തിരുവനന്തപുരം:ടെൻഡർ വ്യവസ്ഥകളിലെ തർക്കങ്ങൾ മൂലം പണി മുടങ്ങിയ വർക്കല ശിവഗിരി തൊടുവെയിൽ പാലത്തിന്റെ നവീകരണത്തിനും നിർമ്മാണത്തിനുമുള്ള ടെൻഡറിന് സംസ്ഥാന മന്ത്രിസഭ അംഗീകാരം നൽകി. നിലവിലുള്ള വ്യവസ്ഥകളിൽ ഇളവ് വരുത്തിയാണ് അംഗീകാരം.ശിവഗിരി തീർത്ഥാടനം പരിഗണിച്ചാണ് മന്ത്രിസഭയുടെ തിടുക്കത്തിലുള്ള അനുമതി. ശിവഗിരി തീർത്ഥാടനത്തിനെത്തുന്ന ലക്ഷക്കണക്കിന് ഭക്തജനങ്ങൾക്ക് വർക്കല റെയിൽവേ സ്റ്റേഷനിൽ നിന്ന് ശിവഗിരി മഠത്തിലേക്കുള്ള ദൂരം മൂന്ന് കിലോമീറ്റർ കുറയ്ക്കുന്നതാണ് തൊടുവെയിൽ പാലം.കൂടാതെ കാൽനടയായി എളുപ്പത്തിൽ ശിവഗിരി, ശ്രീനാരായണ ഗുരുകുലം, ബ്ലൈൻഡ് സ്കൂൾ, എസ്.എൻ കോളേജ്,ശിവഗിരി നഴ്സിംഗ് കോളേജ്, ശിവഗിരി ഹൈസ്കൂൾ, കണ്വാശ്രമം,ശിവഗിരി എസ്.എൻ സീനിയർ സെക്കൻഡറി സ്കൂൾ, മന്നാനിയ അറബിക് കോളേജ്, എം.എ.എം സീനിയർ സെക്കൻഡറി സ്കൂൾ,കെ.എസ്.ഇ.ബി സബ് സ്റ്റേഷൻ എന്നിവിടങ്ങളിലെത്താനും ഇതുവഴി സാധിക്കും.140 വർഷം മുൻപ് ടി.എസ് കനാലിനു കുറുകെ ശിവഗിരി തൊടുവെ പ്രദേശത്തു നിന്ന് ചെറുകുന്നം ഭാഗത്തേക്ക് ബ്രിട്ടീഷുകാർ നിർമ്മിച്ചതാണ് പാലം. നാശോന്മുഖമായ പാലം വി. ജോയി എം.എൽ.എയുടെ നിരന്തര ശ്രമഫലമായി 2017-18ലാണ് കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച് പുനർനിർമ്മിക്കാൻ തീരുമാനിച്ചത്. തുടർന്ന് രൂപകല്പനയും 30കോടി രൂപയുടെ എസ്റ്റിമേറ്റും തയ്യാറാക്കി.എന്നാൽ പാലത്തിന്റെ ഇമ്മിഡിയറ്റ് അപ്രോച്ച് റോഡ് അവസാനിക്കുന്ന ഭാഗത്ത് നടയറ ഭാഗത്തുള്ള റോഡിലെ കൊടുവളവ് അപകടസാദ്ധ്യതയുണ്ടാക്കുമെന്ന റിപ്പോർട്ടിനെ തുടർന്ന് തുടർനടപടികൾ സ്തംഭിച്ചു. തുടർന്ന് വി.ജോയി എം.എൽ.എ ഇടപെട്ട് റീ ഡിസൈനിംഗിന് നടപടിയെടുത്തു. എന്നാൽ അപ്രോച്ച് റോഡിന്റെ വളവ് നിവർത്തി പുതിയ റോഡുണ്ടാക്കാൻ ഭൂമിയേറ്റെടുക്കേണ്ടിവന്നു. ഇതെല്ലാം ശരിയാക്കി പാലത്തിനും റോഡിനും പുതിയ രൂപകല്പന തയ്യാറാക്കി വ്യവസ്ഥകളിൽ ഇളവ് വരുത്തിയാണ് മന്ത്രിസഭ അംഗീകാരം നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |