കൊല്ലങ്കോട്: ശബരിമലയിലെ നിറപുത്തരിക്കായി നെൽപ്പാടം ഒരുക്കി ചുട്ടിച്ചിറക്കളത്തിലെ കൃഷ്ണകുമാർ. സന്നിധാനത്ത് നടക്കുന്ന നിറപുത്തരിക്കായി കൃഷ്ണകമാറിന്റെ പാടത്തെ നെൽക്കതിരുകൾ വിളവെടുക്കാൻ ഇനി ദിവസങ്ങൾ മാത്രം. മറ്റു സ്ഥലങ്ങളിൽ വിളവെടുപ്പ് നടത്താൻ നെല്ല് പാകമായിട്ടില്ല എന്നതിനാലാണ് വർഷങ്ങളായി നിയോഗം പോലെ നിറപുത്തരിക്കായി കൃഷ്ണകുമാറിന്റെ പാടത്ത് പ്രത്യേകമായി കൃഷി ചെയ്ത് വരുന്നത്. ഇത്തവണ ഏപ്രിൽ മൂന്നിന് കൃഷിപ്പാടം ഉഴുത് മറിച്ച് നെൽവിത്തിട്ട് കൃഷി പണി ആരംഭിച്ചു. കൊടുംവേനലിൽ കുഴൽക്കിണർ വെള്ളമാണ് കൃഷിയിടത്തിൽ ഉപയോഗിച്ചത്. മൂപ്പ് കുറഞ്ഞ എ.എസ്.ടി നെൽവിത്താണ് ഉപയോഗിച്ചത്. നെന്മേനി പാടശേഖര സമിതി അംഗവും അഖില കേരള അയ്യപ്പസേവാസംഘത്തിന്റെ സജീവ പ്രവർത്തകനുമാണ് കൃഷ്ണകുമാർ.
പാകമായ നെൽക്കതിർ ആഗസ്റ്റ് 10ന് ആചാരവിധിയോട് കൂടി കൊയ്തെടുക്കും. രാവിലെ എട്ട് മണിക്ക് നടക്കുന്ന ചടങ്ങിൽ മുൻ മേൽശാന്തിമാർ, ദേവസ്വം ബോർഡ് പ്രസിഡന്റ്, എക്സികുട്ടീവ് ഓഫീസർ, എം.എൽ.എമാരായ കെ.ബാബു, കെ.ഡി പ്രസേനൻ, ജനപ്രതിനിധികൾ, കൃഷി ഓഫീസർമാർ, വിവിധ ക്ഷേത്രങ്ങളുടെ പ്രതിനിധികൾ, കർഷസമിതി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കും. പനങ്ങാട്ടരി മോഹനൻ ആൻഡ് പാർട്ടിയുടെ പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ നെൽക്കതിർ കൊയ്ത്ത് ചടങ്ങും നെൽക്കതിർ കറ്റകടത്തൽ ചടങ്ങും നടത്തും. കൊയ്തെടുത്ത കതിർക്കറ്റ തലയിൽ ചുമന്ന് കൃഷ്ണകുമാറിന്റെ കളപ്പുരയിലേക്ക് എത്തിക്കും. വൃതശുദ്ധിയോടെ സന്നിധാനത്തേക്ക് പോകാൻ മാലയിട്ട ഭക്തർക്കൊപ്പം ഉച്ചയോടെ കൊല്ലങ്കോട് നിന്ന് കതിർക്കറ്റ കൊണ്ടുപോകും. 101 കതിർക്കറ്റ ശബരി മല സന്നിധാനത്തിലേക്കും 51 വീതം കതിർക്കറ്റകൾ ഗുരുവായൂർ, തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രങ്ങളിലേക്കും സമർപ്പിക്കും. ആഗസ്റ്റ് 12 നാണ് ശബരിമല നിറപുത്തരി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |