കാളികാവ്: വന്യമൃഗശല്യം കൂടിയതോടെ ടൂറിസം വകുപ്പിന്റെ കീഴിലുള്ള കേരളാംകുണ്ട് ടൂറിസം മേഖലയ്ക്കും തിരിച്ചടി. ഈ മേഖലയിൽ ആനയും മറ്റു മൃഗങ്ങളും കൂടിയ തോതിൽ വനമിറങ്ങുന്നതാണ് കടുത്ത ഭീഷണിയായിട്ടുള്ളത്.
കത്തുന്ന ചൂടിലും കുളിരും കൺകുളിർമയും നൽകുന്ന കേരളാംകുണ്ട് വെള്ളച്ചാട്ടവും നിബിഡ വനങ്ങളും സഞ്ചാരികളുടെ സ്വപ്ന ഭൂമിയാണ്. പ്രദേശത്തിന്റെ ടൂറിസം സാദ്ധ്യതയും മേഖലയുടെ മനോഹാരിതയും ആസ്വദിക്കാനെത്തുന്ന സഞ്ചാരികൾക്കായി ടൂറിസം വകുപ്പ് സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
സമുദ്ര നിരപ്പിൽ നിന്നും 1500 അടി ഉയരത്തിലുള്ള ഈ സ്ഥലം സൈലന്റ് വാലി വനമേഖലയോട് ചേർന്നാണ് കിടക്കുന്നത്.
വർഷകാലത്ത് ഏറ്റവും അപകടം പിടിച്ച മേഖല കൂടിയാണിത്. ചോലയിലൂടെ ഓർക്കാപ്പുറത്തെത്തുന്ന മലവെള്ളപ്പാച്ചിൽ ടൂറിസ്റ്റുകളുടെ പേടി സ്വപ്നമാണ്.വർഷക്കാലത്തുണ്ടാകുന്ന ഇത്തരം അപകടങ്ങളെ കുറിച്ചുള്ള മുന്നറിയിപ്പ് ബോർഡുകൾ പലയിടങ്ങളിലും സ്ഥാപിച്ചിട്ടുണ്ട്.
കേരളാംകുണ്ട് വെള്ളച്ചാട്ടം ടൂറിസം മാപ്പിൽ സ്ഥാനം പിടിച്ചിട്ടുണ്ടെങ്കിലും വേണ്ടത്ര വികസനപ്രവർത്തനങ്ങളോ യാത്രാ സൗകര്യങ്ങളോ ഇവിടെയില്ല. ദൂര ദിക്കുകളിൽ നിന്നുള്ളവരാണ് ഇവിടെയെത്തുന്നവരിൽ കൂടുതലും. ഇത്തരം ആളുകൾക്ക് പ്രദേശത്തിന്റെ ഭൂമിശാസ്ത്രമോ അപകട സാദ്ധ്യതയോ അറിയില്ലെന്നതും അപകടസാദ്ധ്യത വർദ്ധിപ്പിക്കുന്നുണ്ട്.ഏതു കാലത്തും സ്ഫടികം പോലെയുള്ള ആഴമുള്ള ജലാശയവും അതിലേക്ക് ഉയരത്തിൽ നിന്നു പതിക്കുന്ന തെളിനീരുമാണ് കുളിർമയേകുന്ന കാഴ്ച.സീസണിൽ ദിനേന അഞ്ഞൂറോളം പേർ എത്തുന്നതായാണ് കണക്ക്.
കഴിഞ്ഞ കുറെ കാലങ്ങളായി മേഖലയിൽ വന്യമൃഗങ്ങളുടെ വർദ്ധനവാണ് ടൂറിസ്റ്റുകളെ ഭയപ്പെടുത്തുന്നത്.വനത്തിനു നടുവിലൂടെ കുത്തനെയുള്ള മലമ്പാത താണ്ടി മുകളിലെത്തുന്നത് സാഹസികതയാണ്. തണുത്തുവിറയ്ക്കുന്നതും ഔഷധ ഗുണവുമുള്ള തെളിനീരിൽ മുങ്ങിക്കുളിയാണ് ഇവിടത്തെ ഏറ്റവും വലിയ അനുഭൂതി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |