തിരുവനന്തപുരം: ഇന്നലെ അനൂപായിരുന്നു നഗരത്തിലെ താരം. ബമ്പർ ജേതാവിനൊപ്പം സെൽഫി എടുക്കാനും ആഹ്ളാദം പങ്കുവയ്ക്കാനും ഏറെപ്പേർ എത്തി. ഉച്ചയ്ക്ക് രണ്ട് മണിക്ക് ലോട്ടറി ഫലം പ്രഖ്യാപിച്ച് മണിക്കൂറുകൾക്ക് ശേഷം അനൂപ് ടിക്കറ്റെടുത്ത ഭഗവതി ലോട്ടറി ഏജൻസിയിലേക്കെത്തി. ഭാര്യ മായയ്ക്കൊപ്പം റോഡിലൂടെ നടന്നുവന്ന അനൂപിനെ ആഘോഷപൂർവമാണ് സുഹൃത്തുക്കൾ ഏജൻസിയിലേക്ക് ആനയിച്ചത്.
ഇതുകണ്ട് ടി.വി ചാനലുകളും ചുറ്റുംകൂടി. ഫോർട്ടിന് സമീപം ഒരു ഓട്ടോറിക്ഷയിൽ കയറിയ അനൂപിനൊപ്പം ചാനലുകാരും കയറി. തുടർന്ന് ആർപ്പുവിളികളുമായി ഏജൻസിക്ക് മുമ്പിലെത്തി. അവിടെ ചാനലുകാരും പത്രക്കാരും അടക്കം വൻതിരക്കായിരുന്നു. ആൾക്കൂട്ടം കണ്ട് റോഡിലൂടെ പോയ വാഹനയാത്രക്കാരും നിറുത്തിയതോടെ ഗതാഗത കുരുക്ക് ഉണ്ടായി.
പൊലീസ് ഏറെ പണിപ്പെട്ടാണ് തിരക്ക് നിയന്ത്രിച്ചത്. ഏജൻസിയിലേക്ക് കയറുമ്പോൾ സുഹൃത്തുക്കൾ ആർത്തുവിളിച്ചാണ് അനൂപിനെ വരവേറ്റത്. ഫോട്ടോഗ്രാഫർമാരുടെ ഫ്ളാഷുകൾ മിന്നിമറഞ്ഞുകൊണ്ടിരുന്നു. തുടർന്ന് സന്തോഷ സൂചകമായി ലഡു വിതരണം ചെയ്തു. മായയ്ക്ക് അനൂപ് ലഡു നൽകി സന്തോഷം പങ്കുവച്ചു. ഇതിനിടെയും സെൽഫിയെടുക്കാൻ നിരവധിപ്പേരെത്തി. പിന്നീട് ചാനൽ സംഘങ്ങളുടെ അഭിമുഖമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |