തിരുവനന്തപുരം:കവിയും മുൻ ചീഫ് സെക്രട്ടറിയുമായ കെ.ജയകുമാറിന്റെ സപ്തതി ആഘോഷം 25ന് ചന്ദനലേപ സുഗന്ധം എന്ന പേരിൽ തിരുവനന്തപുരം ഭാരത് ഭവനിൽ സംഘടിപ്പിക്കും.വയലാർ രാമവർമ്മ സാംസ്കാരിക വേദി,എ.അയ്യപ്പൻ കവിതാ പഠന കേന്ദ്രം തുടങ്ങിയ സംഘടനകൾ ഭാരത് ഭവനുമായി സഹകരിച്ചാണ് ചന്ദനലേപ സുഗന്ധം സാംസ്കാരിക ദിനം ഒരുക്കുന്നത്. രാവിലെ 10ന് രബീന്ദ്രനാഥ ടാഗോറിന്റെ ഗീതാഞ്ജലിയെ അവലംബിച്ച് ജയകുമാർ വരച്ച ചിത്രങ്ങളുടെ പ്രദർശനം കേരള ലളിതകലാ അക്കാഡമി ചെയർമാൻ മുരളി ചീരോത്ത് ഉദ്ഘാടനം ചെയ്യും.പ്രമോദ് പയ്യന്നൂർ, നേമം പുഷ്പരാജ്,കാരയ്ക്കാമണ്ഡപം വിജയകുമാർ,ബി.ഡി.ദത്തൻ,റോബിൻ സേവ്യർ,റീന സുനിൽ എന്നിവർ പങ്കെടുക്കും. ഉച്ചയ്ക്ക് 2ന് നടക്കുന്ന കവി സമ്മേളനത്തിന്റെ ഉദ്ഘാടനം കവി സി.രാവുണ്ണി നിർവഹിക്കും.4ന് കെ.ജയകുമാറിനെ കുറിച്ചുള്ള ഡോക്യുമെന്ററി 'എഴുത്തുപുരയിലെ ചിത്രകാരൻ' പ്രദർശിപ്പിക്കും. 5ന് പ്രഭാവർമ്മയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന സാംസ്കാരിക സമ്മേളനം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ 'കെ.ജയകുമാർ ഒരു വിസ്മയം'എന്ന പുസ്തകം ഡോ.ജോർജ്ജ് ഓണക്കൂർ പ്രകാശനം ചെയ്യും. റാണി ജോർജ്,ഡോ.വേണു.വി,പി.വി.ഗംഗാധരൻ, ആർ.എസ്. ബാബു, മുഹമ്മദ് റിയാസ്, പ്രമോദ് പയ്യന്നൂർ, മധുപാൽ,എ.ജി.ഒലീന,ആർ.രാജ് മോഹൻ, സതീഷ് ബാബു പയ്യന്നൂർ,സെബാസ്റ്റ്യൻ,ഡോ.എ.അനിൽ കുമാർ,റോബിൻ സേവ്യർ,മണക്കാട് രാമചന്ദ്രൻ എന്നിവർ പങ്കെടുക്കും.
ടാഗോറിന്റെ കലയെയും ജീവിതത്തേയും മുൻനിറുത്തി കെ.ജയകുമാർ അനുവർത്തനം ചെയ്ത മലയാള രബീന്ദ്ര സംഗീതം ഹിന്ദുസ്ഥാനി ഗായിക മീതു പ്രസാദ് ആലപിക്കും. 7ന് സിംഫണി കൃഷ്ണകുമാർ,കെ.ജയകുമാറുമായി നടത്തുന്ന സർഗ സംവാദത്തിലൂടെ അവതരിപ്പിക്കപ്പെടുന്ന ചന്ദനലേപ സുഗന്ധം അരങ്ങേറും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |