കൊഴിഞ്ഞാമ്പാറ: മകനെ അടിക്കുന്നത് കണ്ട് തടയുന്നതിനിടെ പരിക്കേറ്റ് വൃദ്ധൻ മരിച്ച സംഭവത്തിലെ പ്രതികൾക്ക് ആറേമുക്കാൽ വർഷം കഠിന തടവും 19,000 രൂപ പിഴയും ശിക്ഷ. കോഴിപ്പാറ എരവട്ടപാറ ഉളിയാർ വീട്ടിൽ മുതലമുത്തു (60) മരിച്ച കേസിലെ പ്രതികളായ കോഴിപ്പാറ പാലിയൻത്തറ അറുളൻ വീട്ടിൽ ബ്രിട്ടോ (40), പുഷ്പരാജ് (47), കോഴിപ്പാറ പാലിയൻത്തറ ചിറ്റൂരാൻ വീട്ടിൽ ജോൺ ഗുരുസാമി (36) എന്നിവരെയാണ് പാലക്കാട് നാലാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജ് എൽ.ജയവന്ത് ശിക്ഷ വിധിച്ചത്. കേസിന്റെ വിചാരണയ്ക്കിടയിൽ കൂറുമാറിയ സാക്ഷികൾക്കെതിരെ കോടതി സ്വമേധയാ നടപടി എടുത്തിട്ടുള്ളതാണ്.
2013 ഡിസംബർ 12 രാവിലെ 10.30നാണ് സംഭവം. മുതലമുത്തുവിന്റെ മകൻ ജയരാജിനെ പ്രതികൾ വീടിന്റെ കോമ്പൗണ്ടിലേക്ക് അതിക്രമിച്ച് കയറി അടിക്കുകയായിരുന്നു. ഇതുകണ്ട് തടയുന്നതിനിടയിലാണ് മുതലമുത്തുവിന് പരിക്കേറ്റത്. തുടർന്ന് ചികിത്സയിലിരിക്കെ മരിച്ചു.
അന്നത്തെ കൊഴിഞ്ഞാമ്പാറ എസ്.ഐ ആയിരുന്ന ബിനു രജിസ്റ്റർ ചെയ്ത കേസ് സാഹചര്യ തെളിവുകളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിൽ ചിറ്റൂർ സി.ഐ ആയിരുന്ന സിദ്ദീഖ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.
പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ഗവൺമെന്റ് പ്ലീഡർ വിജയകുമാർ, മുൻ അഡീഷണൽ ഗവൺമെന്റ് പ്ലീഡർ റെഡ്സൺ സ്കറിയ എന്നിവർ ഹാജരായി. പ്രോസിക്യൂഷൻ 24 രേഖകൾ ഹാജരാക്കി 14 സാക്ഷികളെ വിസ്തരിച്ചു. ജില്ലാ പ്രോസിക്യൂഷൻ ലൈസൺ വിങ്ങിലെ സീനിയർ സി.പി.ഒ ജിനപ്രസാദ് പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |