പൂവാർ: പൊഴിക്കരയിലെ ബ്രേക്ക് വാട്ടറിൽ പ്രവർത്തിക്കുന്ന ഫ്ലോട്ടിംഗ് റസ്റ്റോറന്റുകളിൽ ഭക്ഷണത്തിനായി വിനോദസഞ്ചാരികളിൽ നിന്നും അമിത തുക ഈടാക്കുന്നതായി പരാതി. ബോട്ട് ഡ്രൈവർമാരുടെയും ഇടനിലക്കാരുടെയും കമ്മീഷന്റെ വർദ്ധനവ് കാരണമാണ് അമിത തുക ഈടാക്കേണ്ടി വരുന്നതെന്ന് ചില റസ്റ്റോറന്റ് ഉടമകൾ പറയുന്നു. 35 മുതൽ 50 ശതമാനം വരെ കമ്മീഷനാണ് ബോട്ട് ഡ്രൈവർമാർ വാങ്ങുന്നത്. പൂവാറിൽ 350 ഓളം ബോട്ടുകൾ സവാരി നടത്തുന്നുണ്ട്. ഇതിൽ ക്ലബുകളിൽ പ്രവർത്തിക്കുന്ന ബോട്ടുകളും യൂണിയൻ ബോട്ടുകളും കൂടാതെ സ്വന്തമായി ബോട്ട് വാങ്ങി സവാരി നടത്തുന്നവരും ഉൾപ്പെടുന്നു. ഭക്ഷണത്തിനായി അമിത തുക ഈടാക്കുന്നതിനെപ്പറ്റി ബോട്ട് ക്ലബുകളിൽ വിനോദസഞ്ചാരികൾ പരാതിപ്പെട്ടിട്ടും നടപടിയില്ലെന്നും ആക്ഷേപമുണ്ട്. 4 പേർ അടങ്ങുന്ന ചെറിയൊരു കുടുംബം ഫ്ലോട്ടിംഗ് റസ്റ്റോറന്റിൽ നിന്നും ഭക്ഷണം കഴിച്ചാൽ 10000 രൂപ വരെ ഈടാക്കുന്നുണ്ടെന്നാണ് പരാതി. ക്രിസ്മസ് ആഘോഷവും ന്യൂഇയർ ആഘോഷങ്ങളും അടുത്ത സാഹചര്യത്തിൽ പൂവാറിലേക്ക് വലിയ തോതിൽ ടൂറിസ്റ്റുകൾ എത്തുമെന്നാണ് പ്രതീക്ഷ. ഈ സാഹചര്യത്തിൽ ഫ്ലോട്ടിംഗ് റസ്റ്റോറന്റുകളിലെ അമിത ചാർജ്ജ് നിയന്ത്രിക്കാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെയും സഞ്ചാരികളുടെയും ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |