ആറ്റിങ്ങൽ: വാമനപുരം നദിയിൽ ജലനിരപ്പ് താഴുന്നതു കാരണം ജലവിതരണത്തിന് കടുത്ത നിയന്ത്രണങ്ങളുമായി വാട്ടർ അതോറിട്ടി. ജലവിതരണം തടസപ്പെടുമെന്ന ആശങ്കയിൽ ആറ്റിങ്ങൽ നഗരസഭയിലും അഴൂർ പഞ്ചായത്തിലും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വരുമെന്ന് വാട്ടർ അതോറിറ്റി അധികൃതർ അറിയിച്ചു. രണ്ടിടങ്ങളിലും വെള്ളമെത്തിക്കുന്ന പമ്പ് ഹൗസുകൾ സ്ഥിതിചെയ്യുന്നിടത്തെ ജലനിരപ്പ് ക്രമാതീതമായി ഇതിനകം താഴ്ന്നിട്ടുണ്ട്. ജലക്ഷാമം മുന്നിൽക്കണ്ട് കൂടുതൽ ക്രമീകരണങ്ങൾ ഏർപ്പെടുത്താനുള്ള ഒരുക്കത്തിലാണ് അധികൃതർ. വരൾച്ച രൂക്ഷമായതോടെ പ്രദേശങ്ങളിൽ ജലം വിതരണം ചെയ്യുന്നതിന്റെ ഇടവേളകൾ വർദ്ധിപ്പിക്കാനാണ് നീക്കം. അഴൂർ പഞ്ചായത്തിൽ ദിവസങ്ങൾക്കുള്ളിൽ ക്രമീകരണം ഏർപ്പെടുത്തും. രണ്ട് ദിവസത്തിലൊരിക്കൽ ജലവിതരണം നടക്കുന്നിടങ്ങളിൽ അഞ്ച് ദിവസത്തിലൊരിക്കൽ വിതരണം ഏർപ്പെടുത്തേണ്ട ഗൗരവമായ അവസ്ഥയാണ് നിലവിലുള്ളത്. ദിവസവും കുടിവെള്ളം നൽകുന്ന ആറ്റിങ്ങൽ നഗരസഭയിലും അടുത്തയാഴ്‌ചയോടെ കർശനമായ ക്രമീകരണം ഏർപ്പെടുത്തിയേക്കും.വെളളം ദുരുപയോഗം തടയുന്നതിനായി അസി. എൻജിനിയർമാരുടെ നേതൃത്വത്തിൽ പ്രത്യേക സ്ക‌്വാഡ് രൂപീകരിച്ച് നിരീക്ഷണം നടത്തിവരികയാണ്. കൃഷി ആവശ്യത്തിനും വാഹനങ്ങൾ കഴുകുന്നതിനും കന്നുകാലികളെ കുളിപ്പിക്കുന്നതിനും ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടിയുണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |