തൃശൂർ : മലയാളികൾക്ക് മുമ്പിൽ വായനാ വസന്തം തീർത്ത അക്ഷരായനം വായനോത്സവത്തിന്റെ കുടുംബസംഗമവും അനുമോദനയോഗവും ഞായറാഴ്ച രാവിലെ 9.30ന് വിവേകോദയം ഹയർസെക്കൻഡറി സ്കൂളിൽ നടത്തുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
മന്ത്രി കെ.രാധാകൃഷ്ണൻ ഉദ്ഘാടനം നിർവഹിക്കും. ടി.എൻ.പ്രതാപൻ എം.പി മുഖ്യാതിഥിയാകും. അഡ്വ.തേറമ്പിൽ രാമകൃഷ്ണൻ ഡിജിറ്റൽ മാഗസിൻ പ്രകാശനം നിർവഹിക്കും. ഡോ.സി.രാവുണ്ണി, എ.വി.വല്ലഭൻ, ടി.വി.മദനമോഹനൻ, എൻ.എ.ഗോപകുമാർ, വി.എസ്.വിനയൻ, പൂർണിമ സുരേഷ്, മനോജ് കുമാർ, ടി.കെ.മീരാഭായ് ടീച്ചർ, വി.കെ.ഹാരിഫാബി, കെ.രാമചന്ദ്രൻ, എൻ.വേണുഗോപാൽ, എം.ജി സജീവ് മാഷ്, ടി.ഡി. രാമകൃഷ്ണൻ, ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്, രാജശ്രീ ഗോപൻ, സി.ആർ.ദാസ്, എം.ഹരിദാസ്, എൻ.രാജൻ, ഈ.ഡി.ഡേവിസ്, സുഭാഷ് മൂന്നുമുറി തുടങ്ങിയവർ പങ്കെടുക്കും. പത്രസമ്മേളനത്തിൽ ഡോ.സി.രാവുണ്ണി, കെ.എൻ.യശോധരൻ, ഡോ.ബെന്നി ജേക്കബ്ബ്, റീബ പോൾ, പി.കെ.ജയപ്രകാശ് എന്നിവർ പങ്കെടുത്തു.
ഡിജിറ്റൽ സർവേ : ഡ്രോൺ ഫ്ളൈ ഉദ്ഘാടനം ഇന്ന്
തൃശൂർ: ജില്ലയിൽ ഡിജിറ്റൽ സർവേ ആരംഭിക്കുന്നതിന്റെ ഭാഗമായി ചിയ്യാരം വില്ലേജിന്റെ ഡ്രോൺ ഫ്ളൈ ഉദ്ഘാടനം ഇന്ന് ചിയ്യാരം ക്രൈസ്റ്റ് ബിസ്ക്കറ്റ് കമ്പനി ഗ്രൗണ്ടിൽ രാവിലെ 9.30ന് റവന്യൂ മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്യും. ആദ്യഘട്ടത്തിൽ സംസ്ഥാനത്തെ 200 വില്ലേജുകളിലാണ് റീസർവേ നടത്തുന്നത്. ചിയ്യാരം വില്ലേജിൽ ഉൾപ്പെടുന്ന തൃശൂർ കോർപ്പറേഷനിലെ 22, 23, 25, 31, 32, 33, 34, 35, 42 എന്നീ ഡിവിഷനുകളിലാണ് ഡ്രോൺ സർവേക്ക് അനുയോജ്യമായ പ്രദേശമായി തെരഞ്ഞെടുത്തിട്ടുള്ളത്. വില്ലേജിലെ ബാക്കി പ്രദേശങ്ങൾ കോർസ് ആർ.ടി.കെ. ഇ.ടി.എസ് സാങ്കേതികവിദ്യകൾ വഴി പൂർത്തിയാക്കും. സർവേ പൂർത്തിയാകുന്നതോടെ ഭൂമി സംബന്ധമായ സേവനങ്ങൾക്കായി പല ഓഫീസുകളിൽ കയറിയിറങ്ങുന്നത് ഒഴിവാക്കാനും ഭൂപരാതികൾ ഓൺലൈനായി കൊടുക്കാനും പരിഹരിക്കാനും പോക്കുവരവ് നടപടികൾ വേഗത്തിലാക്കാനും സാധിക്കും.
ഒറ്റവീട് പദ്ധതി: മുഖച്ഛായ മാറ്റാൻ മാടക്കത്തറ
തൃശൂർ: ജില്ലയിൽ ഒറ്റവീട് പദ്ധതിയിലൂടെ മുഖച്ഛായ മാറ്റാനൊരുങ്ങി മാടക്കത്തറ പഞ്ചായത്ത്. പദ്ധതി പ്രകാരം മാടക്കത്തറ ഒന്നാം വാർഡ് ലക്ഷം വീട് കോളനിയിലെ ഇരട്ടവീടുകൾ ഒറ്റവീടുകളാകും. മന്ത്രി കെ.രാജന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന പദ്ധതി ജില്ലയിൽ ആദ്യം നടപ്പിലാക്കുന്നത് മാടക്കത്തറയിലാണ്. എല്ലാവർക്കും വീട് എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതി വഴി മാറ്റാംപുറത്തെ 30 ലക്ഷം വീടുകളാണ് ഒറ്റ വീടുകളാകുന്നത്. 1.20 കോടി രൂപ ചെലവഴിച്ച് ഹൗസിംഗ് ബോർഡാണ് നിർമ്മിക്കുക. 4 ലക്ഷം രൂപയാണ് ഒരു വീടിന് ലഭിക്കുക. പഞ്ചായത്തിലെ എല്ലാ ജനങ്ങളെയും ഒരേ ജീവിത നിലവാരത്തിലേക്ക് മാറ്റുമെന്നും അടിസ്ഥാന സൗകര്യം വികസിപ്പിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി രാജൻ പറഞ്ഞു.
ലക്ഷം വീട് ഒറ്റവീടാകും
കാലങ്ങളായി ഒരു വീടിന്റെ ഇരുപുറവുമായി രണ്ട് കുടുംബങ്ങൾ വീതമായി വീർപ്പുമുട്ടിയാണ് കോളനിയിൽ കഴിഞ്ഞിരുന്നത്. പരിതാപകരമായ അവസ്ഥ ശ്രദ്ധയിൽപെട്ടതിനെത്തുടർന്നാണ് ഒറ്റവീട് പദ്ധതി യാഥാർത്ഥ്യമാക്കുന്നത്. കാലപ്പഴക്കം കൊണ്ട് ജീർണ്ണാവസ്ഥയിലാണ് പല വീടുകളും. 30 വീടുകൾ പൂർത്തിയാകുന്നതോടെ ലക്ഷം വീട് കോളനി ഒറ്റവീട് കോളനിയാകും. സംസ്ഥാന ഭവന നിർമ്മാണ ബോർഡ് എം.എൻ ലക്ഷം വീട് പദ്ധതിക്കായി സ്പെഷ്യൽ ബംബർ ലോട്ടറി നടത്തി സമാഹരിച്ച തുക വിനിയോഗിച്ച് ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പുനർ നിർമ്മാണവും ഇരട്ട വീടുകൾ ഒറ്റ വീടാക്കുന്ന പദ്ധതിയും നടപ്പാക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |