പത്തനംതിട്ട : ജനവാസ മേഖലയിൽ എത്തുന്ന കാട്ടാനകൾ, വീട്ടിലെ മൃഗങ്ങളെ കൊന്നുതിന്നുന്ന പുലിയും കടുവയും, കൃഷി നശിപ്പിക്കുന്ന കാട്ടുപന്നിയും കുരങ്ങും. ഇവയിൽ എന്തെങ്കിലും ദുരിതം അനുഭവിക്കാത്ത ഒരു കുടുംബവും മലയോരത്ത് ഉണ്ടാവില്ല. അത്രയധികം വന്യമൃഗങ്ങൾ കാടിറങ്ങിക്കഴിഞ്ഞു. എന്നിട്ടും പ്രതിരോധമൊരുക്കൻ കഴിയുന്നില്ല. സോളാർ വേലിയും കിടങ്ങുകളും മാത്രമാണ് വനംവകുപ്പ് സ്വീകരിക്കുന്ന മാർഗങ്ങൾ. എന്നാൽ ഇതുകൊണ്ട് മാത്രം മൃഗങ്ങളെ തുരത്താൻ കഴിയില്ലെന്നാണ് കഴിഞ്ഞ കാലസംഭവങ്ങൾ തെളിയിക്കുന്നത്.
സോളാർ വേലി മാത്രം പോര
ജില്ലയിൽ കോന്നി, റാന്നി വനംഡിവിഷനുകളിലെ വനാതിർത്തികളിലും തേക്ക് പ്ലാന്റേഷന് ചുറ്റുമാണ് സോളാർ വേലികൾ സ്ഥാപിച്ചിരിക്കുന്നത്. ഈ വേലികൾ കടന്നാണ് വന്യമൃഗങ്ങൾ നാട്ടിലെത്തുന്നത്. കിടങ്ങുകളാണ് മറ്റൊരു പ്രതിരോധം. കിടങ്ങുകൾ കുഴിയ്ക്കാൻ വലിയ ചെലവായതിനാൽ വനംവകുപ്പ് അതിന് മുതിരാറില്ല. പലയിടത്തും വേലികളുടെ ബാറ്ററി ചാർജ് തീർന്ന് പ്രവർത്തനം നിലച്ചിരിക്കുകയാണ്. ചിലയിടത്ത് വനസംരക്ഷണ സമിതികൾ ബാറ്ററി ചാർജ് ചെയ്യാറുണ്ട്. ആന ചവിട്ടിയും മരങ്ങൾ വീണും സോളാർ വേലികൾ നശിക്കും. അറ്റകുറ്റപ്പണികൾ നടത്താത്തതിനാൽ സോളാർ വേലികൾ ദ്രവിച്ചു പോകുന്നുമുണ്ട്. ചിലയിടങ്ങളിൽ പാറ ഉള്ളതിനാൽ കിടങ്ങുകൾ കുഴിക്കാനുമാകുന്നില്ല. 2018 മുതൽ 2022 വരെയുള്ള കാലയളവിലാണ് സോളാർ വേലി സ്ഥാപിച്ചത്.
കോന്നി വനം ഡിവിഷനിൽ സോളാർ വേലി 63 കിലോമീറ്ററാണ്
സ്ഥാപിച്ചിട്ടുള്ളത്. റാന്നിയിൽ 52 കിലോമീറ്ററും.
വന്യമൃഗ ശല്യം ഒഴിവാക്കാൻ
1. കിടങ്ങുകളുടെ നിർമ്മാണം.
2. ദ്രവിക്കാത്ത കമ്പിയും തൂണുമുള്ള സോളാർ വേലി.
3. വനാതിർത്തിയിൽ വലിയതും മുള്ളുകളുള്ളതുമായ മരങ്ങൾ നട്ടുപിടിപ്പിക്കണം.
4. വനത്തിനുള്ളിൽ ചെക്ക് ഡാമുകൾ, ജല സ്രോതസുകൾ, തടയണകൾ എന്നിവയുടെ നിർമ്മാണം.
5. വനശോഷണം ഒഴിവാക്കാൻ വിത്തിനങ്ങൾ കാട്ടിൽ നട്ടുവളർത്തണം.
6. സ്വകാര്യ തോട്ടങ്ങളിൽ കാട് വളരാൻ അനുവദിക്കരുത്.
വനത്തിൽ മൃഗങ്ങൾക്കാവശ്യമായ ഭക്ഷണവും വെള്ളവും ലഭ്യമാക്കണം. വെള്ളത്തിനായി ചെറിയ കുളങ്ങൾ നിർമ്മിക്കാം. വന്യ ജീവികൾ പെരുകുന്നത് നിയന്ത്രിക്കണം.
പ്രേംജിത്ത് ലാൽ, ചിറ്റാർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |