പാലക്കാട്: കെ.പി.എം ഓഡിറ്റോറിയത്തിൽ നടന്ന നന്മ ഫൗണ്ടേഷൻ ജില്ലാ സംഗമം ഐ.ജി പി.വിജയൻ ഉദ്ഘാടനം ചെയ്തു. സഹായ മനസ്സുള്ളവർ ഒന്നിച്ചു ചേർന്നാൽ സമൂഹത്തിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കാനാവുമെന്ന് അദ്ദേഹം പറഞ്ഞു. കുറ്റകൃത്യങ്ങളിൽ മുന്നിൽനിന്ന് പ്രവർത്തിച്ചിരുന്ന എറണാകുളം ഉദയാ കോളനിയിലെ 150 കുടുംബങ്ങളെ നന്മ ഫൗണ്ടേഷനും പൊലീസും ചേർന്ന് നല്ല നടപ്പുകാരായി ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. സഹായ മനസുള്ളവരുടെ ഇടപെടലുകളായിരുന്നുവെന്ന് അനുഭവത്തിലൂടെ തിരിച്ചറിയാനായെന്നും അദ്ദേഹം പറഞ്ഞു.
പഠന നിലവാരത്തിൽ പിന്നാക്കം നിൽക്കുന്ന പതിനയ്യായിരത്തിൽപരം വിദ്യാർത്ഥികളെ കൈപിടിച്ചുയർത്താനും ടി.സി.എസ് പോലുള്ള വലിയ സംരംഭങ്ങളിലെ ജീവനക്കാരായി മാറ്റാനും നന്മ ഫൗണ്ടേഷൻ ആവിഷ്കരിച്ച വിദ്യാഭ്യാസ പദ്ധതികളിലൂടെ സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നന്മ ഫൗണ്ടേഷൻ ജില്ലാ പ്രസിഡന്റ് മുഹമ്മദ് കാസിം അദ്ധ്യക്ഷത വഹിച്ചു. മുൻ ഇന്ത്യൻ അംബാസിഡർ ശ്രീകുമാർ മേനോൻ, മുൻ എസ്.പിമാരായ കെ.പി.വിജയകുമാർ, കെ.വിജയൻ, ഫൗണ്ടേഷൻ ഭാരവാഹികളായ മുഹമ്മദ് ഇബ്രാഹിം, അഡ്വ. രാജേഷ്, അഡ്വ. രമേഷ്, നിഖിൽ കൊടിയത്തൂർ എന്നിവർ സംസാരിച്ചു. ലീഡ് കോളേജ് ചെയർമാൻ ഡോ. തോമസ് ജോർജിനും വിവിധ പദ്ധതികൾക്ക് മേൽനോട്ടം വഹിച്ച കോ-ഓഡിനേറ്റർമാർക്കുമുള്ള ഉപഹാരങ്ങൾ ഐ.ജി സമ്മാനിച്ചു. ഡോ. പ്രദീപ്, ഡോ. രാധാകൃഷ്ണൻ, ഡോ. അൻവർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |