നെയ്യാറ്റിൻകര: മഴക്കാലം ആരംഭിച്ചതോടെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലേക്കെത്തുന്ന രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധനയാണുള്ളത്. പനി,ചുമ,ശരീരവേദന തുടങ്ങിയ അസുഖങ്ങളുമായി ദിവസേന ആയിരക്കണക്കിനാളുകളാണ് ചികിത്സയ്ക്കെത്തുന്നത്. ഒരു ജനറൽ ആശുപത്രിയിലെ ഔട്ട്പേഷ്യന്റ് വിഭാഗം രാവിലെ മുതൽ ഉച്ചവരെ മാത്രമാണ് പ്രവർത്തിക്കുന്നത്. അത് കഴിഞ്ഞെത്തുന്ന രോഗികൾ കാഷ്വാലിറ്റിയിലാണ് പരിശോധനയ്ക്കായി പോകേണ്ടത്. പനിയും ചുമയുമായി എത്തുന്നവർ പോലും ഡോക്ടറെ കണ്ടശേഷം എക്സറേ,ലാബ് പരിശോധനകൾ തുടങ്ങിയവയുടെ റിസൾട്ടുമായി എത്തുമ്പോൾ ഒ.പി സമയം കഴിഞ്ഞിരിക്കും. അതേ രോഗികൾ കാഷ്വാലിറ്റിയിൽ എത്തുന്നതോടെ വൻതിരക്കാണ് കാഷ്വാലിറ്റിയിൽ അനുഭവപ്പെടുക.രണ്ട് ഡോക്ടർമാർ മാത്രമാണ് കാഷ്വാലിറ്റിയിലുള്ളത്. വിവിധ പൊലീസ് സ്റ്റേഷനുകളിൽ നിന്നും കേസുകളുമായി ബന്ധപ്പെട്ട് എത്തുന്നവർക്കും അതേ ഡോക്ടർമാരുടെ സേവനം ആവശ്യമാകുന്നതോടെ രോഗികളുടെ കാത്തിരിപ്പ് നീളുന്നു.
ഡോക്ടർമാരെ നിയമിക്കണം
ജനറൽ ഒ.പിയിൽ മുൻപുണ്ടായിരുന്ന ഡോക്ടർമാരിൽ രണ്ടുപേർ ലീവെടുക്കുകയും മറ്റൊരാൾ ഉപരിപഠനത്തിന് പോകുകയും ചെയ്തതതോടെയാണ് ഒ.പിയിലെ ബുദ്ധിമുട്ടുകൾ വർദ്ധിച്ചത്. മുൻകാലങ്ങളിൽ ഡ്യൂട്ടിക്കുണ്ടായിരുന്ന എൻ.എച്ച്.എമ്മിലെ രണ്ട് ഡോക്ടർമാരെ പിൻവലിച്ചതോടെ ആശുപത്രിയുടെ പ്രവർത്തനത്തിൽ മുൻപില്ലാത്തവിധം പ്രശ്നങ്ങൾ രൂക്ഷമായി.രാവിലെയുള്ള ഒ.പി വൈകിട്ടുവരെ നീട്ടുകയും കാഷ്വാലിറ്റിയിൽ കൂടുതൽ ഡോക്ടർമാരെ നിയമിക്കുകയും വേണമെന്നാണ് രോഗികളുടെ ആവശ്യം.
ആവശ്യങ്ങൾ
ഒ.പി വെയ്റ്റിംഗ് ഏരിയയിലെ ചോർന്നൊലിക്കുന്ന കാത്തിരിപ്പ് കേന്ദ്രം അടിയന്തരമായി നന്നാക്കണം
ആശുപത്രിയുടെ പിൻഭാഗത്ത് ചുറ്റുമതിൽ നശിച്ച് കിടക്കുന്നതിനാൽ നായ്ക്കളുടെ ആക്രമണം രൂക്ഷമാകുന്നു. ഇതിന് പരിഹാരം കണ്ടെത്തണം
മൂന്നാം വാർഡിന്റെ മുകളിലെ ചോർച്ച പരിഹരിക്കുന്നതിന് ഫണ്ട് അനുവദിച്ചിട്ടില്ല
സ്വീവേജ് ട്രീറ്റ്മെന്റ് പ്ളാന്റിന് മൂടിയില്ലാത്തത് അപകടസാദ്ധ്യത വർദ്ധിപ്പിക്കുന്നു
ട്രാൻസ്‌ഫോർമർ,ജനറേറ്റർ എന്നിവയ്ക്ക് പ്രോജക്ട് വച്ചെങ്കിലും ടെൻഡർ നടപടികൾ ആരംഭിച്ചിട്ടില്ല
കാലപ്പഴക്കത്താൽ ജീർണാവസ്ഥയിലായ ജനത പേവാർഡിന് പകരം പുതിയ കെട്ടിടം പണിയുന്നതിന് അനുമതി ലഭിച്ചെങ്കിലും കെട്ടിടം പൊളിച്ചുമാറ്റുന്നതിന് കെ.എച്ച്.ആർ.ഡബ്ളിയു.എസിന്റെ അനുമതി നാളിതുവരെയും ലഭിച്ചിട്ടില്ല. പുതുതായി പണിയുന്ന കെട്ടിടത്തിൽ കെ.എച്ച്.ആർ.ഡബ്ളിയു.എസിന് നിലവിലുള്ളതുപോലെ 13 മുറികൾ നൽകാമെന്ന് ഉറപ്പ് നൽകിയിട്ടും ഇതാണവസ്ഥ
പേവാർഡുകളിൽ വൈദ്യുതി നിലച്ചാൽ രോഗികൾ കൂരിരുട്ടത്ത് കിടക്കണം. ഒരു ജനറേറ്റർ പോലുമില്ല
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |