
വിഴിഞ്ഞം: കല്ലിയൂരിൽ അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ മകൻ റിമാൻഡിൽ. ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രി 11.30ഓടെ കല്ലിയൂർ മന്നം നഗറിൽ ലക്ഷ്മി നിവാസിൽ വിജയകുമാരിയാണ് (76) കൊല്ലപ്പെട്ടത്.
കോസ്റ്റ് ഗാർഡായിരുന്ന മകൻ അജയകുമാർ (51) മദ്യലഹരിയിലാണ് അതിക്രൂരമായി അമ്മയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. അമിതമായി മദ്യപിക്കുന്നത് തടഞ്ഞതോടെ കറിക്കത്തി ഉപയോഗിച്ച് ഇയാൾ അമ്മയെ ആക്രമിക്കുകയായിരുന്നു.
സംഭവം നടക്കുമ്പോൾ വീട്ടിൽ വിജയകുമാരിയും അജയകുമാറും മാത്രമേയുണ്ടായിരുന്നുള്ളൂ. വിജയകുമാരിയുടെ നിലവിളികേട്ട് നാട്ടുകാരാണ് കല്ലിയൂർ പഞ്ചായത്ത് അംഗം സുരേഷിനെ വിവരമറിയിച്ചത്.ഇയാൾ സ്ഥലത്തെത്തി പൊലീസിനെ വിവരമറിയിച്ചു.തുടർന്ന് പൊലീസെത്തി ഗേറ്റിന്റെ പൂട്ട് തകർത്ത് അകത്തുകയറി. ഈ സമയമത്രയും അമ്മയുടെ മൃതദേഹത്തിന് സമീപമുണ്ടായിരുന്ന അജയകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
അജയകുമാറിന്റെ ഭാര്യയും മകളും ശ്രീകാര്യത്തെ വീട്ടിലാണ് താമസിക്കുന്നത്. സിറ്റി പൊലീസ് കമ്മിഷണർ ഓഫീസിലെ റിട്ട.ഉദ്യോഗസ്ഥരായിരുന്നു വിജയകുമാരിയും ഭർത്താവ് പരേതനായ മോഹൻകുമാറും. ഇവരുടെ മൂത്ത മകനാണ് അജയകുമാർ. അമിതമായി മദ്യപിക്കുന്ന സ്വഭാവമുള്ളതിനാൽ ഇയാൾ നിരവധിത്തവണ ഡീ അഡിക്ഷൻ സെന്ററിൽ ചികിത്സയിലായിരുന്നു.
ഇന്നലെ രാവിലെ ഇൻക്വസ്റ്റ് തയ്യാറാക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം, നെയ്യാറ്റിൻകരയിലെ സ്വകാര്യാശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പദ്മകുമാറും ലാലുകുമാറുമാണ് വിജയകുമാരിയുടെ മറ്റുമക്കൾ.സംഭവമറിഞ്ഞ് ഇളയ മകൻ മുംബയിൽ നിന്നെത്തി.രണ്ടാമത്തെ മകൻ പദ്മകുമാർ ഇന്നെത്തിയശേഷം ഉച്ചയോടെ മൃതദേഹം സംസ്‌കരിക്കും.
ഫോറൻസിക് സംഘം വീട്ടിലെത്തി പരിശോധന നടത്തി.സി.സി ടിവി ദൃശ്യം പരിശോധിക്കുന്നതിനായി സൈബർ ടീം അംഗങ്ങൾ ഇന്ന് വീട്ടിലെത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |