കോഴിക്കോട്: മാനസിക വൈകല്യമുള്ള യുവതിയെ ബസിലിട്ട് കൂട്ടബലാത്സംഗം ചെയ്ത് മുങ്ങിയ മുഖ്യപ്രതി പന്തീർപാടം പാണരുക്കണ്ടത്തിൽ ഇന്ത്യേഷ്കുമാറി(38)നെ മെഡിക്കൽ കോളേജ് അസിസ്റ്റന്റ് കമ്മിഷണർ കെ.സുദർശനും സിറ്റി സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും ചേർന്ന് സേലത്ത് വെച്ച് കസ്റ്റഡിയിലെടുത്തു. കേസിലെ മറ്റു പ്രതികളായ കുന്ദമംഗലം സ്വദേശികളായ മലയൊടിയാറുമ്മൽ വീട്ടീൽ ഗോപീഷ് (38), പന്തീർപാടം മേലേപൂളോറ വീട്ടിൽ മുഹമ്മദ് ഷമീർ (32) എന്നിവരെ പൊലീസ് നേരത്തെ പിടികൂടിയിരുന്നു.
2021ജൂലൈ നാലിനായിരുന്നു കേസിനാസ്പദമായ സംഭവം. ചേവായൂരിലെ വീട്ടിൽ നിന്നും രക്ഷിതാക്കളോട് പിണങ്ങി വീടുവിട്ടിറങ്ങിയ മാനസികാസ്വാസ്ഥ്യമുള്ള യുവതിയാണ് പീഡനത്തിനിരയായത്. മുണ്ടിക്കൽത്താഴം വയൽ സ്റ്റോപ്പിനടുത്ത് സ്കൂട്ടറിലെത്തിയ രണ്ട് യുവാക്കൾ യുവതിയെ കയറ്റി കൊണ്ടുപോയി കോട്ടാംപറമ്പിലുള്ള ബസ് ഷെഡിൽ നിർത്തിയിട്ട ബസിൽ വെച്ച് അതിക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു. പിന്നീട് സുഹൃത്തായ മുഹമ്മദ് ഷമീറിനെ വിളിക്കുകയും ഷമീർ പത്താം മൈലിലുള്ള വീട്ടിൽ നിന്നും ഓട്ടോ വിളിച്ച് കോട്ടാംപറമ്പിലെത്തി യുവതിയെ പീഡനത്തിനിരയാക്കുകയുമായിരുന്നു.
ഗോപിഷ് മുണ്ടിക്കൽ താഴത്തുള്ള ഹോട്ടലിൽ നിന്നും ഭക്ഷണം പാർസൽ വാങ്ങി യുവതിക്ക് നൽകുകയും പിന്നീട് ഗോപിഷും ഷമീറും ചേർന്ന് യുവതിയെ ബൈക്കിൽ കയറ്റി കുന്ദമംഗലം ഓട്ടോസ്റ്റാൻഡിനടുത്ത് ഇരുട്ടിന്റെ മറവിൽ ഇറക്കി വിടുകയുമായിരുന്നു. രാത്രി വീട്ടിലെത്തിയ യുവതിയുടെ സ്വഭാവത്തിൽ അസ്വാഭാവികത തോന്നിയ രക്ഷിതാക്കൾ ചോദിച്ചതിൽ നിന്നാണ് യുവതി ക്രൂരമായ പീഡനത്തിനിരയായ വിവരം പുറത്തുവന്നത്. തുടർന്ന് ചേവായൂർ പൊലീസ് സ്റ്റേഷനിലെത്തി പരാതിപ്പെടുകയുമായിരുന്നു.
സംഭവം നടന്ന ശേഷം യുവതി സംഭവസ്ഥലത്ത് തൂങ്ങി മരിച്ചെന്ന് ഗോപീഷ് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യേഷ് നാടുവിട്ടത്. പിന്നീട് പഴനി, തിരുവണ്ണാമലൈ തുടങ്ങിയ സ്ഥലങ്ങളിൽ വേഷം മാറി താമസിച്ചെങ്കിലും അവിടെയെല്ലാം പൊലീസ് എത്തിയെങ്കിലും പൊലീസിനെ വെട്ടിച്ച് കടന്നു കളയുകയായിരുന്നു. തുടർന്ന് വാരാണസിയിലേക്ക് കള്ളവണ്ടി കയറി അവിടുത്തെ സന്യാസിമാരോടൊപ്പം കഴിയുകയായിരുന്നു. ഇയാൾ ബന്ധപ്പെടാൻ സാദ്ധ്യതയുള്ളവരെയെല്ലാം പോലീസ് രഹസ്യമായി നിരീക്ഷിച്ചു കൊണ്ടിരുന്നു. അങ്ങനെ പൊലീസ് അന്വേഷണം ഒഴിവാക്കിയെന്ന് കരുതിയ ഇന്ത്യേഷ് നീണ്ട ഇടവേളയ്ക്ക് ശേഷം നാട്ടിലെ ഒരാളെ ബന്ധപ്പെട്ട് വീട്ടുകാര്യങ്ങൾ അന്വേഷിക്കുകയും നാട്ടിൽ വന്ന് അമ്മയേയും സഹോദരങ്ങളെയും കണ്ട് വരാണസിക്ക് തന്നെ മടങ്ങാനും തീരുമാനിച്ച വിവരം മനസിലാക്കിയ പൊലീസ് സേലം ഭാഗത്തേക്ക് ട്രെയിൻ കയറുകയും ഇയാൾ വരുന്ന ട്രെയിൻ മനസിലാക്കി അതിൽ കയറി തിരഞ്ഞ് കണ്ടു പിടിച്ച് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |