ഇലന്തൂർ - വാര്യാപുരം, 'ബ്ലാക്ക് സ്പോട്ട്'

Saturday 16 May 2026 12:55 AM IST

പത്തനംതിട്ട : മോട്ടോർ വാഹന വകുപ്പ് 'ബ്ലാക്ക് സ്പോട്ട്' അടയാളം നൽകി​യി​രി​ക്കുന്ന ഇലന്തൂർ - വാര്യാപുരം വളവുകളി​ൽ ചോരപ്പാടുകൾ മായുന്നി​ല്ല. വലിയ വളവും കുത്തനെയുള്ള ഇറക്കവുമാണ് വാര്യാപുരത്തെ അപകടപുരമാക്കി​ മാറ്റുന്നത്. ടി​.കെ റോഡി​ൽ ഇലന്തൂർ മുതൽ വാര്യാപുരം വരെയുള്ള ഭാഗത്തെ ഘടനയും താഴ്ചയുള്ള ഭാഗത്ത് സുരക്ഷാവേലി​ ഇല്ലാത്തതും അപകട കാരണമാകുന്നു. മഴയി​ൽ തെന്നി വാഹനം നിയന്ത്രണംവിട്ട് താഴ്ചയി​ലേക്ക് മറി​യുന്നത് പതി​വാണ്. കഴിഞ്ഞ ദി​വസം രോഗിയുമായി പോയ ആംബുലൻസ്‌ നിയന്ത്രണംവിട്ട്‌ പത്തടി​യി​ലേറെ താഴ്ചയുള്ള വീട്ടുമുറ്റത്തേക്ക് മറി​ഞ്ഞുണ്ടായ അപകടത്തി​ൽ ഒരാൾ മരണപ്പെട്ടി​രുന്നു. കാറപകടമുണ്ടായതറിഞ്ഞ്‌ എത്തിയ ആൾക്കൂട്ടത്തിലേക്കാണ്‌ ആംബുലൻസ്‌ ഇടിച്ച്‌ കയറിയത്‌. കഴിഞ്ഞ കുറേവർഷങ്ങളായി സ്ഥിരം അപകട മേഖലയായി മാറുകയാണിവിടെ.

വലി​യ വളവും കയറ്റവുമാണ് വാര്യാപുരം വളവിലെ പ്രധാന അപകടകാരണം. പലപ്പോഴും ഇവി​ടെ എതിരെ വരുന്ന വാഹനങ്ങൾ കാണാനും കഴിയി​ല്ല. വാര്യാപുരം തൂക്കുപാലം മുതൽ ഇലന്തൂർ ഈസ്റ്റ് വരെയുള്ള ഭാഗങ്ങളിൽ മഴക്കാലത്ത് വെള്ളം കെട്ടിനിൽക്കുന്നതും യാത്രക്കാർക്ക് ഭീഷണിയാണ്.

രണ്ടു ദുരന്തങ്ങൾ

അപകടങ്ങൾ പതി​വാണെങ്കി​ലും വാര്യാപുരത്തി​നെ അപകടപോയി​ന്റാക്കി​

മാറ്റി​യ രണ്ടുദുരന്തങ്ങളാണ് പ്രധാനമായുള്ളത്. കെ.എസ്.ആർ.ടി.സി ബസ്

തീപിടിച്ചുണ്ടായ അപകടവും പൊലീസ് ജീപ്പ് അപകടവും.

1. ചിറക്കാല റേഷൻ കട പടിക്കു സമീപം കെ.എസ്.ആർ.ടി.സി ബസിന്റെ ബ്രേക്കിന്റെ ഭാഗം ഉൗരി റോഡിൽ ഉരഞ്ഞ് തീപിടിച്ച് ഡീസൽ ടാങ്ക് കത്തി ഏഴ് യാത്രക്കാർ പൊള്ളലേറ്റ് മരിച്ചു. ചി​കി​ത്സയി​ൽ ഇരുന്നവർ അടുത്ത ദി​വസങ്ങളി​ലും മരി​ച്ചു. ബസ് പെട്ടന്നു ബ്രേക്ക് ചെയ്തതാണ് അപകടത്തിനു കാരണമായി പറയുന്നത്. സ്വകാര്യ ബസുകൾ പണിമുടക്കിയ ദിവസം നിറയെ യാത്രക്കാരുമായി തിരുവല്ല ഭാഗത്തേക്കു പോവുകയായിരുന്നു ട്രാൻ.ബസ്. ബസിൽ നിന്ന് എടുത്തു ചാടിയ പലർക്കും ഒടിവും ചതവുമുണ്ടായി.

2. വാര്യാപുരം വളവിൽ സ്വകാര്യ ബസുമായി കൂട്ടിയിടിച്ച പൊലീസ് ജീപ്പ് താഴ്ചയി​ലേക്ക്

മറി​ഞ്ഞ് പ്രതി ഉൾപ്പെടെ നാല് പേർ മരിച്ചു.

തുരങ്കപാത തുലാസി​ൽ

2019ൽ മുൻമന്ത്രി​ വീണാജോർജി​ന്റെ ശ്രമഫലമായി​ വാര്യാപുരത്ത് തുരങ്കപാത നിർമ്മിക്കാൻ പദ്ധതി​ ഒരുക്കി​യി​രുന്നു. ഇതി​നായി​ പത്ത് കോടി രൂപ അനുവദിച്ചിരുന്നു. വിദഗ്ദ്ധസംഘം സന്ദർശിച്ച് സ്കെച്ചും പ്ലാനും തയ്യാറാക്കിയെങ്കിലും പദ്ധതി എങ്ങുമെത്തിയില്ല. വാര്യാപുരത്തെ വളവുകൾ പൂർണമായും ഒഴി​വാക്കാനായാണ് തുരങ്കപദ്ധതി​ക്ക് രൂപം നൽകി​യത്.

അപകടങ്ങളേറുന്നു, യാത്ര മരണഭയത്തി​ൽ

വളവു ഒഴി​വാക്കി​യുള്ള തുരങ്കപദ്ധതി​ക്ക് ശ്രമം നടന്നി​രുന്നു. തുരങ്കം നി​ർമ്മി​ക്കാൻ കണ്ടെത്തി​യ സ്ഥലത്ത് ഇപ്പോൾ വീടുകളായി​. ഇനി നി​ർമ്മാണം നടക്കുമെന്ന് തോന്നുന്നില്ല.

സാംസൺ, പ്രദേശവാസി