തെള്ളിയൂർ: ചക്ക അടിസ്ഥാനമാക്കിയുള്ള മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ സാങ്കേതികവിദ്യാ വികസനവും സംരംഭകത്വ വികസനവും ലക്ഷ്യമിട്ട് പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാനകേന്ദ്രവും മേഘാലയ ഭക്ഷ്യസംസ്കരണ മന്ത്രാലയവും ധാരണാപത്രത്തിൽ ഒപ്പുവച്ചു.. മേഘാലയിലെ ചക്ക ഉൽപ്പന്ന നിർമ്മാണ മേഖലയുടെ സമഗ്ര വികസനത്തിന് ആവശ്യമായുള്ള സാങ്കേതിക വിദ്യാവികസനം, പ്രധാന പരിശീലകരുടെ ശാക്തീകരണം, ചക്ക അധിഷ്ഠിത ഉൽപ്പന്നങ്ങളുടെ സാദ്ധ്യതകളെപ്പറ്റിയുള്ള ബഹുജന ബോധവത്കരണം, നാനോ മൈക്രോ ചെറുകിട സംരംഭങ്ങൾ എന്നിവയാണ് ലക്ഷ്യമിടുന്നതെന്ന് പ്രോജക്ട് കോർഡിനേറ്റർ (എസ്. ആർ. സി) ഡോ. റിൻസി കെ. എബ്രഹാം പറഞ്ഞു. മേഘാലയിലെ സൗത്ത് ഗാരോ, ഹിൽസ് ഈസ്റ്റ് ,ഖാസി ഹിൽസ് എന്നീ ജില്ലകളിൽ വ്യാപകമായി പ്ലാവ് വളരുകയും ചക്ക നൽകുകയും ചെയ്യുന്നുണ്ടെങ്കിലും ചക്കയുടെ ഉപയോഗ സാദ്ധ്യതകളെപ്പറ്റിയുള്ള അവബോധം ഇല്ലാത്തതിനാൽ വേണ്ടരീതിയിൽ ഇവ ഉപയോഗിക്കുന്നില്ല. പ്ലാവുകളുടെ സർവേ, ജിയോ ടാഗിങ്, ചക്കയുടെയും ചക്ക അധിഷ്ഠിത മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെയും വിപണനം എന്നിവ സാദ്ധ്യമാക്കുന്നതിന് സഹായകരമായ സോഫ്റ്റ്വെയർ വികസനം പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. മുൻകാലങ്ങളിൽ മേഘാലയ ഇൻസ്റ്റിറ്റിയൂട്ട് ഒഫ് എൻട്രപ്രണർഷിപ്പ് തിരഞ്ഞെടുത്ത 40 സംരംഭകർക്ക് കൃഷി വിജ്ഞാന കേന്ദ്രത്തിൽ പരിശീലനം നൽകിയിട്ടുണ്ട് . മേഘാലയ ജാക്ക് മിഷൻ രൂപീകരിക്കുന്നതിനും കൃഷി വിജ്ഞാന കേന്ദ്രം സംഭാവനകൾ നൽകിയിട്ടുണ്ട്. മേഘാലയിലെ ചക്ക മൂല്യവർദ്ധിത ഉല്പന്ന നിർമ്മാണ മേഖലയുടെ സമ്പൂർണ വികസനത്തിന് ഈ ഉടമ്പടി സഹായകരമാകുമെന്ന് മേഘാലയ ഭക്ഷ്യസംസ്കരണ മന്ത്രാലയം ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി ലിങ്ദോ സുയാം പറഞ്ഞു. ധാരണാപത്രം ഒപ്പിടൽ ചടങ്ങിൽ എം ഡി ഫെൻഡർ ഷടാപ്പ് (അസിസ്റ്റന്റ് ഡയറക്ടർ ഹോർട്ടികൾച്ചർ ഫുഡ് പ്രോസസിംഗ്) റവ. മോൻസി വർഗീസ് (അസിസ്റ്റന്റ് ഡയറക്ടർ കാർഡ്), മോഡി പി. ജോർജ് (ട്രഷറർ കാർഡ്), ബിനു ജോൺ (പ്രോഗ്രാം അസിസ്റ്റന്റ്, കെവികെ), ഗിപ്ത്തി മോഹൻ (പ്രോജക്ട് മാനേജർ, എസ്.ആർ. സി) എന്നിവർ സംസാരിച്ചു.
ചക്കയ്ക്കൊപ്പം കൃഷിവിജ്ഞാന കേന്ദ്രം
ഒരു ദശാബ്ദത്തിനു മുൻപ് കേരളത്തിൽ വ്യാപകമായി പാഴായിക്കൊണ്ടിരുന്ന ചക്കയ്ക്ക് സംസ്ഥാന ഫലം എന്ന പദവി നേടിക്കൊടുക്കുന്നതിൽ തെള്ളിയൂർ കൃഷിവിജ്ഞാനകേന്ദ്രം സംഭാവന നൽകിയിട്ടുണ്ട്. കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ട ചക്ക ബോധവത്കരണ കാമ്പയിനുകൾ, സാങ്കേതികവിദ്യാ വികസനങ്ങൾ എന്നിവ ശ്രദ്ധേയമായിരുന്നു. കേരളത്തിന് അകത്തും പുറത്തും ധാരാളം ചക്ക അധിഷ്ഠിത സംരംഭങ്ങൾ ആരംഭിക്കുന്നതിന് കൃഷിവിജ്ഞാന കേന്ദ്രം നൽകിയ പരിശീലനങ്ങളും സാങ്കേതികവിദ്യകളും സഹായകരമായിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |