കൊണ്ടോട്ടി : പുളിക്കൽ പഞ്ചായത്തിലെ ആന്തിയൂർക്കുന്നിലെ പ്രവർത്തനം നിറുത്തിയ കരിങ്കൽ ക്വാറിയിൽ കോഴിക്കോട് ഭാഗത്തുനിന്നും കൊണ്ടുവന്ന ടൺ കണക്കിന് ആശുപത്രി മാലിന്യങ്ങൾ ഉൾപ്പെടെ തള്ളി. പുളിക്കൽ അരൂർ ചെവിട്ടാണിക്കുന്ന് റോഡിനരികിൽ ജനവാസമേഖലയിൽ കുടിവെള്ള പദ്ധതി ടാങ്കിന്റെ സമീപത്ത് ശനിയാഴ്ച രാത്രിയിലാണ് മാലിന്യം തള്ളിയത്.മാലിന്യം തള്ളിയവർ രക്ഷപെടാൻ ശ്രമിച്ചുവെങ്കിലും നാട്ടുകാർ ഇവരെ തടഞ്ഞു വച്ച് അധികൃതരെ വിവരം അറിയിച്ചു.
സ്ഥലം ഉടമ പണം ഈടാക്കി ഇവിടെ മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിന് അനുമതി നൽകുകയായിരുന്നു. ഇതിനുമുമ്പും ഇവിടെ മാലിന്യങ്ങൾ നിക്ഷേപിച്ചിട്ടുണ്ട്. വൻതോതിൽ കൊണ്ടുവന്നു തള്ളിയ മാലിന്യശേഖരം ജെസിബി ഉപയോഗിച്ച് നിരത്തി അതിനുമുകളിൽ മണ്ണിട്ട് മൂടുന്ന പ്രവർത്തനങ്ങൾ നടത്തുമ്പോഴാണ്
നാട്ടുകാരുടെ ഭാഗത്തുനിന്നും വലിയ പ്രതിഷേധങ്ങൾ ഉണ്ടായത്.
ഞായറാഴ്ച രാവിലെ പൊലീസും പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തി. നടപടികൾ സ്വീകരിച്ചു. നാട്ടുകാരുടെ പ്രതിഷേധത്തെത്തുടർന്ന് മാലിന്യങ്ങൾ കൊണ്ടുവന്നവരോട് തന്നെ കോരിക്കൊണ്ടുപോകാൻ അധികൃതർ ആവശ്യപ്പെട്ടു.
മാലിന്യങ്ങൾ തള്ളിയ പ്രധാന ഏജന്റിന് ഒരു ലക്ഷം രൂപയും സ്ഥലം ഉടമയ്ക്ക് അമ്പതിനായിരം രൂപയും മാലിന്യങ്ങൾ കൊണ്ടുവന്ന ടോറസ് ടിപ്പർ ഉടമയ്ക്ക് അമ്പതിനായിരം രൂപയും പിഴ അടക്കാൻ പഞ്ചായത്ത് സെക്രട്ടറി നോട്ടീസ് നൽകിയിട്ടുണ്ട്.
ഇന്നു തന്നെ മുഴുവൻ ഖര, ദ്രവ മാലിന്യം നീക്കം ചെയ്യാനും സെക്രട്ടറി വിനോദ് ഓലശ്ശേരി ഉത്തരവ് നൽകി. പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. മുഹമ്മദ്, വാർഡ് മെമ്പർ നഷീദ് എന്ന ബാപ്പുട്ടി എന്നിവരും സംഭവസ്ഥലം സന്ദർശിച്ചു. കൊണ്ടോട്ടി സബ് ഇൻസ്പക്ടർ നെജിൽ രാജിന്റെനേതൃത്വത്തിലുള്ളപോലീസ് സംഘവും സ്ഥലത്തെത്തി നിയമ നടപടികൾ സ്വീകരിച്ചു.
തള്ളിയത് കുടിവെള്ള പദ്ധതിക്ക് സമീപം
ആന്തിയൂർക്കുന്നിലെകോളനിയിലേക്കുള്ള ജലനിധി കുടിവെള്ള പദ്ധതിയുടെ സമീപത്താണ് ഈ മാലിന്യങ്ങൾ തള്ളിയത്.
50 ഓളം വരുന്ന കുടുംബങ്ങൾ ഉപയോഗിക്കുന്ന കുടിവെള്ള പദ്ധതിക്ക് സമീപത്ത് ക്വാറിയിലെ വെള്ളക്കെട്ടിലാണ് മാലിന്യങ്ങൾ തട്ടിയത്.
ആശുപത്രി മാലിന്യങ്ങളും വൻതോതിൽ ഉള്ള മറ്റു മാലിന്യങ്ങളും പ്രദേശവാസികൾക്ക് വലിയ രീതിയിലുള്ള ആരോഗ്യപ്രശ്നങ്ങളാണ് സൃഷ്ടിക്കുക എന്ന ആശങ്കയിലാണ് നാട്ടുകാർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |