പൊന്നാനി: മത്സ്യക്കൂട് കൃഷി പൊന്നാനി താലൂക്കിൽ വ്യാപകം. മേഖലയിലേക്ക് കൂടുതൽ കർഷകരാണ് കടന്നു വരുന്നത്. സർക്കാർ തലത്തിൽ ലഭിക്കുന്ന പിന്തുണയും വലിയ അടിസ്ഥാന സൗകര്യം ആവശ്യം ഇല്ലാത്തതുമാണ് ഈ രംഗത്തേയ്ക്ക് കൂടുതൽ ആളുകൾ ആകർഷിക്കാൻ കാരണം. പ്രധാനമായും ശുദ്ധജലത്തിലും ഉപ്പ് വെള്ളത്തിലുമാണ് ഇത്തരത്തിൽ കൂട് മത്സ്യകൃഷി ചെയ്തു വരുന്നത്. ശുദ്ധ ജലത്തിൽ കൂടുതലായി തിലാപ്പിയ, കരിമീൻ തുടങ്ങിയ മത്സ്യങ്ങളാണ് കൃഷി ചെയ്യുന്നത്. എന്നാൽ ഉപ്പ് വെള്ളത്തിൽ കാളാഞ്ചി, കരിമീൻ എന്നീ മത്സ്യങ്ങളും കൃഷി ചെയ്തു വരുന്നു. കരിമീൻ ശുദ്ധ ജലത്തിലും ഒപ്പം ഉപ്പ് വെള്ളത്തിലും കൃഷി ചെയ്യാമെങ്കിലും ഉപ്പ് വെള്ളത്തിലുള്ള മീനിനാണ് രുചി കൂടുതൽ എന്നാണ് പറയുന്നത്. അറുപതു മീറ്റർ ക്യുബ് കൂടിലാണ് പ്രധാനമായും ഇത്തരത്തിൽ മത്സ്യകൃഷി ചെയ്തു വരുന്നത്. പൊന്നാനി ഹാർബർ പരിസരത്തു നിരവധി പേർ നിലവിൽ ഇത്തരം കൂട്മത്സ്യ കൃഷി ചെയ്തു വരുന്നുണ്ട്. വെള്ളം മാറ്റേണ്ട പ്രശ്നം ഇല്ലാത്തതും കൂടാതെ ഒരു കൂടിനുള്ളിൽ തന്നെ ഏകദേശം രണ്ടായിരത്തിൽ അധികം മത്സ്യ കുഞ്ഞുങ്ങളെ കൃഷി ചെയ്യാൻ സാധിക്കുന്നതും ഈ മത്സ്യ കൃഷിയുടെ ഗുണമാണ്. വിളവെടുപ്പിൽ ചെറിയ മുതൽ മുടക്കിൽ വലിയ ലാഭം നേടാൻ ഇത് വഴി മത്സ്യകർഷകർക്ക് സാധിക്കുന്നു. വെള്ളത്തിൽ ധാരാളം ഓക്സിജൻ സാന്നിധ്യമുള്ളതും ചെറുജീവികൾ വെള്ളത്തിൽ ഒഴുകി പോകുമ്പോൾ മത്സ്യങ്ങൾ ഭക്ഷിക്കുന്നത് വഴി തീറ്റ ചിലവും ഒരു പരിധി വരെ കർഷകർക്ക് കുറഞ്ഞു കിട്ടുന്നു. ആറു മാസം കൊണ്ട് വിളവെടുക്കാനും സാധിക്കുന്നു. പ്രധാനമന്ത്രി മത്സ്യ സംമ്പദാ യോജന പ്രകാരം നടപ്പാക്കുന്ന ഈ പദ്ധതി ഒരുപാട് പേർക്ക് തൊഴിൽ സാധ്യത ഉറപ്പാക്കുന്നു. ഈ പദ്ധതി വഴി 120,000 രൂപ ജനറൽ വിഭാഗത്തിനും 180,000 രൂപ എസ്, സി, ഒപ്പം വുമൺ വിഭാഗത്തിനും സബ്സിഡി ലഭിക്കുന്നു. ജനകീയ മത്സ്യ കൃഷി പ്രകാരം മത്സ്യകുഞ്ഞുങ്ങളെയും തീറ്റയുമാണ് സബ്സിഡിയായി നൽകുന്നത്. മൂന്നു ലക്ഷം രൂപ ചിലവിൽ ജനകീയ മത്സ്യ കൃഷി പ്രകാരം നാൽപ്പത് ശതമാനം ജനറൽ വിഭാഗത്തിനും അറുപതു ശതമാനം എസ്, സി,ഒപ്പം വുമൺ വിഭാഗത്തിനും ലഭിക്കുന്നു. നൈലോൺ വല കൂടാതെ ഇരുമ്പിന്റെ ഫ്രെയിം നടക്കാൻ ഉള്ള വഴി വാച്ച് മാൻ ഷെഡ്ഡ് എന്നിവ മാത്രമാണ് ആകെ കൃഷിക്ക് ആവശ്യമായി വരുന്നത്. നിലവിൽ നല്ല രീതിയിൽ പൊന്നാനി ഭാഗത്ത് മത്സ്യകൂട് കൃഷി മുന്നേറുന്നതായി ജനകീയ മത്സ്യ കൃഷി പൊന്നാനി ക്ലസ്റ്റർ കോർഡിനേറ്റർ ഷൈനിബ പറഞ്ഞു.
പൊന്നാനി ഭാഗത്തെ മത്സ്യകൂട് കൃഷി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |