കോന്നി : വന്യമൃഗശല്യം രൂക്ഷമായ വനമേഖലയോട് ചേർന്ന ജനവാസമേഖലയിൽ നിന്ന് ജനങ്ങളെ മാറ്റി പാർപ്പിക്കുന്ന സ്വയം സന്നദ്ധ പുനരധിവാസ പദ്ധതിയുടെ ഭാഗമായി നിരവധി കുടുംബങ്ങൾ വീടൊഴിയാൻ ഒരുങ്ങുന്നു. കോന്നി വനം ഡിവിഷനിൽ നടുവത്തുമൂഴി, മണ്ണാറപ്പാറ റേഞ്ചുകളിലാണ് പുനരധിവാസ പദ്ധതി നടപ്പാക്കുന്നത്. കൊക്കാത്തോട് മേഖലയിൽ നിന്ന് വീടൊഴിയാൻ സന്നദ്ധത അറിയിച്ചുകൊണ്ട് 138 കുടുംബങ്ങൾ അപേക്ഷ നൽകിയിരുന്നു. ഇതിൽ 71 അപേക്ഷകളുടെ പരിശോധന പൂർത്തിയാക്കി. 51 അപേക്ഷകർ അർഹരാണെന്ന് കണ്ടെത്തിയിരുന്നു. പരിശോധനകൾ പൂർത്തിയാക്കിയ അപേക്ഷകൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ അദ്ധ്യക്ഷനായ കമ്മിറ്റിയും അംഗീകരിച്ചു. 55 അപേക്ഷകൾ കൂടി കമ്മിറ്റിയുടെ പരിഗണനയിലാണ്. 1948 മുതൽ താമസിക്കുന്നവരാണ് വീടൊഴിയുന്നത്.
കൊക്കാത്തോട്, മൂർത്തിമൺ, പൂച്ചക്കുളം മേഖലയിൽ നിന്ന് മുമ്പ് നിരവധി കുടുംബങ്ങൾ വീടുകൾ ഉപേക്ഷിച്ചു പോയിരുന്നു.
ജീവിക്കാൻ സമ്മതിക്കാതെ
കൃഷി ചെയ്യുന്നതിനും ജീവിക്കുന്നതിനും വന്യമൃഗശല്യം ഭീഷണിയായതോടെയാണ് പലരും വീടുവിട്ടിറങ്ങുന്നത്. അടിസ്ഥാന സൗകര്യ വികസനത്തിലും കൊക്കാത്തോട്, മൂർത്തിമൺ, പൂച്ചക്കുളം തുടങ്ങിയ പ്രദേശങ്ങൾ പിന്നാക്ക അവസ്ഥയിലാണ്.
ലക്ഷ്യം പുനരധിവാസം
വനത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന ജനവാസമേഖലയിലെ ജനങ്ങളുടെ പുനരധിവാസത്തിനായി ഒരുക്കുന്ന പദ്ധതിയാണ് സ്വയം സന്നദ്ധ പുനരധിവാസം. താമസയിടം വിട്ടുപോകാൻ സന്നദ്ധമാണെങ്കിൽ സർക്കാർ നഷ്ടപരിഹാരം നൽകും. ഒഴിയുന്ന സ്ഥലം സർക്കാർ ഏറ്റെടുത്ത് സ്വാഭാവിക വനമാക്കി മാറ്റും. വനമേഖലയോട് ചേർന്ന സ്ഥലങ്ങളെ അഞ്ചു യൂണിറ്റുകളാക്കിയാണ് നഷ്‍ടപരിഹാരം നൽകുക. പദ്ധതി നടത്തിപ്പിനായി എം.എൽ.എ യും ഡി.എഫ്.ഒ യും ഉൾപ്പെടുന്ന അഞ്ചു കമ്മിറ്റികളുമുണ്ട്. റീ ബിൽഡ് കേരളയിൽ ഉൾപ്പെടുന്ന പദ്ധതിയുടെ ഫണ്ട് ലഭ്യമാക്കുന്നത് കിഫ്‌ബിയിലൂടെയാണ്.
സ്വയം സന്നദ്ധ പുനരധിവാസ പദ്ധതി കോന്നി വനം ഡിവിഷനിലെ നടുവത്തുമൂഴി, മണ്ണാറപ്പാറ റേഞ്ചുകളിലാണ് നടപ്പാക്കുന്നത്.
ആയുഷ്‌കുമാർ കോറി (ഡി.എഫ്.ഒ, കോന്നി)
കൊക്കാത്തോടിൽ വീട് ഒഴിയുന്നത് :
51 കുടുംബങ്ങൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |