വിഴിഞ്ഞം: ബാങ്കിൽ നിന്ന് പണയാഭരണങ്ങൾ എടുത്ത് മടങ്ങിയ വീട്ടമ്മയെ ബൈക്കിലെത്തിയ സംഘം ആക്രമിച്ച് സ്വർണം കവർന്നു. കോട്ടുകാൽ കിടാരക്കുഴി മാവിള വീട്ടിൽ യശോദയുടെ നാല് പവന്റെ ആഭരണങ്ങളും 9000 രൂപയും മൊബൈൽ ഫോണും വച്ചിരുന്ന പഴ്സാണ് തട്ടിയെടുത്തത്. ഇന്നലെ ഉച്ചയ്ക്ക് 1ഓടെ കിടാരക്കുഴിക്ക് സമീപമായിരുന്നു സംഭവം. കിടാരക്കുഴി സർവീസ് സഹകരണ ബാങ്കിൽ നിന്ന് പണയമെടുത്ത യശോദ, ഓട്ടോയിൽ വീടിന് സമീപം ഇറങ്ങി. അവിടെ നിന്ന് ഇടവഴിയിലൂടെ നടക്കുന്നതിനിടയിൽ പുറകിലൂടെ ബൈക്കിലെത്തിയ രണ്ടംഗ സംഘത്തിലെ ഒരാൾ പഴ്സ് പിടിച്ച് പറിക്കുകയായിരുന്നു. ഇവരുടെ വിളി കേട്ട് നാട്ടുകാർ എത്തുന്നതിനിടയിൽ സംഘം ബൈക്കിൽ രക്ഷപ്പെട്ടു. വിഴിഞ്ഞം പൊലീസ് അന്വേഷണം ആരംഭിച്ചു. സമീപത്തെ സി.സി ടിവിയിൽ പ്രതികളെന്ന് സംശയിക്കുന്നവരുടെ ചിത്രങ്ങൾ പതിഞ്ഞിട്ടുണ്ടെങ്കിലും വ്യക്തതയില്ലെന്ന് പൊലീസ് അറിയിച്ചു. പ്രതികളെ കണ്ടെത്താൻ കൂടുതൽ സ്ഥലത്തെ സി.സി ടിവി ദൃശ്യങ്ങൾ പരിശോധിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |