തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ ഓപ്പൺ ഡെക്ക് ഡബിൾ ഡെക്കർ സിറ്റി റൈഡ് 100 ദിവസം സർവീസ് പൂർത്തിയാക്കി. നഗരത്തിന്റെ കാഴ്ചകൾ ആസ്വദിക്കുന്ന 'സിറ്റി റൈഡ് ' ട്രിപ്പുകളിൽ ഇതുവരെ വിദേശികളും ആഭ്യന്തര വിനോദ സഞ്ചാരികളും ഉൾപ്പെടെ നാലായിരത്തിലധികം പേരാണ് നഗരക്കാഴ്ചകൾ ആസ്വദിച്ചത്.
ഓപ്പൺ ഡെക്ക് ഡബിൾ ഡെക്കർ സിറ്റി റൈഡിന്റെ നൂറാം ദിവസത്തെ യാത്ര ഫിൻലാൻഡ് സ്വദേശിയായ യാത്രക്കാരൻ ആരി കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. എക്സിക്യൂട്ടീവ് ഡയറക്ടർ സൗത്ത് സോൺ ജി. അനിൽകുമാർ, ചീഫ് ട്രാഫിക് മാനേജർ എൻ.കെ. ജേക്കബ് സാം ലോപ്പസ് എന്നിവരും യാത്രക്കാരും പങ്കാളികളായി. മുൻപ് ഹെരിറ്റേജ് സർവീസായി നാമമാത്ര ദിവസങ്ങളിൽ മാത്രം സർവീസ് നടത്തി പ്രതിമാസം 25,000 രൂപ മാത്രം കളക്ഷൻ നേടിയിരുന്ന സ്ഥാനത്ത് 100 ദിവസത്തിനുള്ളിൽ 8.25 ലക്ഷം രൂപ കളക്ഷനാണ് ഈ സർവീസിലൂടെ നേടിയത്. പ്രതിദിനം 8,250 രൂപയുടെ കളക്ഷൻ ലഭിക്കുന്നു.
ഡബിൾ ഡെക്കർ ഓപ്പൺ ഡെക്ക് ബസ് കേരളത്തിൽ തന്നെ ആദ്യത്തേതാണ്. ശ്രീപദ്മനാഭസ്വാമി ക്ഷേത്രം, സെക്രട്ടേറിയറ്റ്, നിയമസഭ, മ്യൂസിയം, കനകക്കുന്ന് കൊട്ടാരം, വെള്ളയമ്പലം, ശംഖുംമുഖം, ലുലുമാൾ റൂട്ടിലാണ് സർവീസ് നടത്തുന്നത്. വൈകിട്ട് 5 മുതൽ രാത്രി 10വരെ നീണ്ട് നിൽക്കുന്ന നൈറ്റ് റൈഡും രാവിലെ 9 മുതൽ വൈകിട്ട് 4 വരെ ഡേ റൈഡും ഉണ്ട്. ഈ ടിക്കറ്റ് നിരക്ക് ഒരാൾക്ക് 250 രൂപ. കല്യാണ ഫോട്ടോഷൂട്ടുകൾക്കും സിനിമ, സീരിയൽ ആവശ്യങ്ങൾക്കും, പരസ്യ പ്രചാരണങ്ങൾക്കും, ബർത്ത്ഡേ പാർട്ടികൾക്കും ഓപ്പൺ ഡെക്ക് ഡബിൾ ഡെക്കർ ബസ് വാടകയ്ക്ക് നൽകും. ബുക്കിംഗിന് ഫോൺ: 9447479789. ഈ മെയിൽ btc.ksrtc@kerala.gov.in.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |