ശബരിമല വിമാനത്താവളം കോന്നിയിൽ വേണം : കെ.യു.ജനീഷ് കുമാർ

Friday 15 May 2026 12:21 AM IST

പത്തനംതിട്ട : എരുമേലിയിലെ ചെറുവള്ളിയിൽ ശബരിമല വിമാനത്താവളം നിർമ്മിക്കാൻ തടസങ്ങളുണ്ടായാൽ കോന്നിയിൽ അനുയോജ്യമായ സ്ഥലമുണ്ടെന്ന് കോന്നി നിയുക്ത എം.എൽ.എ കെ.യു ജനീഷ് കുമാർ. പ്രസ് ക്ളബിൽ മീറ്റ് ദ പ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാലപ്പുഴയിലും കോന്നിയിലും ചിറ്റാറിലും വിമാനത്താവളം നിർമ്മിക്കാൻ സ്ഥലങ്ങളുണ്ട്. ശബരിമലയുമായി ഏറ്റവും അടുത്ത സ്ഥലമെന്ന നിലയിൽ കോന്നിയിലാണ് വിമാനത്താവളം വേണ്ടത്. ഇതിനാവശ്യമായ നടപടികൾ പുതിയ സർക്കാരിൽ നിന്നു പ്രതീക്ഷിക്കുന്നു. എരുമേലിക്കു ശേഷം രണ്ടാമത് പരിഗണിക്കപ്പെട്ടത് കോന്നിയാണ്.

ശബരി പദ്ധതി നീട്ടണം

ശബരി റെയിൽ പദ്ധതി കോന്നി, പത്തനാപുരം വഴി വിഴിഞ്ഞത്തേക്ക് നീട്ടാൻ ജില്ലയിലെ മുഴുവൻ എം.എൽ.എമാരും എം.പിയും ഒന്നിച്ച് പരിശ്രമിക്കണം.

അടവിയും ആലുവാംകുടിയും ഗവിയും സീതത്തോ‌ടും ബന്ധിപ്പിച്ച് കോന്നിയെ ടൂറിസം ഡെസ്റ്റിനേഷനാക്കണം. കോന്നിയിലെ വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം വേണം. ഒരു വിധത്തിലും താമസിക്കാൻ പറ്റാത്ത വിധത്തിൽ വന്യമൃഗലശല്യം രൂക്ഷമാണ്. ആളുകൾക്ക് വീട്ടിൽ താമസിക്കാൻ കഴിയാത്ത സാഹച‌ര്യമാണ്. മൂന്നുവശവും വനത്താൽ ചുറ്റപ്പെട്ട ഒരു തരത്തിലും ജീവിക്കാൻ കഴിയാത്ത ആളുകളെ പുനരധിവസിപ്പിക്കുന്നതിന് റീബിൽഡ് കേരളയിൽ പദ്ധതി തുടങ്ങിയത് പൂർത്തീകരിക്കേണ്ടതുണ്ട്.

കോന്നിയിൽ താൽക്കാലികമായി സിഗ്നൽ സ്ഥാപിക്കാൻ പൊതുമരാമത്ത് നടപടിയെടുക്കുന്നുണ്ട്. കോന്നി മെഡിക്കൽ കോളേജിലേക്കുള്ള റോഡിന്റെ എൺപത് ശതമാനം പൂർത്തീകരിച്ചു. ബാക്കി സ്ഥലം ഏറ്റെടുക്കൽ സംബന്ധിച്ച കാര്യം ഉടൻ പരിഹരിക്കും. കോന്നി മെഡിക്കൽ കോളേജിൽ പി.ജി കോഴ്സുകൾ ഈ വർഷം ആരംഭിക്കും. കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ പ്രവർത്തിപ്പിക്കുന്നതിന് ആദ്യഘട്ടത്തിൽ കെട്ടിടം പണിത സ്ഥലം ഉടമയ്ക്ക് നഷ്ടപരിഹാരം നൽകുന്നതിന് കോടതി സർക്കാരിന്റെ അഭിപ്രായം തേടിയിരുന്നു. ഇനി കോടതി ചേരുമ്പോൾ സർക്കാരിന് നിർദേശം നൽകിയേക്കും. മലയാലപ്പുഴ ബസ് സ്റ്റാൻഡി​ൽ ശുചിമുറി പഞ്ചായത്ത് പണിഞ്ഞാൽ മാത്രമേ പ്രവർത്തനാനുമതി ലഭിക്കുകയുള്ളൂ.

ബി.ജെ.പി വോട്ടുകൾ യു.ഡി.എഫിന് മറഞ്ഞു

ബി.ജെ.പി വോട്ടുകൾ യു.ഡി.എഫിലേക്ക് മറിച്ചതുകൊണ്ടാണ് തനിക്ക് ഭൂരിപക്ഷം കുറഞ്ഞതെന്ന് കെ.യു.ജനീഷ് കുമാർ. ഇത്തവണ എൽ.ഡി.എഫിന് 1500 വോട്ടുകൾ കൂടുതൽ കിട്ടി. അതേസമയം, ബി.ജെ.പിക്ക് പതിനയ്യായിരത്തിലേറെ വോട്ടുകൾ കുറഞ്ഞു. ബി.ജെ.പി നേതാക്കൾ ഉൾപ്പെടെ യു.ഡി.എഫിന് വോട്ടു ചെയ്തതിന്റെ വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. തിരുവല്ലയിൽ എൽ.ഡി.എഫ് വോട്ടുകൾ ബി.ജെ.പിക്ക് ലഭിച്ചതിനെ പറ്റി പാർട്ടി അന്വേഷിക്കും. തിരുവല്ലയിലെ ബി.ജെ.പിയുടെ രണ്ടാംസ്ഥാനത്തേക്കുള്ള മുന്നേറ്റം ഞെട്ടിപ്പിക്കുന്നതാണെന്ന് ജനീഷ് കുമാർ പറഞ്ഞു.