തിരുവനന്തപുരം: ഊരാളിയുടെ സ്പാനിഷ് ഇന്ത്യൻ മിക്സ് ഗാനത്തോടെ ഇന്റർനാഷണൽ ഇൻഡീ മ്യൂസിക് ഫെസ്റ്റിവലിന് തുടക്കമായി. പിയെത്രോ നനൂചി എന്ന ഗായകനും റോക് ഫ്ളവേഴ്സ് എന്ന ഇറ്റാലിയൻ ബാൻഡും ഒരുക്കിയ മൾട്ടിഷോണർ ഹിപ്പ്ഹോപ്പിൽ പാപ്പുവ ന്യൂ ഗിനിയിൽനിന്നുള്ള ആൻസ്ലോമിന്റെ ദേശീയ സംഗീതവും പുതിയ അനുഭവമായി. ഊരാളിയുടെ ഹിറ്റ് ഗാനമായ 'വരിക വരിക പൊലിക' മുഴങ്ങുമ്പോഴേ കോവളത്തെ ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജിലെ തുറന്ന വേദിയിൽ കൂടിയ ആരാധകർ താളത്തിനൊപ്പം നൃത്തം ചവിട്ടി.
റോക് ഫ്ളവേഴ്സ് എന്ന ഇറ്റാലിയൻ ബാൻഡാണ് ഊരാളിക്ക് ശേഷം വേദിയിലെത്തിയത്.പിയെത്രോ നനൂചി നയിച്ച മൾട്ടിഷോണർ സംഗീതം മേളയ്ക്കു രാജ്യാന്തരവേദിയുടെ ഗാംഭീര്യം പകർന്നു. പുതിയകാലത്തിന്റെ തത്വചിന്തയും വികാരങ്ങളും അടങ്ങുന്ന ഗാനങ്ങളാണ് റോക് ഫ്ളവേഴ്സ് വേദിയിലെത്തിച്ചത്. പാപ്പുവ ന്യൂ ഗിനിയിൽ നിന്നുള്ള ഗായകൻ ആൻസ്ലോമും ആസ്വാദകരുടെ പ്രിയം പിടിച്ചുപറ്റി. ഗായകനായും അഭയാർത്ഥികൾക്കായുള്ള സാംസ്കാരിക വക്താവായും ആ രാജ്യത്തിന്റെ കൾച്ചറൽ അംബാസഡറായും ഒക്കെ പ്രശസ്തനാണ് ആൻസ്ലോം. അദ്ദേഹത്തിന്റെ ഹിറ്റ് ഗാനമായ 'ഐ വിൽ ലവ് യൂ' ഉൾപ്പെടെ നിരവധി ഗാനങ്ങൾ ആൻസ്ലോം ഐ.ഐ.എം.എഫ് വേദിയിൽ അവതരിപ്പിച്ചു. ആദ്യദിനത്തിലെ അവസാന പെർഫോമറായി എത്തിയ ആൻസ്ലോം പാപ്പുവാ ന്യൂ ഗിനിയൻ സംഗീതത്തിന്റെ പുത്തൻ ലോകമാണ് കോവളത്തിനായി അവതരിപ്പിച്ചത്.
അമേരിക്കൻ റോക് ഗായകനൊപ്പം വേദി പങ്കിടാൻ 16 കാരി നിവേദിത
ഇന്റർനാഷണൽ ഇൻഡീ മ്യൂസിക് ഫെസ്റ്റിവലിൽ അമേരിക്കൻ ഹാർഡ് റോക് ഗായകൻ സാമി ഷോഫിക്കൊപ്പം ഡ്രം വായിക്കുന്നത് ബംഗലൂരു സ്വദേശിയായ 16 കാരി നിവേദിതയാണ്.ഇന്ന് രാത്രി 9നാണ് ഐ.ഐ.എം.എഫിൽ ഇരുവരുടെയും കലാപ്രകടനം. മലയാളി കലാകാരായ ചന്ദന രാജേഷിന്റെ പോപ്പ് സംഗീതപ്രകടനം,താമരശേരി ചുരം ബാന്‍ഡിന്റെ മള്‍ട്ടി ഷോണർ സംഗീതം,ജോബ് കുര്യന്റെ ഫോക് സംഗീതം,സാമി ഷോഫിയുടെ പെർഫോമൻസ് എന്നിവ ഇന്ന് രാത്രി അരങ്ങേറും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |