മണ്ണാർക്കാട്: നിയോജകമണ്ഡലത്തിന്റെ സമഗ്ര വിദ്യാഭ്യാസ മുന്നേറ്റത്തിന് വഴിയൊരുക്കി എൻ.ഷംസുദ്ദീൻ എം.എൽ.എ നടപ്പാക്കുന്ന ഫ്ലെയിം പദ്ധതിക്ക് പ്രൗഢോജ്ജ്വല തുടക്കം. സ്പീക്കർ എം.ബി.രാജേഷ് പദ്ധതി ഉദ്ഘാടനം ചെയ്തു. എൻ.ഷംസുദ്ദീൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഒറ്റപ്പാലം സബ് കളക്ടർ ഡി.ധർമ്മല ശ്രീ മുഖ്യാതിഥിയായി. മണ്ഡലത്തിലെ വിദ്യാലയങ്ങളിൽ നിന്ന് എസ്.എസ്.എൽ.സി, പ്ലസ് ടു സമ്പൂർണ എ പ്ലസ്, നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് ജേതാക്കളായ അറുനൂറോളം വിദ്യാർത്ഥി പ്രതിഭകളേയും നൂറ് ശതമാനം വിജയം കൈവരിച്ച പതിനാല് വിദ്യാലയങ്ങളേയും പ്രതിഭാസംഗമത്തിൽ പുരസ്കാരങ്ങൾ നൽകി അനുമോദിച്ചു. മുൻ ഡെപ്യൂട്ടി സ്പീക്കർ ജോസ് ബേബി, മുൻ എം.എൽ.എ കളത്തിൽ അബ്ദുള്ള, പൊതുവിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടർ എ.അബൂബക്കർ, ബ്ലോക്ക് പഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റ് മുഹമ്മദ് ചെറൂട്ടി,തെങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.ഷൗക്കത്തലി, ജില്ലാ പഞ്ചായത്തംഗം ഗഫൂർ കോൽകളത്തിൽ,സംഘാടക സമിതി ചെയർമാൻ ഡോ.ടി.സൈനുൽ ആബിദ്, കൺവീനർ സിദ്ദീഖ് പാറോക്കോട് സംസാരിച്ചു. എൻസ്കൂൾ സി.ഇ.ഒ കെ.വി.മുഹമ്മദ് യാസീൻ പദ്ധതി വിശദീകരണം നടത്തി. എ ഡാപ്റ്റ് സി.ഇ.ഒ ഉമർ അബ്ദുസ്സലാം, എൻസ്കൂൾ ലേണിംഗ് ഡയറക്ടർ അഹമ്മദ് സാജു എന്നിവർ അക്കാഡമിക സെഷന് നേതൃത്വം നൽകി. എൻസ്കൂൾ ലേണിംഗിന്റെ അക്കാഡമിക പിന്തുണയോടെ
വിദ്യാർത്ഥികളുടെ വിവിധ ശേഷികൾ പരിപോഷിപ്പിക്കുകയും മത്സര പരീക്ഷകൾക്ക് പ്രാപ്തരാക്കുന്നതിനൊപ്പം പുതിയ വൈജ്ഞാനിക മേഖലകളിലേക്ക് എത്തിക്കുകയുമാണ് പദ്ധതി ലക്ഷ്യമാക്കുന്നത്.
'എം.എൽ.എയ്ക്ക് എ പ്ലസ് നൽകി സ്പീക്കർ '
നിയമസഭ എന്ന വിദ്യാലയത്തിലെ മിടുക്കനായ വിദ്യാർത്ഥിയാണ് അഡ്വ.എൻ.ഷംസുദ്ദീനെന്ന് സ്പീക്കർ എം.ബി.രാജേഷ് പറഞ്ഞു. ഓരോ വിഷയങ്ങളെക്കുറിച്ചും നന്നായി ഹോം വർക്ക് നടത്തിയാണ് ഷംസുദ്ദീൻ സഭയിലെത്താറുള്ളതെന്നും അതുകൊണ്ട് തന്നെ കൃത്യവും വസ്തുതപരമായതുമായുള്ള വിഷയാവതരണമാണ് എം.എൽ.എ നടത്താറുള്ളതെന്നും സ്പീക്കർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |