മലയിൻകീഴ് : വിളവൂർക്കൽ കാരംകോട്ടുകോണത്ത് യുവാക്കൾ തമ്മിലുണ്ടായ വാക്കുതർക്കത്തിൽ ഒരാൾ കുത്തേറ്റ് മരിച്ചു. നാലു പേർ ഗുരുതരാവസ്ഥയിൽ മെഡിക്കൽ
കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ശനിയാഴ്ച രാത്രി 11.30 മണിയോടെയാണ്
സംഭവം. വിളവൂർക്കൽ കുളത്തുംകര കാരംകോട്ട് കോണം ശാലിനി ഭവനിൽ മണികണ്ഠന്റെ
മകൻ എം.എസ്.ശരത്(25)ആണ് മരിച്ചത്. സമീപവാസികളായ
അഖിലേഷ്,ആദർശ്(26),രാജേഷ്,ജോയി എന്നിവരാണ് ഗുരുതര പരിക്കേറ്റ്
ചികിത്സയിലുള്ളത്. ഇവരിൽ ആദർശിന്റെ നില അതീവ ഗുരുതരമാണ്. കുടൽ പുറത്തേക്കു ചാടിയ നിലയിലാണ് ആദർശിനെ ആശുപത്രിലെത്തിച്ചത്. കൊലപാതകവുമായി
ബന്ധപ്പെട്ട് അരുൺ,സഹോദരൻ അനീഷ്,സുഹൃത്ത് സോളമൻ എന്നിവരെ മലയിൻകീഴ്
പൊലീസ് കസ്റ്റഡിയിലെടുത്തു. സമീപത്തെ ആലന്തറക്കോണം ക്ഷേത്ര ഉത്സവത്തിനിടെ ഒത്തുകൂടിയ അരുൺ,അനീഷ് ,സോളമൻ,അജി,രാജേഷ് എന്നിവർ
ഒരുമിച്ച് മദ്യപിച്ചു. ഇതിനിടെ രാജേഷുമായി കഴിഞ്ഞ വർഷത്തെ ക്ഷേത്ര
ഉത്സവത്തിൽ മൈക്ക് സെറ്റ് കെട്ടിയതിനെ ചൊല്ലി വാക്കുതർക്കമുണ്ടായി. തർക്കം രൂക്ഷമായതോടെ രാജേഷിന് ക്രൂരമായി മർദ്ദനമേറ്റു. രാജേഷ് അറിയിച്ചതനുസരിച്ച് ശരത്,അഖിലേഷ് ആദർശ്, ജോയി എന്നിവർ സ്ഥലത്തെത്തുകയും കൈയാങ്കളിയിലെത്തുകയുമായിരുന്നു. അരുൺ ബിയർ കുപ്പി പൊട്ടിച്ച് ശരത്തിനെ കുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. നെഞ്ചിലും വയറ്റിലും കുത്തേറ്റ് ഗുരുതര പരിക്കുകളോടെ ശരത്തിനെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ടൈൽ പണിക്കാരനായ ശരത് നാട്ടിലെല്ലാവർക്കും പ്രിയപ്പെട്ടവനായിരുന്നു. ബന്ധുവായ രാജേഷിനെ സംഘം ചേർന്ന് മർദ്ദിച്ച വിവരമറിഞ്ഞ് എത്തിയതായിരുന്നു. പിതാവ് മണികണ്ഠൻ കോൺഗ്രസ് പെരുകാവ് മണ്ഡലം സെക്രട്ടറിയാണ്.ശരത്തിന്റെ മൃതദേഹം പൊലീസ് ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ
കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മാതാവ് : സിന്ധു.സഹോദങ്ങൾ :
ശരണ്യ,ശാലിനി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |