SignIn
Kerala Kaumudi Online
Friday, 20 September 2024 4.12 PM IST

മെഡി. കോളേജ് വളപ്പിലെ ഗതാഗത സംവിധാനം അടിമുടി മാറ്റുന്നു

Increase Font Size Decrease Font Size Print Page

 ഫ്ലൈഓവറുൾപ്പെടെ റോഡുകൾ വൺവേയാകും  ലിങ്ക് റോഡും പരിഗണനയിൽ

തിരുവനന്തപുരം: മെഡിക്കൽ കോളേജ് വളപ്പിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ നിലവിലെ ഗതാഗത സംവിധാനം അടിമുടി പരിഷ്‌കരിക്കാൻ ആലോചന. മെഡിക്കൽ കോളേജ് അധികൃതരും നഗരസഭയും പൊതുമരാമത്ത് വകുപ്പും പൊലീസും ചേർന്ന് പരിഷ്‌കരണ നടപടികൾക്ക് രൂപം നൽകും.

ദേശീയപാതയുൾപ്പെടെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള റോഡുകളുമായി സന്ധിക്കുന്ന ആറ് റോഡുകളാണ് കാമ്പസിലുള്ളത്. മാസ്റ്റർപ്ളാൻ പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയിൽ ഈ റോഡുകളെല്ലാം ടാർ ചെയ്‌ത് ഗതാഗതയോഗ്യമാക്കുകയും ഫ്ളൈഓവർ നിർമ്മാണം പൂർത്തിയാകുകയും ചെയ്‌തതോടെയാണ് പരിഷ്‌കരണം നടപ്പാക്കാൻ ആലോചിക്കുന്നത്.

മെഡിക്കൽ കോളേജ്, എസ്.എ.ടി ആശുപത്രി, ശ്രീചിത്ര, ആർ.സി.സി എന്നിവിടങ്ങളിലേക്കുള്ള രോഗികളുമായി ദിനം പ്രതി മൂവായിരത്തിലധികം വാഹനങ്ങളാണ് മെഡിക്കൽ കോളേജ് വളപ്പിലെത്തുന്നത്. ജീവനക്കാരുടെ വാഹനങ്ങൾക്ക് പുറമേയാണിത്. മെഡിക്കൽ കോളേജ് വളപ്പിലും പരിസരത്തെ റോഡുകളിലും തോന്നുംപടി വാഹനങ്ങൾ പാർക്ക് ചെയ്യുന്നതാണ് ഗതാഗതക്കുരുക്കിന് മുഖ്യകാരണം.

മാസ്റ്റർപ്ളാൻ പദ്ധതിയുടെ ഭാഗമായി മൾട്ടിലെവൽ പാർക്കിംഗ് സംവിധാനം വ്യവസായ വകുപ്പിന് കീഴിലുള്ള ഇൻകെലിന്റെ നേതൃത്വത്തിൽ സ്ഥാപിക്കാനിരിക്കെ കാമ്പസിലേക്കുള്ള റോഡുകളിൽ വൺവേ പരിഷ്‌കാരം ഏർപ്പെടുത്തി ഗതാഗതക്കുരുക്കിന് പരിഹാരം കാണാനാണ് ആലോചിക്കുന്നത്. നിലവിൽ മെഡിക്കൽ കോളേജിന്റെ പ്രവേശന കവാടത്തിലേക്കുള്ള റോഡുകൾ വേ ഇൻ ആയും പുതിയ ഫ്ളൈഓവറും മെഡിക്കൽ കോളേജ് എസ്.ബി.ഐ ശാഖയ്‌ക്ക് മുന്നിലെ റോഡും വേ ഔട്ടായും മാറ്റാനാണ് നീക്കം.

വാഹനങ്ങൾ രോഗികളെ ഇറക്കിയശേഷം ഫ്ളൈഓവർ വഴിയോ ഒ.പി ബ്ളോക്കിന് പിന്നിലെ റോഡുവഴിയോ പുറത്തേക്ക് വിട്ടാൽ ആശുപത്രി വളപ്പിലെയും അമ്മയുംകുഞ്ഞും പ്രതിമയുടെ ഭാഗത്തെയും ഗതാഗതക്കുരുക്കിന് പരിഹാരം കാണാനാകുമെന്നാണ് കരുതുന്നത്. ശ്രീചിത്ര, ആർ.സി.സി എന്നിവിടങ്ങളിൽ നിന്നുള്ള വാഹനങ്ങൾക്കുമിത് ബാധകമാകും.

മെഡിക്കൽ കോളേജ് സൂപ്പർ സ്‌പെഷ്യാലിറ്റിക്ക് മുന്നിലുള്ള റോഡ് സൂപ്പർ സ്‌പെഷ്യാലിറ്റി, മോർച്ചറി, നഴ്സിംഗ് കോളേജ് എന്നിവിടങ്ങളിലേക്കുള്ള വാഹനങ്ങൾക്കായി പരിമിതപ്പെടുത്താനും ആലോചിക്കുന്നുണ്ട്. ഉദ്യോഗസ്ഥ തലത്തിൽ കൂടിയാലോചിച്ചശേഷമാകും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.

കുമാരപുരം - പൂന്തി ലെയിൻ

ലിങ്ക് റോഡും ആലോചനയിൽ

മെഡിക്കൽ കോളേജ് കാമ്പസിലെ തിരക്ക് കുറയ്‌ക്കാനുള്ള നടപടികളുടെ ഭാഗമായി കുമാരപുരം ജംഗ്ഷനിൽ നിന്ന് പൂന്തിലെയിൻ വഴി കാമ്പസിലേക്ക് ലിങ്ക് റോഡിന്റെ സാദ്ധ്യതയും അധികൃതരുടെ ആലോചനയിലുണ്ട്. മെഡിക്കൽ കോളേജ് സ്‌കൂളിന് സമീപത്ത് കൂടി കാമ്പസിൽ പ്രവേശിക്കാവുന്ന വിധത്തിൽ റോഡ് വികസിപ്പിക്കുകയെന്നതാണ് ഉദ്ദേശ്യം. എന്നാൽ ഇവിടെ വീടുകളെയും കടകളെയും എത്രമാത്രം ബാധിക്കുമെന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ പഠനം നടത്തിയശേഷം മാത്രമേ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകൂവെന്നാണ് സൂചന.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.