കോന്നി : കലഞ്ഞൂർ മഹാദേവർ ക്ഷേത്രത്തിലെ കെട്ടുകാഴ്ച ഭക്തിസാന്ദ്രമായി. വൈകിട്ട് ക്ഷേത്രത്തിൽ നിന്നുള്ള എഴുന്നള്ളത്ത് ആദ്യം കിഴക്കേക്കരയിൽ നിന്നുള്ള കെട്ടുരുപ്പടികളെ സ്വീകരിക്കുന്നതിനായി കിഴക്കേ ആൽത്തറ മണ്ഡപത്തിൽ എത്തി. ഇവിടെ കേന്ദ്രീകരിച്ച കെട്ടുരുപ്പടികളെ ആരതി ഉഴിഞ്ഞ് ക്ഷേത്രത്തിലേക്ക് ആനയിച്ചതിനുശേഷം പടിഞ്ഞാറെക്കരയിലെ കെട്ടുരുപ്പടികളെ സ്വീകരിക്കുന്നതിനായി കൊല്ലംമുക്ക് ജംഗ്ഷനിലെത്തി. നിറപറയും ആരതിയും ഉഴിഞ്ഞ് ക്ഷേത്രത്തിലേക്ക് ആനയിച്ചു. കെട്ടുരുപ്പടികൾ ക്ഷേത്രത്തിന് വലംവച്ച് വർണകാഴ്ചയൊരുക്കി. കെട്ടുരുപ്പടിയുടെ ചുമതലക്കാർ ക്ഷേത്രത്തിലെത്തി കര പറഞ്ഞതോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. കാഴ്ചശ്രീബലി എഴുന്നള്ളത്തിനൊപ്പമാണ് കെട്ടുരുപ്പടികളെ സ്വീകരിക്കുന്നതിനായി ക്ഷേത്രത്തിൽ നിന്ന് എഴുന്നെള്ളത്ത് പുറപ്പെട്ടത്. കീച്ചേരി കെട്ടുകാഴ്ച ആദ്യം ക്ഷേത്ര പ്രദക്ഷിണ വഴിയിൽ വലംവച്ചു. തുടർന്ന് വിവിധ ബാച്ചുകളിലായി ഒറ്റ, ഇരട്ട കാളകളും നിശ്ചലദൃശ്യങ്ങളും ക്ഷേത്രത്തെ വലംവച്ചു. വർഷത്തിൽ ഒരിക്കൽ ക്ഷേത്രത്തിൽ നടക്കുന്ന പിള്ളവയ്പ്പ് ചടങ്ങും വർഷത്തിൽ രണ്ടുതവണ മാത്രം നടക്കുന്ന ഇടിച്ചുപിഴിഞ്ഞ പായസം വഴിപാടും നടന്നു. കിഴക്കേക്കരക്കാരുടെ പള്ളിവേട്ട ഉത്സവം ഇന്നും പടിഞ്ഞാറെക്കരയുടെ ആറാട്ട് ഉത്സവം ഞായറാഴ്ചയും നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |