കോഴഞ്ചേരി : മുടങ്ങിക്കിടന്ന കോഴഞ്ചേരി പുതിയ പാലത്തിന്റെ തുടർ പ്രവൃത്തിയുടെ ടെൻഡറിന് ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗത്തിൽ അനുമതിയായി. പാലത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് സ്ഥലമേറ്റെടുപ്പ് ഉൾപ്പടെ പൂർത്തീകരിച്ചു. ബാക്കിയുള്ള പ്രവൃത്തി 13.94 കോടി രൂപയ്ക്കാണ് ടെൻഡർ ചെയ്തിരിക്കുന്നത്.
2018 ഡിസംബറിൽ പാലത്തിന്റെ പ്രവൃത്തി പി.ജി കൺസ്ട്രഷൻ എന്ന കമ്പനി കരാർ ഏറ്റെടുക്കുകയും എഗ്രിമെന്റ് വയ്ക്കുകയും ചെയ്തിരുന്നു. കരാർ തുക വർദ്ധനവും ജി.എസ്.ടി തുകയും കരാറുകാരൻ ആവശ്യപ്പെട്ടു. മുൻകൂറായി ഭൂമി ലഭ്യമാക്കാത്തതും,എൽ.എ നടപടികളുടെ കാലതാമസവും പദ്ധതിയെ ബാധിച്ചു. നിർമ്മാണത്തിനായി പോസ്റ്റ് ഓഫീസിന്റെ സ്ഥലവും ആവശ്യമായിവന്നു. കെ.എസ്.ഇ.ബി പോസ്റ്റുകളും മറ്റും മറ്റുവാനുള്ള പണം ലഭിക്കാനും കാലതാമസം നേരിട്ടതും തിരിച്ചടിയായി. ഹൈക്കോടതിയിൽ ഉൾപ്പെടെ ഉണ്ടായിരുന്ന കേസുകൾ മൂലം രണ്ടര വർഷം പ്രവൃത്തി തടപ്പെട്ടു. പിന്നീട് അഞ്ചു തവണ പാലത്തിന്റെ തുടർ പ്രവൃത്തി ടെൻഡർ ചെയ്‌തെങ്കിലും ഗവൺമെന്റ് മാനദണ്ഡം അനുസരിച്ചു അംഗീകാരം ലഭിച്ചില്ല. തുടർന്ന് അവസാന ടെൻഡറിൽ ശ്യാമ ഡൈനമിക്‌സ് എന്ന കമ്പനി പങ്കെടുക്കുകയും, അംഗീകാരത്തിനായി ക്യാബിനറ്റിൽ വയ്ക്കുകയുമായിരുന്നു.
കിഫ്ബി 2016 – 17 പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കോഴഞ്ചേരി പുതിയ പാലത്തിന്റെ നിർമ്മാണം. 19.77 കോടി രൂപയുടെ ഭരണാനുമതിയും 19.69 കോടി രൂപയ്ക്ക് സാങ്കേതിക അനുമതിയും ലഭിച്ചിരുന്നു.
തിരുവല്ല – കുമ്പഴ റോഡിലെ കോഴഞ്ചേരി പഴയപാലത്തിന് സമാന്തരമായി തോട്ടപ്പുഴശ്ശേരി പഞ്ചായത്ത് ഓഫീസിന് മുൻവശത്ത് നിന്ന് ആരംഭിച്ച് കോഴഞ്ചേരി വണ്ടിപ്പേട്ടയിൽ എത്തുന്ന റോഡിൽ പമ്പയാറിന് കുറുകെയാണ് പുതിയ പാലം. പാലത്തിന്റെ നീളം : 198.8 മീറ്റർ,
വീതി : 12 മീറ്റർ (നടപ്പാത ഉൾപ്പെടെ)
നിർമ്മാണം ഇങ്ങനെ
ആറിന് നടുവിൽ 32 മീറ്ററിൽ 4 സ്പാനുകൾ ഉള്ള ആർച്ച് ബ്രിഡ്ജും ഇരുകരകളിലുമായി 23.6 മീറ്റർ നീളത്തിൽ ഉള്ള 3 ലാൻഡ് സ്പാനുകളും.
കോഴഞ്ചേരി ഭാഗത്ത് 90 മീറ്റർ തിരുവല്ല ഭാഗത്ത് 390 മീറ്ററുമാണ് സമീപനപാതയുടെ നീളം.
ആകെയുള്ള 52 പൈലുകളിൽ 52 എണ്ണവും 7 പൈൽ ക്യാപിൽ 7 എണ്ണവും 5 പിയർ ഹെഡിൽ 5 എണ്ണവും 2 അബട്ട്മെന്റുകളിൽ 2 എണ്ണവും പൂർത്തീകരിച്ചു.
വെള്ളത്തിലുള്ള 4 ആർച്ച് സ്പാനുകളിൽ 2 ആർച്ച് സ്പാനുകളുടെ ഫുഡ്പാത്തും ക്രാഷ് ബാരിയറും ഒഴികെയുള്ള പണികൾ പൂർത്തിയാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |