ആലത്തൂർ: താലൂക്ക് ആശുപത്രിയിൽ സജ്ജമാക്കിയ ഡയാലിസിസ് യൂണിറ്റ് 29ന് വൈകീട്ട് 3:30ന് മന്ത്രി വീണ ജോർജ്ജ് ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി രൂപീകരണ യോഗം കെ.ഡി.പ്രസേനൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ബാബു അദ്ധ്യക്ഷയായി. എസ്.അലീമ, എ.ഷൈനി, സി.രമേഷ് കുമാർ, ഐ.നജീബ് എന്നിവർ സംസാരിച്ചു. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഫ്ളെമി ജോസ് സ്വാഗതവും ബ്ലോക്ക് വൈസ് പ്രസിഡന്റ് നന്ദിയും പറഞ്ഞു. ഭാരവാഹികളായി ഫ്ളമി ജോസ് (കൺവീനർ), രജനി ബാബു (ചെയർമാൻ) എന്നിവരെ തിരഞ്ഞെടുത്തു.
സംസ്ഥാനത്തെ 44 ആശുപത്രികളിൽ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി ഡയാലിസിസ് യൂണിറ്റ് ആരംഭിക്കാൻ തീരുമാനിച്ചതിലെ ഒന്നാണ് ആലത്തൂർ താലൂക്ക് ആശുപത്രി. കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ മുഖേന ആശുപത്രിയിൽ അഞ്ച് ഡയാലിസിസ് കിടക്കകൾ സജ്ജീകരിച്ചിട്ടുണ്ട്. സിവിൽ വർക്കുകൾ പൂർത്തിയാക്കി. കെ.എം.എസ്.സി.എൽ ഉപകരണങ്ങളും ആശുപത്രിയിൽ സ്ഥാപിച്ചു. യൂണിറ്റിലേക്കുള്ള ജനറേറ്റർ വിതരണവും പൂർത്തിയായതോടെയാണ് യൂണിറ്റ് ഉദ്ഘാടനത്തിനൊരുങ്ങുന്നത്. പദ്ധതി പ്രഖ്യാപിച്ചെങ്കിലും സാങ്കേതിക കാരണങ്ങളാൽ വൈകുകയായിരുന്നു. നിയമസഭയിൽ പല തവണ കെ.ഡി. പ്രസേനൻ എം.എൽ.എ ഇക്കാര്യം ഉന്നയിക്കുകയും മന്ത്രിമാർക്ക് കത്ത് നൽകുകയും ചെയ്തിരുന്നു. നിത്യവൃത്തിക്ക് തന്നെ കഷ്ടപ്പെടുന്ന ഒട്ടേറെ പാവങ്ങൾക്ക് താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റ് സഹായമാവും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |