ജില്ലയിലെ വെറ്റിനറി ഉപകേന്ദ്രങ്ങൾ- 95
ഒഴിവുകൾ- 20
പാലക്കാട്: ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർമാരുടെ കുറവുമൂലം ജില്ലയിലെ വെറ്റിനറി ഉപകേന്ദ്രങ്ങളുടെ പ്രവർത്തനങ്ങൾ അവതാളത്തിൽ. ജില്ലയിൽ ആകെ 95 വെറ്റിനറി ഉപകേന്ദ്രങ്ങളാണുള്ളത്. ഇതിൽ 20 ഉപകേന്ദ്രങ്ങളിൽ ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർമാരില്ല. ഒഴിവുള്ള ഉപകേന്ദ്രങ്ങളിൽ പലർക്കും അധിക ചുമതല നൽകിയാണ് പലരും പ്രവർത്തിക്കുന്നത്. പ്രവർത്തിക്കുന്ന ഇൻസ്പെക്ടർമാരാണെങ്കിൽ കേന്ദ്രങ്ങളിൽ സമയത്തിന് എത്തിപ്പെടാത്തത് കാരണം കന്നുകാലികൾക്ക് സമയത്തിന് ചികിത്സ ലഭിക്കുന്നിന്നെല്ലാണ് ക്ഷീരകർഷകർ പറയുന്നത്. ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർ, അസിസ്റ്റന്റ് ഫീൽഡ് ഓഫീസർ ഉൾപ്പെടെ 95 ഉപകേന്ദ്രങ്ങളിലായി ആകെ 251തസ്തികകളാണ് ഉള്ളത്.
ഏറ്റവും കൂടുതൽ ക്ഷീരകർഷകരുള്ള ജില്ലയിലാണ് ഈ അവസ്ഥ. കൃത്രിമ ബീജദാനവും മൃഗങ്ങൾക്കുള്ള പ്രാഥമിക ചികിത്സയും നൽകുന്നത് ഇത്തരം ഉപകേന്ദ്രങ്ങൾ വഴിയാണ്. ജില്ലയിലാകെ 1,76864 (എരുമ, പോത്ത് ഉൾപ്പെടെ) കന്നുകാലികളാണുള്ളത്. ജില്ലയിലെ നിരവധി ക്ഷീരകർഷകരാണ് ഉപകേന്ദ്രത്തെ ആശ്രയിക്കുന്നത്. ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർമാരുടെ കുറവ് നികത്താൻ ബന്ധപ്പെട്ട അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് ക്ഷീരകർഷകരുടെ ആവശ്യം. എന്നാൽ ഉദ്യോഗസ്ഥർക്ക് അധികചുമതല നൽകി പരമാവധി സേവനം ഉറപ്പാക്കാൻ ശ്രമിക്കുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു.
ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർമാരുടെ ജോലികൾ
1.സബ് സെന്ററിൽ നല്ലരീതിയിൽ ജോലികൾ നടത്തുന്നതിനുള്ള ഉത്തരവാദിത്വം.
2.കുത്തിവെയ്പ്പിന് ശേഷം മൂന്നുമാസം കന്നുകാലികൾക്ക് ഗർഭം ഉണ്ടോയെന്ന് പരിശോധിക്കുക.
3.24 മണിക്കൂറും സേവനം ലഭ്യമാക്കുകയും ദിവസേന റിപ്പോർട്ട് തയ്യാറാക്കുകയും ചെയുക.
4.കന്നുകാലികൾക്ക് വന്ധ്യതാ ചികിത്സ ലഭ്യമാക്കുക.
5.കന്നുകാലികൾക്ക് പ്രഥമചികിത്സാ നൽകുന്നതിന് മുൻതൂക്കം നൽകുക.
6.ക്ഷീരകർഷകർക്ക് തീറ്റപ്പുല്ല് കൃഷി ചെയ്യുന്നതിനുള്ള പ്രോത്സാഹനം നൽകുക.
7.തദ്ദേശ സ്ഥാപനങ്ങളിൽ കന്നുകാലി വളർത്തുന്നതിനുള്ള പദ്ധതികൾ നടപ്പാക്കുന്നതിനൊപ്പം സമീപമുള്ള മൃഗഡോക്ടറെ സഹായിക്കുക.
8.ക്ഷീരമേഖലയിൽ വിപുലീകരണ പ്രവർത്തനം നടത്തുക.
9.കന്നുകാലികൾക്ക് വാക്സിനേഷൻ നൽകുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |