പാലോട്: പശുവളർത്തലിൽ വിജയക്കൊടിയുമായി മലയോരമേഖല. ക്ഷീരസമൃദ്ധിയിൽ സ്വപ്നങ്ങൾ നെയ്‌തെടുക്കാനാകുന്നതിന്റെ നിറഞ്ഞ പുഞ്ചിരിയാണ് ഇവിടെയുള്ള കർഷകർക്ക്.
പാൽ ലഭ്യതയിലും പഞ്ചായത്തുകൾ ഒട്ടും പിന്നിലല്ല. വാമനപുരം നദിയുടെ പച്ചപ്പ് പ്രയോജനപ്പെടുത്തിയും കാലി പരിചരണത്തോടൊപ്പം ജൈവകൃഷിയും സംയോജിപ്പിച്ചാണ് പല കർഷകരും മുന്നോട്ടുപോകുന്നത്. ത്രിതല പഞ്ചായത്തുകളും മിൽമയും ക്ഷീര കർഷകർക്കായി വിവിധ ക്ഷേമപദ്ധതികളും നടപ്പിലാക്കുന്നുണ്ട്.
ക്ഷീരസംഘങ്ങൾ മുഖേന പാൽ ഉത്പാദന സബ്സിഡി, തൊഴുത്ത് നിർമ്മാണം, പശുവളർത്തൽ തുടങ്ങിയ പദ്ധതികൾക്ക് ധനസഹായം ലഭ്യമാക്കുന്നുണ്ട്. യുവാക്കളും ക്ഷീരമേഖലയിൽ സജീവമാണ് എന്നതാണ് ഇവിടത്തെ പ്രത്യേകത.
നാടൻ പശുക്കളെക്കാൾ സങ്കരയിനം പശുക്കളാണ് ഇവിടെ വളർത്തുന്നത്. രോഗ പ്രതിരോധശേഷിയും പാലുത്പാദനവും കണക്കിലെടുത്താണ് സങ്കരയിനങ്ങളെ വളർത്തുന്നത്. ക്ഷീരസംഘത്തിൽ നിന്ന് ശേഖരിക്കുന്ന പാൽ മിൽമയുടെ പ്ലാന്റിൽ എത്തിച്ച് ശുദ്ധീകരിച്ച് 5000 ലിറ്ററോളം പാൽ ദിനംപ്രതി കയറ്റി അയയ്ക്കുന്നു.
നന്ദിയോട് പഞ്ചായത്തിൽ മിൽമയുടെ ഏഴോളം പാൽ സംഭരണസംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട്. മിൽമ നൽകുന്ന കാലിത്തീറ്റയ്ക്ക് 1240 രൂപ മുതൽ 1400 രൂപ വരെയാണ് ഇടാക്കുന്നത്. പാൽ സബ്സിഡിയായി നാല് രൂപയോളം നൽകുന്നു. കൂടാതെ കന്നുക്കുട്ടി പരിപാലനത്തിനായി പഞ്ചായത്ത് നൽകുന്ന തീറ്റ സബ്സിഡി ക്ഷീരകർഷകർക്ക് ആശ്വാസമാണ്. കൂടാതെ ക്ഷീര സംഘങ്ങൾക്ക് ലഭിക്കുന്ന ലാഭവിഹിതത്തിൽ നിന്ന് ക്ഷീരകർഷകർക്ക് ബോണസ് വരുമാനവും നൽകുന്നുണ്ട്.
ഗുണം മുഖ്യം
ഗുണനിലവാരത്തിന്റെ അടിസ്ഥാനത്തിലാണ് കർഷകർക്ക് വില നൽകുന്നത്. ഫാറ്റിന്റെ അടിസ്ഥാനത്തിൽ 40 രൂപ മുതൽ 45 വരെ കർഷകർക്ക് വില ലഭിക്കുന്നുണ്ട്. നന്ദിയോട് ക്ഷീര സംഘത്തിൽ മാത്രം ദിവസം 1200 ലിറ്ററോളം പാൽ സംഭരണം നടക്കുന്നുണ്ട്. പ്രാദേശിക സംഘങ്ങളിൽ നിന്നുൾപ്പെടെ ശേഖരിക്കുന്ന പാൽ നന്ദിയോട് സംഘത്തിൽ മിൽമ സ്ഥാപിച്ചിട്ടുള്ള പ്ലാന്റിൽ എത്തിച്ച് ശുദ്ധീകരിച്ച് 5000 ലിറ്ററോളം പാൽ ദിനംപ്രതി മിൽമയിലേക്ക് കയറ്റി അയയ്ക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |