
പനാജി: 25 പേരുടെ മരണത്തിനിടയാക്കിയ ഗോവ നിശാക്ലബ്ബിലെ തീപിടിത്തത്തിനു പിന്നാലെ ക്ലബ് ഉടമകൾ രാജ്യം വിട്ടു. ശനിയാഴ്ച രാത്രിയുണ്ടായ തീപിടിത്തം നടന്ന് മണിക്കൂറുകൾക്കുള്ളിലാണ് പ്രതികളായ ഗൗരവ്, സൗരഭ് ലുത്ര എന്നിവർ രാജ്യം വിട്ടത്. ഇരുവരും തായ്‌ലാൻഡിലേക്ക് കടന്നു. പ്രതികളെ അന്വേഷിച്ച് പൊലീസ് സംഘം ഡൽഹിയിലെത്തിയെങ്കിലും ഇരുവരും വീട്ടിലില്ലായിരുന്നു. ഇതോടെ പ്രതികൾക്കെതിരെ ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചു. ഇതിനിടെ ഇവർക്കെതിരെ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിക്കുമെന്നാണ് വിവരം. മറ്റൊരു ഉടമയായ അജയ് ഗുപ്തയ്ക്ക് വേണ്ടി പൊലീസ് തെരച്ചിൽ നടത്തുകയാണ്. ക്ലബ് ഉടമകൾക്കും മാനേജർക്കുമെതിരെ കുറ്റകരമായ നരഹത്യ, അനാസ്ഥ, സുരക്ഷ അപകടത്തിലാക്കുന്ന പ്രവൃത്തികൾ എന്നീ കുറ്റങ്ങൾ ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്.
അപകടം നടന്നതിനു തൊട്ടുപിന്നാലെ ഞായറാഴ്ച പുലർച്ചെ 5.30നാണ് രണ്ട് പ്രതികളും തായ്‌ലാൻഡിലെ ഫുക്കറ്റിലേക്ക് കടന്നതെന്ന് മുംബയ് വിമാനത്താവളത്തിലെ ഇമിഗ്രേഷൻ ബ്യൂറോ കണ്ടെത്തി. സംഭവ സമയം ഇരുവരും ഡൽഹിയിലായിരുന്നു. ഡൽഹി-ഫുക്കറ്റ് ഇൻഡിഗോ വിമാനത്തിലാണ് ഇവർ രക്ഷപ്പെട്ടത്. പ്രതികളെ തിരികെ എത്തിക്കാനായി ഗോവ പൊലീസ് സി.ബി.ഐ -ഇന്റർപോൾ എന്നിവരുടെ സഹായം തേടി. അതേസമയം,ഡൽഹിയിൽ നിന്ന് അറസ്റ്റിലായ കേസിലെ മൂന്നാം പ്രതി ഭരത് കോലിയെ ചോദ്യം ചെയ്യുന്നതിനായി ഗോവയിലേക്ക് കൊണ്ടുവന്നു. ക്ലബ്ബിന് പെർമിറ്റ്, ലൈസൻസ് എന്നിവ നൽകിയതുമായി ബന്ധപ്പെട്ട് സർക്കാർ ഉദ്യോഗസ്ഥരെയും വൈകാതെ ചോദ്യം ചെയ്യും. ഡൽഹി, ഗോവ പൊലീസുകൾ ലൂത്ര സഹോദരൻമാരുമായി ബന്ധമുള്ള കേന്ദ്രങ്ങളിലും ശൃംഖലകളിലും സംയുക്തമായി റെയ്ഡ് നടത്തി. ഇതിനിടെ ലൂത്ര സഹോദരൻമാരുടെ ഉടമസ്ഥതയിലുള്ള രണ്ടാമത്തെ ക്ലബ്ബ് "റോമിയോ ലെയ്ൻ" മുഖ്യമന്ത്രി പ്രമോദ് സാവന്തിന്റെ ഉത്തരവിനെത്തുടർന്ന് ഇന്നലെ പൊളിച്ചുമാറ്റി. 198 ചതുരശ്ര മീറ്റർ വരുന്ന ബീച്ചിലെ കൈയേറ്റ പ്രദേശങ്ങൾ പൊളിച്ചുമാറ്റുകയാണെന്ന് ഗോവ ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ധീരജ് വാഗലെ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |