ശബരിമല: മകരസംക്രമ സന്ധ്യയിൽ പൊന്നമ്പലമേട്ടിൽ തെളിഞ്ഞ മകരജ്യോതിയും ആകാശത്തെ മകര നക്ഷത്രവും ഭക്ത സഹസ്രങ്ങൾക്ക് പുണ്യദർശനമായി.
പതിനെട്ടു മലകളും സന്നിധാനവും ശരണമന്ത്രഘോഷത്താൽ മുഖരിതമായി.സുകൃതദർശനത്തിന്റെ നിറവിൽ ഭക്തർ മലയിറങ്ങിത്തുടങ്ങി. പന്തളത്ത് നിന്ന് പരമ്പരാഗത പാതയിലൂടെ ഘോഷയാത്രയായി കൊണ്ടുവന്ന തിരുവാഭരണങ്ങൾ ഇന്നലെ വൈകിട്ട് 5.30നാണ് ശരംകുത്തിയിൽ എത്തിയത്. ഇവിടെ നടന്ന ചടങ്ങുകൾക്ക് തന്ത്രി കണ്ഠരര് രാജീവര് കാർമ്മികത്വം വഹിച്ചു.
ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരും പൊലീസും ചേർന്ന് സ്വീകരിച്ച് പതിനെട്ടാംപടിയിലൂടെ കൊടിമരച്ചുവട്ടിലെത്തിച്ചു. ദേവസ്വം മന്ത്രി വി.എൻ.വാസവൻ, തമിഴ്നാട് ദേവസ്വം മന്ത്രി പി.കെ.ശേഖർ ബാബു, ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, അംഗങ്ങളായ അഡ്വ. എ. അജികുമാർ, ജി. സുന്ദരേശൻ എന്നിവർ ചേർന്ന് സ്വീകരിച്ച് സോപാനത്തിലെത്തിച്ചു. തന്ത്രി കണ്ഠര് ബ്രഹ്മദത്തനും മേൽശാന്തി അരുൺകുമാർ നമ്പൂതിരിയും ചേർന്ന് സ്വീകരിച്ച് തിരുവാഭരണ പേടകം ശ്രീലകത്തേക്ക് കൊണ്ടുപോയി. തിരുവാഭരണം ചാർത്തി ദീപാരാധനയ്ക്ക് നടതുറന്നതോടെ മകരജ്യോതിയും മകര നക്ഷത്രവും തെളിഞ്ഞു. മകരജ്യോതി ആദ്യം തെളിഞ്ഞത് 6.43നാണ്. നിമിഷങ്ങളുടെ ഇടവേളകളിൽ രണ്ടുതവണ കൂടി തെളിഞ്ഞു. രാത്രി മണിമണ്‌ഡപത്തിൽ കളമെഴുത്തും പതിനെട്ടാംപടിക്ക് മുന്നിലേക്ക് അയ്യപ്പ സ്വാമിയുടെ എഴുന്നെള്ളത്തും നായാട്ടുവിളിയും നടന്നു.
വി.കെ. ശ്രീകണ്ഠൻ എം.പി, എം.എൽ.എമാരായ കെ.യു. ജനീഷ് കുമാർ, പ്രമോദ് നാരായൺ, രാഹുൽ മാങ്കൂട്ടത്തിൽ, ശബരിമല സ്‌പെഷ്യൽ കമ്മിഷണർ ആർ.ജയകൃഷ്ണൻ, ജില്ലാ കളക്ടർ എസ്.പ്രേം കൃഷ്ണൻ, എ.ഡി.എം.അരുൺ എസ്.നായർ, സബ് കളക്ടർ സുമിത്ത് കുമാർ, എ.ഡി.ജി.പിമാരായ എസ്.ശ്രീജിത്ത്, പി.വിജയൻ, ദേവസ്വം ബോർഡ് സെക്രട്ടറി എസ്.ബിന്ദു, ചീഫ് എൻജിനിയർ രജിത്.കെ.ശേഖർ, കമ്മിഷണർ സി.വി.പ്രകാശ് എന്നിവരും സന്നിധാനത്ത് എത്തിയിരുന്നു.
ദർശനം 19വരെ 20ന് അടയ്ക്കും
നെയ്യഭിഷേകം 18വരെ ഉണ്ടാകും. 18ന് മണിമണ്ഡപത്തിൽ നിന്ന് ശരംകുത്തിയിലേക്കുള്ള എഴുന്നെള്ളത്ത്. 19ന് രാത്രി പത്തിന് മാളികപ്പുറത്ത് വലിയ ഗുരുതി. അന്ന് രാത്രി നടയടയ്ക്കും വരെ ഭക്തർക്ക് ദർശനം നടത്താം. 20ന് പുലർച്ചെ തിരുവാഭരണ പേടകം തിരിച്ചെഴുന്നെള്ളിക്കും. തുടർന്ന് പന്തളം രാജപ്രതിനിധി ദർശനം നടത്തിയ ശേഷം നടയടയ്ക്കുന്നതോടെ മണ്ഡല മകരവിളക്ക് തീർത്ഥാടനകാലത്തിന് സമാപനമാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |