മലപ്പുറം: ഉന്നത വിദ്യാഭാസ രംഗത്ത് ജില്ലയിലെ വിദ്യാർത്ഥികൾ മികച്ച നേട്ടങ്ങൾ കൈവരിക്കുമ്പോഴും പഠനാന്തരീക്ഷത്തെ മികവുറ്റതാക്കാനുള്ള സർക്കാർ ശ്രമങ്ങൾ ഇനിയും എങ്ങുമെത്തിയിട്ടില്ല. ജില്ലയിലെ ഒമ്പത് സർക്കാർ ആർട്സ് ആന്റ് സയൻസ് കോളേജുകളിൽ രണ്ടെണ്ണത്തിൽ മാത്രമാണ് പൂർണ്ണ സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ളത്. നിലമ്പൂർ, മങ്കട, കൊണ്ടോട്ടി ഗവ. കോളേജുകളിൽ ഇനിയുമേറെ സൗകര്യങ്ങൾ ഒരുക്കേണ്ടതുണ്ട്.
നിലമ്പൂരിലേത് പേരിൽ മാത്രം
അമരമ്പലം പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന നിലമ്പൂർ ഗവ. കോളേജ് പേരിന് മാത്രമൊരു സർക്കാർ കോളേജാണ്. ആറ് വർഷമായി പ്രവർത്തിച്ച് വരുന്ന കോളേജിന് സ്വന്തമായി കെട്ടിടം പോലും യാഥാർത്ഥ്യമായിട്ടില്ല. വാടകക്കെട്ടിടത്തിലാണ് പ്രവർത്തിച്ചുവരുന്നത്. നിലവിൽ 340 വിദ്യാർത്ഥികൾ പഠിക്കുന്ന കോളേജിൽ 300ഉം പെൺകുട്ടികളാണ്. 22 അദ്ധ്യാപകരുമുണ്ട്. വിദ്യാർത്ഥികൾക്ക് ആവശ്യമായ ക്ലാസ് മുറികൾ പോലും പേരിന് മാത്രമാണ്. ആവശ്യത്തിനുള്ള ശൗചാലയം പോലും ഇവിടില്ല. തുടക്കത്തിൽ മാനവേദൻ സ്കൂളിന്റെ കെട്ടിടത്തിലായിരുന്നു കോളേജ് പ്രവർത്തിച്ചിരുന്നത്. പിന്നീടാണ് വാടകക്കെട്ടിടത്തിലേക്ക് മാറ്റിയത്. കെട്ടിട നിർമ്മാണത്തിനായി അഞ്ചേക്കർ സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്ന് പറയുന്നതല്ലാതെ തുടർനടപടികളൊന്നും ഇതുവരെ ആരംഭിച്ചിട്ടില്ല. ജില്ലയിൽ ജോഗ്രഫി വിഷയം നിലമ്പൂർ കോളേജിലും മഞ്ചേരിയിലെ സ്വകാര്യ കോളേജിലും മാത്രമാണുള്ളത്. എന്നാൽ കൂടുതൽ ലാബ് സൗകര്യങ്ങളും ലൈബ്രറിയും ആവശ്യമുള്ള കോഴ്സിന് ആകെയുള്ളത് ഒരു കമ്പ്യൂട്ടർ ലാബാണ്. അതും ആവശ്യത്തിനില്ല. ശുചിമുറികൾ അടക്കമുള്ള കാര്യത്തിൽ വിദ്യാർത്ഥികളെത്തി അദ്ധ്യാപകരോട് പരാതി പറയുമ്പോൾ അവരും നിസഹായവസ്ഥയിലാണ്.
വേണം ക്ലാസ് റൂമുകൾ
ഏഴ് വർഷം മുമ്പ് തുടങ്ങിയ മങ്കട ഗവ. കോളേജ് സ്വന്തം കെട്ടിടത്തിലേക്ക് മാറിയത് കഴിഞ്ഞ വർഷമാണ്. ഡിഗ്രി, പി.ജി കോഴ്സുകളിലായി 800 വിദ്യാർത്ഥികൾ പഠിക്കുന്ന കോളേജിൽ ക്ലാസ് റൂമുകൾ പരിമിതമാണ്. അത്യാവശ്യമായി രണ്ട് ക്ലാസ് റൂമുകളെങ്കിലും നിർമ്മിക്കണമെന്നാണ് അദ്ധ്യാപകരുടെ ആവശ്യം. വിവിധ ഡിപ്പാർട്ടമെന്റുകൾ തിരിച്ചുള്ള ഓഫീസ് സംവിധാനവും ഇവിടെയില്ല. എല്ലാ അദ്ധ്യാപകർക്കും കൂടെ ആകെയുള്ളത് ഒരു ഓഫീസ് റൂമാണ്.
വേണം ഹോസ്റ്റൽ
കൊണ്ടോട്ടി ഗവ. കോളേജിലെ സാഹചര്യങ്ങൾ മെച്ചപ്പെടുത്തി വരുന്നുണ്ടെങ്കിലും പൂർണ്ണതയിലേക്കെത്താൻ ഇനിയും സമയമെടുക്കും. കോളേജിലെ അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഹോസ്റ്റൽ സൗകര്യമില്ലാത്തത് കാരണം അഡ്മിഷൻ ലഭിച്ചിരുന്ന പല വിദ്യാർത്ഥികളും കോളേജിൽ പ്രവേശനം നേടിയിട്ടില്ല. ആകെയുള്ള ഒമ്പത് സർക്കാർ കോളേജുകളിൽ മലപ്പുറം ഗവ. കോളേജും തിരൂർ തുഞ്ചൻ കോളേജുമാണ് ഭൗതിക സാഹചര്യത്തിൽ മെച്ചപ്പെട്ട് നിൽക്കുന്നത്.
നിലമ്പൂർ ഗവൺമെന്റ് കോളേജ്
സ്വന്തമായി കെട്ടിടമില്ല
ആവശ്യത്തിന് ശൗചാലയങ്ങളില്ല
ക്ലാസ് മുറികൾ പരിമിതം
ഹോസ്റ്റലില്ല
ലാബ് സൗകര്യങ്ങളില്ല
കളി സ്ഥലമില്ല
ഗവൺമെന്റ് കോളേജ് മങ്കട
ആവശ്യത്തിന് ക്ലാസ് മുറികളില്ല
ഡിപ്പാർട്ട്മെന്റ് തല സ്റ്റാഫ് റൂമുകളില്ല
ഹോസ്റ്റലില്ല
ഓഡിറ്റോറിയമില്ല
കളി സ്ഥലമില്ല
എൽ.എസ്.എസ് ഓഫീസില്ല
കൊണ്ടോട്ടി ഗവൺമെന്റ് കോളേജ്
ഹോസ്റ്റൽ സൗകര്യമില്ല
കളി സ്ഥലമില്ല
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |