നു. 24കാരൻ മരണപ്പെട്ടതിന് ശേഷമാണ് നിപ സ്ഥിരീകരിച്ചത്. രോഗ ഉറവിടം ഇപ്പോഴും അജ്ഞാതമാണ്. പാണ്ടിക്കാട്ടെ 14കാരൻ കൂട്ടുകാർക്കൊപ്പം കുളിക്കാൻ പോയപ്പോൾ കാട്ടമ്പഴങ്ങ കഴിച്ചതായും ഈ സ്ഥലത്ത് വവ്വാലുകളുടെ സാന്നിദ്ധ്യമുണ്ടെന്നുമാണ് ആരോഗ്യ വകുപ്പിന്റെ കണ്ടെത്തൽ. ഈ മരണത്തിൽ മാത്രമാണ് സംശയാസ്പദമായ സാഹചര്യമെങ്കിലും ബലപ്പെടുത്താനായത്. ഭോപ്പാലിൽ നിന്നുള്ള കേന്ദ്ര മൃഗസംരക്ഷണ വകുപ്പിന്റെ വിദഗ്ദ സംഘം പ്രദേശത്തെ വവ്വാലുകളുടെ 27 സാമ്പിളുകളിൽ ആറ് എണ്ണത്തിൽ ആന്റി ബോഡിയുടെ സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |