മർദ്ദിച്ചത് എസ്.എഫ്.ഐ പ്രവർത്തകരെന്ന് പരാതി
തിരുവനന്തപുരം: റാഗിംഗിനിരയായ വിദ്യാർത്ഥിയുമായി കോളേജിലെത്തിയ മാതാവിനെ പൊലീസ് നോക്കിനിൽക്കെ കോളേജ് വളപ്പിലിട്ട് എസ്.എഫ്.ഐ പ്രവർത്തകർ മർദ്ദിച്ചതായി പരാതി. ഇന്നലെ ഹൈക്കോടതി അഭിഭാഷകയും ആലപ്പുഴ മഹിളാമോർച്ച ജില്ലാ ജനറൽ സെക്രട്ടറിയുമായ നിഷ പ്രവീണിനെ (40) ലാ അക്കാഡമി എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി ഡി.എസ്.അർജുന്റെ നേതൃത്വത്തിൽ മർദ്ദിച്ചെന്നാണ് ആരോപണം.
തുടർന്ന് കോളേജിലുണ്ടായ എ.ബി.വി.പി-എസ്.എഫ്.ഐ സംഘർഷത്തിൽ എ.ബി.വി.പി കോളേജ് യൂണിറ്റ് സെക്രട്ടറി അദ്വൈത്,പ്രവർത്തകരായ ശ്രീതു,രേഷ്മ,എസ്.എഫ്.ഐ യൂണിറ്റ് ജോയിന്റ് സെക്രട്ടറി അമേയ എന്നിവർക്ക് പരിക്കേറ്റു. ഇവർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. കഴിഞ്ഞ നവംബർ ആറിന് നിഷയുടെ മകനും കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥിയുമായ അർജുനെ (18) കോളേജിലെ എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി ഡി.എസ്.അർജുന്റെ നേതൃത്വത്തിൽ റാഗിംഗിനിരയാക്കിയിരുന്നു.
ടോയ്ലെറ്റിന്റെ ഭാഗത്തുകൊണ്ടുപോയി ഷൂ നിർബന്ധിച്ച് നക്കിച്ചെന്നും മർദ്ദിച്ചെന്നുമാരോപിച്ച് അർജുൻ കോളേജ് അധികാരികൾക്ക് പരാതി നൽകിയിരുന്നു. പരാതി നൽകിയതിന്റെ വൈരാഗ്യത്തിൽ ഡിസംബർ 20ന് കോളേജിലെ ക്രിസ്‌മസ് ആഘോഷവേളയിൽ എസ്.എഫ്.ഐ പ്രവർത്തകർ വടികൊണ്ട് അർജുനെയും സുഹൃത്തുകളെയും മർദ്ദിച്ചതോടെ മാതാപിതാക്കളായ നിഷയും പ്രവീൺ ശേഖറും പേരൂർക്കട പൊലീസിൽ പരാതി നൽകി.
പരാതിൽ അനന്തജിത്ത്,ഷഫാൻ ഷാ,യൂണിറ്റ് സെക്രട്ടറി ഡി.എസ്.അർജുൻ,അബിൻ രത്ന,അലൻ എന്നിവർക്കെതിരെ വധശ്രമം അടക്കം ജാമ്യമില്ലാ വകുപ്പുപ്രകാരം പേരൂർക്കട പൊലീസ് കേസെടുത്തു. എന്നാൽ റാഗിംഗ് നിരോധന നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്‌തില്ലെന്നാരോപിച്ച് നിഷ ഹൈക്കോടതിയെ സമീപിക്കുകയും അനുകൂല വിധി സമ്പാദിക്കുകയും ചെയ്‌തു.
ഇതേദിവസം തന്നെ അർജുൻ തന്റെ അടിവയറ്റിൽ ചവിട്ടിയെന്നും സുഹൃത്തിനെ ജാതിപ്പേര് വിളിച്ചെന്നും ആരോപിച്ച് എസ്.എഫ്.ഐ പേരൂർക്കട ഏരിയാ കമ്മിറ്റി അംഗവും ലാ അക്കാഡമി എസ്.എഫ്.ഐ യൂണിറ്റ് ജോയിന്റ് സെക്രട്ടറിയുമായ അമേയയും പൊലീസിൽ പരാതി നൽകി. ഇന്നലെ കേസിന്റെ ഭാഗമായി മഹസർ തയ്യാറാക്കുന്നതിന് പേരൂർക്കട പൊലീസ് ആവശ്യപ്പെട്ടപ്രകാരമാണ് അർജുനും മാതാപിതാക്കളായ നിഷയും പ്രവീൺ ശേഖറും കോളേജിലെത്തിയത്.
ഇതിനിടെ ക്യാന്റീനിലെത്തിയ നിഷയെ എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി ഡി.എസ്.അർജുന്റെയും അമേയയുടെയും നേതൃത്വത്തിലുള്ള സംഘം തടഞ്ഞുനിറുത്തുകയും മർദ്ദിക്കുകയും സാരി വലിച്ചുകീറിയെന്നുമാണ് പരാതി. പിന്നാലെയാണ് എസ്.എഫ്.ഐ-എ.ബി.വി.പി പ്രവർത്തകർ പൊലീസ് നോക്കിനിൽക്കെ ഏറ്റുമുട്ടിയത്. നിഷയെ മർദ്ദിച്ചെന്ന പരാതിയിൽ എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെയും അമേയയെ മർദ്ദിച്ചെന്ന പരാതിയിൽ നിഷയ്‌ക്കെതിരെയും കേസെടുത്തതായി പേരൂർക്കട പൊലീസ് അറിയിച്ചു.
പൊലീസ് ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്ത പ്രതി അർജുനാണ് കോളേജ് വളപ്പിൽ സാരി വലിച്ചുകീറി മുഖത്തടിച്ചത്. ''നീ ഇതിന് കൂടി കൊണ്ടുപോയി പരാതികൊടുക്ക്' എന്ന് പറഞ്ഞായിരുന്നു ആക്രമണം. പിന്നാലെ പെൺകുട്ടികളും ഉപദ്രവിച്ചു. പൊലീസ് പറഞ്ഞിട്ടാണ് മകനുമായി കോളേജിലേക്ക് ചെന്നത്. അവിടെ ഞങ്ങൾക്ക് സംരക്ഷണം നൽകേണ്ടവർ കാഴ്ചക്കാരുടെ റോളിലായിരുന്നു.
നിഷ (അർജുന്റെ മാതാവ് )
കോളേജ് ക്യാമ്പസിലെത്തിയ അർജുന്റെ അമ്മ അയാൾക്കെതിരെ പരാതി നൽകിയതിനെച്ചൊല്ലി എന്നോട് മോശമായി സംസാരിച്ചു. മകനെതിരായ കേസ് പിൻവലിച്ചില്ലെങ്കിൽ പണി തരുമെന്നും ഭീഷണിപ്പെടുത്തി പിടിച്ചുതള്ളുകയും കഴുത്തിൽ പിടിച്ച് മുഖത്തടിക്കുകയുമായിരുന്നു. തുടർന്നായിരുന്നു സംഘർഷമുണ്ടായത്.
അമേയ (ലാ അക്കാഡമി, എസ്.എഫ്.ഐ യൂണിറ്റ് ജോയിന്റ് സെക്രട്ടറി)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |