ശബരിമല: ഇന്ന് സംക്രമസന്ധ്യയിൽ തെളിയുന്ന മകരജ്യോതിയും മകര നക്ഷത്രവും ദർശിക്കാൻ ശരണമന്ത്രങ്ങളുമായി പൊന്നമ്പലമേട്ടിൽ പതിനായിരങ്ങൾ. വൈകിട്ട് അയ്യപ്പവിഗ്രഹത്തിൽ തിരുവാഭരണം ചാർത്തിയുള്ള ദീപാരാധനയ്ക്ക് ശേഷമാണ് ദിവ്യദർശനം.
ഇന്ന് പുലർച്ചെ മൂന്നിന് നട തുറക്കും. 8.50നാണ് മകര സംക്രമ പൂജ. കവടിയാർ കൊട്ടാരത്തിൽ നിന്ന് കൊണ്ടുവരുന്ന നെയ്ത്തേങ്ങയിലെ നെയ്യ് അയ്യപ്പസ്വാമിക്ക് അഭിഷേകം ചെയ്യും . പന്തളത്ത് നിന്ന് പുറപ്പെട്ട തിരുവാഭരണ ഘോഷയാത്ര വൈകിട്ട് 5.30ന് ശരംകുത്തിയിലെത്തും. 6.15ന് കൊടിമരച്ചുവട്ടിൽ ദേവസ്വം മന്ത്രി വി.എൻ.വാസവൻ, ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്, മെമ്പർമാരായ അഡ്വ.എ.അജികുമാർ, ജി.സുന്ദരേശൻ എന്നിവർ ചേർന്ന് സ്വീകരിക്കും. പതിനെട്ടാം പടി കയറിയെത്തിക്കുന്ന തിരുവാഭരണ പേടകം തന്ത്രി കണ്ഠരര് രാജീവരരും കണ്ഠര് ബ്രഹ്മദത്തനും മേൽശാന്തി എസ്.അരുൺകുമാർ നമ്പൂതിരിയും ചേർന്ന് സ്വീകരിച്ച് ശ്രീകോവിലിനുള്ളിലേക്ക് കൊണ്ടുപോകും. 6.30ന് നടയടച്ച് തിരുവാഭരണം ചാർത്തി ദീപാരാധന. നടതുറക്കുമ്പോൾ പൊന്നമ്പലമേട്ടിൽ മകരജ്യോതിയും ആകാശത്ത് മകരസംക്രമ നക്ഷത്രവും തെളിയും.
രാത്രി മണി മണ്ഡപത്തിൽ കളമെഴുത്ത്. തുടർന്ന് പതിനെട്ടാംപടിക്ക് മുന്നിലേക്ക് അയ്യപ്പ സ്വാമിയുടെ എഴുന്നെള്ളത്തും നായാട്ടുവിളിയും. 17വരെ തിരുവാഭരണ ഭൂഷിതനായ അയ്യപ്പസ്വാമിയെ ദർശിക്കാം. നെയ്യഭിഷേകം 18 വരെയുണ്ടാകും. 18ന് മണിമണ്ഡപത്തിൽ നിന്ന് ശരംകുത്തിയിലേക്കുള്ള എഴുന്നെള്ളത്ത്. 19ന് രാത്രി 10ന് മാളികപ്പുറത്ത് വലിയ ഗുരുതി. 19ന് രാത്രി നടയടയ്ക്കും വരെ ഭക്തർക്ക് ദർശനം നടത്താം. 20ന് പുലർച്ചെ തിരുവാഭരണ പേടകം തിരിച്ചെഴുന്നെള്ളിക്കും. തുടർന്ന് പന്തളം രാജപ്രതിനിധി ദർശനം നടത്തിയ ശേഷം അയ്യപ്പസ്വാമിയെ ഭസ്മവിഭൂഷിതനാക്കി യോഗദണ്ഡും രുദ്രാക്ഷമാലയും അണിയിച്ച് യോഗനിദ്രയിലാക്കിയ ശേഷം നടയടയ്ക്കും.
കനത്ത സുരക്ഷ
മരകവിളക്ക് ദർശനത്തിനായി അഭൂതപുർവമായ തിരക്കാണ് പൂങ്കാവനത്തിൽ. പൊലീസും വിവിധ സേനകളും കനത്ത സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. മകരജ്യോതി ദർശിക്കുന്നതിന് കെട്ടിടങ്ങൾക്കും മരങ്ങൾക്കും മുകളിൽ കയറുന്നതിന് കർശനമായ
വിലക്കുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |