ഇലന്തൂർ : കാവ് തീണ്ടാൻ പടയണിക്കോലങ്ങൾ ചുവടുവച്ച് എത്തുമ്പോൾ ഒരിക്കൽ കൂടി ഭക്ത്യാവേശത്തിന്റെ അലകളിൽ നിറയുകയാണ് ഗ്രാമം. ഗ്രാമീണ ജനതയുടെ നൊമ്പരവും പ്രതീക്ഷയും വേദനകളും വർണക്കോലങ്ങളായി നിറഞ്ഞാടുമ്പോൾ അതിൽ അണിചേർന്നലിയുകയാണ് ആയിരങ്ങൾ. ഇന്ന് രാവിലെ 9.50 നും 10.30 നും മദ്ധ്യേ തന്ത്രി താഴമൺ മഠം കണ്ഠരര് രാജീവരുടെനേതൃത്വത്തിൽ കൊടിയേറ്റുന്നതോടെ ഉത്സവ ചടങ്ങുകൾക്ക് തുടക്കമാവും. അമ്മയുടെ ബന്ധുക്കരയായ മണ്ണുംഭാഗം കരയിൽ നിന്ന് വരുന്ന കൂട്ടക്കോലങ്ങളെ കളത്തിലേക്ക് വായ്ക്കുരവയും ആർപ്പുവിളിയുമായി സ്വീകരിച്ച് ആനയിച്ച് കാച്ചിക്കടുപ്പിച്ച തപ്പിൽ ജീവ കൊട്ടുന്നതോടെ പടയണി ചടങ്ങുകൾക്ക് ആരംഭമാകും. തുടർന്ന് നടക്കുന്ന തപ്പുമേളത്തിന് ശേഷം അമ്മയുടെ പ്രതിരൂപമായ ഭൈരവി അടന്തതാളത്തിൽ കളത്തിൽ എത്തുന്നതോടെ കോലങ്ങളുടെ വരവായി. ശിവകോലം, പിശാച്, മറുത, സുന്ദരയക്ഷി, കാലൻ ,ഭൈരവി എന്നീകോലങ്ങളെ കൂടാതെ ഇലന്തൂർ പടേനിയിൽ മാത്രം കാണാൻ സാധിക്കുന്ന കരിനാഗയക്ഷി കോലമാണ് ഇന്ന് കളത്തിലെത്തുന്നത്. കറുപ്പ് നിറത്തിന് പ്രാധാന്യം നൽകി സർപ്പസമാനമായ ചലനങ്ങളിലൂടെ കളം നിറയുന്ന കോലമാണിത്. കുന്നിലമ്മയുടെ മൂലസ്ഥാനമായ കിഴക്കുകരയിൽ നിന്ന് കൂട്ടക്കോലങ്ങളോടൊപ്പം നാളെ കളത്തിൽ എത്തുന്നത് നിണ ഭൈരവിയോടൊപ്പം മായയക്ഷിക്കോലമാണ്.
ഒറ്റപ്പാളയിൽ എഴുതുന്ന ചെറുക്കോലങ്ങൾ മുതൽ 101 പാളയിൽ എഴുതുന്ന മഹാ ഭൈരവി വരെ അഞ്ഞൂറിൽ പരംകോലങ്ങളാണ് എട്ട് രാവുകളിലായി ഇലന്തൂർപ്പടേനിയിൽ തുള്ളിഒഴിയുന്നത്.
ഇന്ന് :
കൊടിയേറ്റ് : രാവിലെ 9.50 നും 10.30നും മദ്ധ്യേ, കുങ്കുമാഭിഷേകം : 10.30ന്, കൊടിയേറ്റ് സദ്യ 12ന്, ചെണ്ടകേളി 5.30ന്, കളിയാട്ടം നാടൻപട്ട് 8ന്, പടയണി 11ന്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |