
ന്യൂഡൽഹി: ലോക്‌സഭയിൽ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ആരോപണങ്ങൾക്ക് തുടർച്ചയായി രാജ്യസഭയിൽ കോൺഗ്രസിനെയും നേതാക്കളെയും കടന്നാക്രമിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രധാനമന്ത്രിയുടെ വിമർശനങ്ങൾക്ക് കോൺഗ്രസ് അദ്ധ്യക്ഷനും രാജ്യസഭാ പ്രതിപക്ഷ നേതാവുമായ മല്ലികാർജ്ജുൻ ഖാർഗെ മറുപടിയും നൽകി. ഇതേ തുടർന്ന് ചർച്ചയ്‌ക്കിടെ ഇരുപക്ഷങ്ങൾക്കുമിടയിലെ വാക‌്പോരിനും സഭ സാക്ഷിയായി.
വോട്ട്ബാങ്ക് പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരം ഗാനത്തെ വെട്ടിമുറിച്ചില്ലായിരുന്നെങ്കിൽ രാജ്യം വിഭജിക്കപ്പെടില്ലായിരുന്നെന്ന് ഷാ പറഞ്ഞു. വന്ദേമാതരം 50 വർഷം പിന്നിട്ടപ്പോഴാണ് കോൺഗ്രസ് പ്രീണനം തുടങ്ങിയത്. 100-ാം വർഷത്തിൽ അടിയന്തരാവസ്ഥ ഏർപ്പെടുത്തി. കോൺഗ്രസ് നിലപാട് തുടരുന്നതിലാണ് ലോക്‌സഭയിൽ പ്രധാനമന്ത്രിയുടെ പ്രസംഗം രാഹുലും പ്രിയങ്കയും ബഹിഷ്കരിച്ചതെന്നും അദ്ദേഹം ആരോപിച്ചു.
വന്ദേമാതരം ചർച്ച ബംഗാൾ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണെന്ന പ്രിയങ്കയുടെ ആരോപണം ഗാനത്തിന്റെ മഹത്വം കുറച്ചു കാണിക്കലെന്നും ഷാ ചൂണ്ടിക്കാട്ടി.
നെഹ്റു ഒറ്റയ്ക്കല്ല:
ഖാർഗെ
ബി.ജെ.പി നെഹ്‌റുവിനെ ആവർത്തിച്ച് അപമാനിക്കുകയും രാഷ്ട്രീയ നേട്ടത്തിനായി ചരിത്രം വളച്ചൊടിക്കുകയും ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ ആരോപിച്ചു. പ്രധാനമന്ത്രി മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും നെഹ്‌റുവിനെ അപമാനിക്കാനുള്ള ഒരു അവസരവും നഷ്‌ടമാക്കുന്നില്ല. ഔദ്യോഗിക ചടങ്ങുകളിൽ വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രം ഉപയോഗിക്കാനുള്ള തീരുമാനം കോൺഗ്രസ് പ്രവർത്തക സമിതിയുടെ കൂട്ടായ തീരുമാനമാണ്. മഹാത്മാഗാന്ധി,സുഭാഷ് ചന്ദ്രബോസ്,രവീന്ദ്രനാഥ ടാഗോർ,മദൻ മോഹൻ മാളവ്യ,ജെ.ബി. കൃപലാനി തുടങ്ങിയ നേതാക്കൾ ചർച്ചകളിൽ പങ്കെടുത്തിരുന്നു.
സഭയിൽ ബഹളം
ചർച്ചയ്‌ക്കിടെ ഖാർഗെ ആനുകാലിക വിഷയങ്ങൾ ഉന്നയിച്ചത് ഭരണപക്ഷത്തെ ചൊടിപ്പിച്ചു. നേപ്പാൾ ചൈനയോടും ബംഗ്ളാദേശ് 1971ന് ശേഷം പാകിസ്ഥാനോടും അടുപ്പം പുലർത്തുന്നതും അരുണാചൽ സ്വദേശിയെ ചൈനീസ് വിമാനത്താവളത്തിൽ അപമാനിച്ചതും രൂപയുടെ മൂല്യമിടിയുന്നതും 56ഇഞ്ച് നെഞ്ചുവിരിപ്പുള്ള പ്രധാനമന്ത്രിയുടെ പിടിപ്പുകേടാണെന്ന് ഖാർഗെ ആരോപിച്ചു. വിദേശനയവുമായി ബന്ധപ്പെട്ട് പ്രത്യേകം ചർച്ച നടത്താമെന്നും വന്ദേമാതരം ചർച്ചയിൽ ഉന്നയിക്കരുതെന്നും ബി.ജെ.പി സഭാ നേതാവ് ജെ.പി.നദ്ദ ആവശ്യപ്പെട്ടു. തുടർന്ന് ഇരുപക്ഷവും ബഹളം തുടങ്ങി. ഇതിനിടെ ഖാർഗെയുടെ പരാമർശങ്ങൾ അദ്ധ്യക്ഷൻ സി.പി. രാധാകൃഷ്ണൻ രേഖയിൽ നിന്ന് നീക്കം ചെയ്‌തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |