
ന്യൂഡൽഹി: ലോക്‌സഭയിൽ നടന്ന എസ്.ഐ.ആർ ചർച്ചയ്ക്കിടെ പരസ്പരം ഏറ്റുമുട്ടി രാഹുൽ ഗാന്ധിയും ഭരണപക്ഷവും. കോൺഗ്രസ് അധികാരത്തിൽ വന്നാൽ തിരഞ്ഞെടുപ്പ് കമ്മിഷന് പ്രതിരോധം നൽകുന്ന നിയമം മാറ്റിയെഴുതുമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. വോട്ട് കൊള്ള ആരോപണങ്ങൾ അദ്ദേഹം ആവർത്തിച്ചത് ഭരണപക്ഷത്തെ പ്രകോപിതരാക്കിയതോടെ സ്‌പീക്കർ ഓം ബിർളയും പാർലമെന്ററി കാര്യമന്ത്രി കിരൺ റിജിജുവും ഇടപെട്ടു.
തീരുമാനങ്ങൾ ചോദ്യം ചെയ്യാതിരിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷന് പ്രതിരോധം നൽകുന്ന നിയമം കോൺഗ്രസ് അധികാരത്തിൽ വന്നാൽ മുൻകാല പ്രാബല്യത്തോടെ മാറ്റുമെന്ന് രാഹുൽ പറഞ്ഞു. “നിയമ സഹായത്താൽ എല്ലാക്കാലവും രക്ഷപ്പെടാമെന്ന് കരുതേണ്ട. ഞങ്ങൾ നിങ്ങളെ കണ്ടെത്തും” അദ്ദേഹം മുന്നറിയിപ്പ് നൽകി.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറെയും കമ്മിഷണർമാരെയും തിരഞ്ഞെടുക്കുന്ന കമ്മിറ്റിയിൽ നിന്ന് ചീഫ് ജസ്റ്റിസിനെ മാറ്റിയതിനെ രാഹുൽ ചോദ്യം ചെയ്‌തു. ജനാധിപത്യ തീരുമാനമെന്ന് പറയുമെങ്കിലും കമ്മിറ്റിയിലുള്ള പ്രതിപക്ഷ നേതാവിന് ശബ്‌ദമില്ല. തിരഞ്ഞെടുപ്പ് കമ്മിഷണർ ആരാകണമെന്ന് അംഗങ്ങളായ പ്രധാനമന്ത്രിയും അമിത് ഷായും തീരുമാനിക്കും. അധികാരത്തിലുള്ളവരുമായി ചേർന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ തിരഞ്ഞെടുപ്പുകൾ അട്ടിമറിക്കുന്നെന്ന ആരോപണവും രാഹുൽ ആവർത്തിച്ചു.
ഇന്ദിരാഗാന്ധി വോട്ടു
കൊള്ള നടത്തി: നിഷികാന്ത് ദുബെ
മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി റായ്ബറേലി തിരഞ്ഞെടുപ്പിൽ ജയിക്കാൻ വോട്ടു കൊള്ള നടത്തിയെന്ന് ബി.ജെ.പി എംപി നിഷികാന്ത് ദുബെ ആരോപിച്ചു. അടിയന്തരാവസ്ഥക്കാലത്ത് കൊണ്ടുവന്ന ഭേദഗതികളിലൂടെ കോൺഗ്രസാണ് ഭരണഘടനാ സ്ഥാപനങ്ങളെ അട്ടിമറിച്ചത്. 1976ൽ രൂപീകരിച്ച സ്വരൺ സിംഗ് കമ്മിറ്റിയിലൂടെ അവർ എല്ലാ സ്ഥാപനങ്ങളെയും ഇല്ലാതാക്കി. ഒരു ഭേദഗതിയിലൂടെ രാഷ്ട‌്രപതിയെ വെറും റബർ സ്റ്റാമ്പ് ആക്കി.
തിരഞ്ഞെടുപ്പ് കമ്മിഷണർമാർക്ക് കോൺഗ്രസ് സർക്കാർ സ്ഥാനങ്ങൾ നൽകിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആദ്യ തിരഞ്ഞെടുപ്പ് കമ്മിഷണറായ സുകുമാർ സെൻ വിരമിച്ചപ്പോൾ സുഡാൻ അംബാസഡറാക്കി. വി.എസ് രമാദേവിയെ ഹിമാചൽ പ്രദേശ് ഗവർണറായി. വിരമിച്ച ശേഷം ടി.എൻ ശേഷൻ ഗുജറാത്തിൽ ബി.ജെ.പിക്കെതിരെ സ്ഥാനാർത്ഥിയായി. എം.എസ് ഗിൽ വിരമിച്ച ശേഷം, പത്ത് വർഷത്തിലേറെ കേന്ദ്രമന്ത്രിയായി സേവനമനുഷ്ഠിച്ചു.
സോണിയ ഗാന്ധിയുടെ സുരക്ഷാ ഉദ്യോഗസ്ഥനായിരുന്ന അശ്വനി കുമാറും അന്തരിച്ച അഹമ്മദ് പട്ടേലിന്റെ സുഹൃത്ത് രഞ്ജിത് സിൻഹയും സി.ബി.ഐ ഡയറക്ടറായതിനെയും അദ്ദേഹം ചോദ്യം ചെയ്‌തു. കോൺഗ്രസ് എതിർക്കുന്ന വോട്ടിംഗ് യന്ത്രം അവതരിപ്പിച്ചത് രാഹുലിന്റെ പിതാവ് രാജീവ് ഗാന്ധിയാണെന്നും ദുബെ ചൂണ്ടിക്കാട്ടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |